അദ്വാനിക്കെതിരായി മോദി ഗൂഢാലോചനനടത്തിയെന്ന ലാലുവിന്റെ പ്രസ്താവന ശരിയാകാമെന്ന് ബിജെപി എം പി വിനയ് കത്തിയാർ

single-img
20 April 2017

അദ്വാനി രാഷ്ട്രപതിയാകുന്നത് തടയാൻ വേണ്ടി മോദി നടത്തിയ ഗൂഢാലോചനയുടെ ഫലമാണു അദ്വാനിക്കെതിരായ കോടതിവിധിയെന്ന രാഷ്ട്രീയ ജനതാ ദൾ നേതാവ് ലാലുപ്രസാദ് യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ബിജെപിയുടെ രാജ്യസഭാ എം പി രംഗത്ത്. കാൺപൂരിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എം പിയും മുതിർന്ന നേതാവുമായ വിനയ് കത്തിയാർ ആണു ലാലുവിന്റെ പ്രസ്താവന ശരിയാകാം എന്നുപറഞ്ഞ് രംഗത്തെത്തിയത്.

അദ്വാനി അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ ബാബരി മസ്ജിദ് കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി സ്വാഗതാർഹമാണെന്നു പറഞ്ഞ ലാലു, സിബിഐയും പ്രോസിക്യൂട്ടിംഗ് ഏജൻസിയും പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നുകൂടി പറഞ്ഞു. സിബിഐ നൽകിയ ഹർജ്ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഈ വിധി.

“സർക്കാർ ആഗ്രഹിക്കുന്നതുമാത്രമേ സിബിഐ ചെയ്യാറുള്ളൂവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അദ്വാനി രാഷ്ട്രപതിയാകാൻ സാധയ്തയുണ്ടെന്ന പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ അതിൽ നിന്നും ഒഴിവാക്കാനുള്ള മോദിയുടെ തന്തപരമായ രാഷ്ട്രീയഗൂഢാലോചനയുടെ ഫലമാണ് സിബിഐയുടെ ഈ നടപടി,” ലാലു പറഞ്ഞു.

എന്നാൽ ലാലുവിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് വിനയ് കത്തിയാർ രംഗത്തെത്തി. ലാലു പറഞ്ഞത് ശരിയാകാൻ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അദ്വാനിയോടും മുരളീമനോഹർ ജോഷിയോടുമൊപ്പം രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്നയാളാണു വിനയ് കത്തിയാർ. ബാബരി മസ്ജിദ് ഗൂഢാലോചനയിൽ ഇദ്ദേഹത്തിനും പങ്കുണ്ടെന്നു ആക്ഷേപമുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ യുവജനസംഘടനയായ ബജ്രംഗ് ദളിന്റെ സ്ഥാപകനായ ഇദ്ദേഹം ബിജെപിയുടെ ഉത്തർപ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായും ദേശീയ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.