മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിൽ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി; കളക്ടറെ ശാസിച്ചതായി റിപ്പോർട്ട്

single-img
20 April 2017

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറാ‍യി വിജയൻ. വിഷയത്തില്‍ ജില്ലാ ഭരണകൂടം കുറെക്കൂടി ജാഗ്രതയും ശ്രദ്ധയും  കാണിക്കണമായിരുന്നെന്ന് മുഖ്യമന്ത്രി  പറഞ്ഞതായി റിപ്പോർട്ടുകൾ. പൊളിക്കലല്ല സര്‍ക്കാര്‍ നയമെന്നും, ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ നിലപാടറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ജില്ലാ കളക്ടറെ വിളിച്ച് ശാസിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നാര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ച ശേഷം നിയമ നടപടികൾ സ്വീകരിച്ചാൽ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൽക്കാലിക ടെന്റുകൾക്ക് തീയിട്ട നടപടിയും മുഖ്യമന്ത്രി വിമർശിച്ചു.

മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.

രാവിലെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. 25 അടി ഉയരത്തില്‍ സ്ഥാപിച്ച കുരിശിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിംഗ് മെഷീനും ജെ.സി.ബിയും ഉപയോഗിച്ചാണ് പൊളിച്ചു മാറ്റിയത്.

സ്പിരിച്വല്‍ ടൂറിസത്തിന്‍റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയത്. തൃശൂര്‍ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. കയ്യേറ്റം സംബന്ധിച്ച് ആഭ്യന്തരവകുപ്പും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.