മൂന്നാറില്‍ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം; കൂറ്റൻ കുരിശു നാട്ടി കൈയേറിയ പ്രദേശം ഒഴിപ്പിച്ചു തുടങ്ങി

single-img
20 April 2017

മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘമാണ് ഇന്നു രാവിലെ നടപടികള്‍ ആരംഭിച്ചത്. സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ പുറപ്പെട്ട സംഘത്തെ തടയാന്‍ വഴിയില്‍ ശ്രമങ്ങള്‍ നടന്നിരുന്നു.

സഞ്ചാരത്തിന് മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റിക്കൊണ്ടണ് സംഘം മുന്നോട്ടു പോകുന്നത്. ജെസിബി അടക്കമുളള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂസംഘം പൊഌച്ചുമാറ്റാന്‍ ആരംഭിച്ചു. അതിനെതിരെ തടസുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. ഇതു നേരത്തെ ഒഴിപ്പിക്കാന്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരെ ഗുണ്ടകള്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസ് ഉള്‍പ്പെടെയുള്ള വന്‍ സന്നാഹവുമായി കൈയേറ്റം ഒഴിപ്പിക്കല്‍ സംഘം എത്തിയത്.

ചിന്നക്കനാല്‍ ഭാഗത്ത് നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചുനല്‍കിയിട്ടില്ലാത്ത സ്ഥലത്താണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കി വച്ചിരിക്കുകയാണ്. മാത്രമല്ല ഒരു കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. മതചിഹ്നത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഭക്തിക്കച്ചവടം നടത്താനുള്ള നീക്കമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.