മുഹമ്മദ് നിഷാമിന് ഫോണ്‍ ചെയ്യാന്‍ അവസരം ഒരുക്കിക്കൊടുത്ത ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്; സാമ്പത്തിക ഭദ്രതയുള്ള പ്രതികള്‍ക്കു മുന്നില്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വ്വഹണം മറക്കുന്നു

single-img
20 April 2017

സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഫോണ്‍ ചെയ്യാന്‍ അവസരം ഒരുക്കിക്കൊടുത്ത ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ആക്ടിംഗ് കമ്മീഷന്‍ പി. മോഹനദാസാണ് ഉത്തരവിട്ടത്.

നപടി സ്വീകരിച്ച് വിശദ വിവരം മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. നിഷാമിന് ഫോണില്‍ സഹോദരങ്ങളുമായി സംസാരിക്കാന്‍ ഉദ്യോഗസ്എഥര്‍ അവസരം ഒരുക്കിക്കൊടുത്തുവെന്നാണ് ആരോപണം. തടവുശിക്ഷ അനുഭവിക്കുന്നയാള്‍ ഫോണില്‍ സംസാരിച്ചെന്ന സംഭവം ഉദ്യോഗസ്ഥരുടെ വീഴ്ചയായി കമ്മീഷന്‍ നിരീക്ഷിച്ചു.

2016 ഒക്ടോബര്‍ 21 നാണ് പ്രസ്തുത സംഭവം. നിഷാമിനെ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ ബംഗളൂരു സെഷന്‍സ് കോടതിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കൊണ്ടു പോകുമ്പോഴാണ് ഫോണ്‍ ചെയ്യല്‍ നടന്നത്. അകമ്പടി പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഷിബിന്‍ എന്ന സുഹൃത്തിന്റെ ഫോണ്‍ ഉപയോഗിച്ചു നിഷാം സഹോദരങ്ങളെ രണ്ടു തവണ വിളിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ അഴിമതിയും അനാസ്ഥയുമാണ് നിഷാമിനെപ്പോലുള്ള സാമ്പത്തിക ഭദ്രതയുള്ള പ്രതിയുടെ ഫോണ്‍ വിളിക്കു പിന്നിലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. തുമായി ബന്ധപ്പെട്ടു ജയില്‍ വകുപ്പ് മേധാവിയില്‍ നിന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഇതിനെത്തുടര്‍ന്നു ജയിലി മതിലിനു പുറത്തുനിന്ന് ജയിലില്‍ നിരോധിക്കപ്പെട്ട വസ്തുക്കള്‍ അജ്ഞാതര്‍ നിഷാമിന് എറിഞ്ഞു കൊടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നു ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ടു നല്‍കി. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടശേഷം ഉദ്യോഗസ്ഥര്‍ മിന്നല്‍പരിശോധന ഉള്‍പ്പെടെയുള്ളവ കര്‍ശനമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.