ബാബരി മസ്ജിദ് തകർത്തത് മഹാത്മാഗാന്ധിയെ വധിച്ചതിനേക്കാൾ ഗൌരവതരമായ കുറ്റമെന്ന് അസദുദ്ദിൻ ഒവൈസി

single-img
20 April 2017

ബാബരി മസ്ജിദ് കേസിലെ കാലതാമസത്തെ വിമർശിച്ചുകൊണ്ട് ഓൾ ഇന്ത്യാ മജ്ലിസി ഇത്തഹുദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത്. ബാബരി മസ്ജിദ് തകർത്തത് മഹാത്മാഗാന്ധിവധത്തേക്കാൾ ഗൌരവതരമായ കുറ്റമാണെന്നു പറഞ്ഞ ഒവൈസി, ഈ ‘ദേശീയ അപമാന’ത്തിനു ഉത്തരവാദികളായവരാണു ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്നും ആരോപിച്ചു.

“മഹാത്മാ ഗാന്ധിവധത്തിന്റെ വിചാരണ രണ്ടുവർഷം കൊണ്ട് പൂർത്തിയായി. എന്നാൽ അതിനേക്കാൾ ഗൌരവതരമായ ബാബരി മസ്ജിദ് കേസിന്റെ വിചാരണ ഇനിയും തീരുമാനിക്കപ്പെട്ടിട്ടുകൂടിയില്ല,” ഒവൈസി പറഞ്ഞു.

ബാബരി മസ്ജിദ് കേസിൽ സിബിഐ നൽകിയ ഹർജ്ജിയിന്മേൽ  പുറപ്പെടുവിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു ഒവൈസിയുടെ പ്രസ്താവന. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, ഉമാ ഭാരതി, മുരളീ മനോഹർ ജോഷി എന്നിവരുടെ ഗൂഢാലോചനക്കുറ്റം ചുമത്താനും വിചാരണനടത്താനും നിർദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ വിധി.

“ഇപ്പോൾത്തന്നെ 24 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഗാന്ധി ഘാതകരെ വിചാരണ ചെയ്തു തൂക്കിക്കൊന്നു. എന്നാൽ ബാബരി കേസിലെ പ്രതികൾ കേന്ദ്രമന്ത്രിമാരായി. ചിലർക്കു പദ്മവിഭൂഷൺ കിട്ടി. നീതിന്യായവ്യവസ്ഥ ഇഴഞ്ഞാണു നീങ്ങുന്നത്,” ഒവൈസി പറയുന്നു.