നരസിംഹറാവുവിനു വേണ്ടി സംഘപരിവാർ നേതാക്കളുടെ രഹസ്യയോഗത്തിൽ ഒളിക്യാമറ വെച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകൾ

single-img
19 April 2017

ബാബരി മസ്ജിദ് പൊളിച്ചിട്ട് ഏകദേശം 25 വർഷമാകുമ്പോൾ വന്ന സുപ്രീം കോടതിവിധി ചർച്ചയായിരിക്കുകയാണു. എൽ കെ അദ്വാനിയും എം എം ജോഷിയും ഉമാഭാരതിയുമടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളുടെ പേരിലുണ്ടായിരുന്ന ക്രിമിനൽ ഗൂഢാലോചനാക്കേസ് പുനഃസ്ഥാപിച്ചുകൊണ്ടാ‍ണു പരമോന്നത നീതിപീഠം ഉത്തരവായിരിക്കുന്നത്. ഇനി ഈ നേതാക്കളും കർസേവകരോടൊപ്പം വിചാരണ നേരിടേണ്ടി വരും.

ബാബറി മസ്ജിദ് തകർത്തതിലും തുടർന്നുണ്ടായ കലാപങ്ങളിലും കൂട്ടക്കൊലകളിലും ബിജെപിയുടേയും ആർ എസ് എസിന്റേയും മുതിർന്ന നേതാക്കളുടെ പങ്ക് വിശദമാക്കുന്ന വിവരങ്ങളുള്ള ഇന്റലിജൻസ് ബ്യൂറോയുടേ മുൻ ജോയിന്റ് ഡയറക്ടർ ആയിരുന്ന മലോയ് കൃഷ്ണധറിന്റെ ആത്മകഥ- ഓപ്പൺ സീക്രട്സ് പ്രസിദ്ധീകരിച്ചതു 2005-ലായിരുന്നു.

ബാബറി മസ്ജിദ് തകർക്കപ്പെടുമെന്ന് മാത്രമല്ല അതിന്റെ എല്ലാ പദ്ധതികളേക്കുറിച്ചും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനു നേരത്തേതന്നെ അറിയാമായിരുന്നു എന്നും ഈ പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്.

1992 ഫെബ്രുവരി മാസത്തിൽ മുരളി മനോഹർ ജോഷിയുടെ പരാജയപ്പെട്ട ഏകതായാത്ര കഴിഞ്ഞയുടനെ സംഘപരിവാർ നടത്തിയ തന്ത്രപ്രധാനമായ രഹസ്യയോഗത്തിലെ വിവരങ്ങൾ ചോർത്താനുള്ള ചുമതല ഇദ്ദേഹത്തിനായിരുന്നു. ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, വിജയരാജ് സിന്ദിയ;  ആർ എസ് എസ് നേതാക്കളായ കെ എസ് സുദർശൻ, രാജേന്ദ്ര സിംഗ്, എച്ച് വി ശേഷാദ്രി; വി എച്ച് പി നേതാക്കളായ വിനയ് കതിയാർ, ഉമാ ഭാരതി, ചമ്പത് റോയ് എന്നിവർ പങ്കെടുത്ത യോഗമായിരുന്നു അത്. യോഗം നടക്കുന്ന മുറിയിൽ ക്യാമറകളും മൈക്കുകളും സജ്ജീകരിച്ചായിരുന്നു ഐ ബിയ്ക്കു വേൺടി എം കെ ധർ ഈ യോഗത്തിലെ വിവരങ്ങൾ ചോർത്തിയത്.

‘ഞാൻ സംഘപരിവാർ അനുഭാവിയാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഒരു വ്യക്തിയായിരുന്നു. നടക്കാൻ പോകുന്ന തെരെഞ്ഞെടുപ്പിൽ അവർ നേട്ടമുണ്ടാക്കണമെന്നു ഞാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു,’ എം കെ ധർ അദ്ദേഹത്തിന്റെ പുസ്തകത്തിൽപ്പറയുന്നു.

കൂസലില്ലാതെ ആർ എസ് എസിനെ പിന്തുണച്ചിരുന്ന തന്റെ രാഷ്ട്രീയ വിശ്വാസങ്ങളെ പ്രതിസന്ധിയിലാക്കിയ ഒരു സന്ദർഭമായിരുന്നു അതെന്ന് ധർ പറയുന്നു. പക്ഷേ ആ ദൌത്യം തന്റെ കാഴ്ച്ചപ്പടുകളെ അപ്പാടെ മാറ്റിമറിച്ചെന്നാണു അദ്ദേഹം പറയുന്നത്.

‘ആ യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഹിന്ദുത്വ സംഘടനകളോടുള്ള എന്റെ വൈകാരികമായ അടുപ്പത്തെ പിടിച്ചുലച്ചു. എന്റെ ഉള്ളിലെ മതിഭ്രമങ്ങളെ അതില്ലാതാക്കി,” അദ്ദേഹം പറയുന്നു.

ഇന്ദിരാഗാന്ധിയുടേ മരണത്തിനുശേഷം രാജ്യമാകെ ഉഗ്രമായ ഹിന്ദുത്വപരിപാടികളുമായി മുന്നോട്ട് പോകാൻ സംഘപരിവാർ തീരുമാനിച്ചിരുന്നതിന്റെ തെളിവുകൾ ഈ യോഗത്തിലെ സംഭാഷണങ്ങളിലുണ്ടെന്നു അദ്ദേഹം പറയുന്നു.

“1992 ഡിസംബറിൽ ഒരു അയോധ്യയിൽ നടപ്പാക്കാനുള്ള ഒരു പ്രളയനൃത്തത്തിന്റെ സംവിധാനമാണു ആ യോഗത്തിൽ നടന്നത്,” അദ്ദേഹം എഴുതുന്നു.

എല്ലാ സംഘപരിവാർ സംഘടനകളും അവരുടെ ജോലികൾ ഏകോപിപ്പിക്കണമെന്ന് നേതാക്കൾ ഈ യോഗത്തിൽ പറഞ്ഞു. ആർ എസ് എസ് നേതാവ് ഗോവിന്ദാചാര്യയുമായുള്ള പ്രണായത്തിൽ നിന്നും ദൌത്യം കഴിയുന്നതുവരെ മാറിനിൽക്കാൻ ഉമാഭാരതിയ്ക്കു കർശനനിർദ്ദേശവും ലഭിച്ചു.

യോഗം നടന്ന് രണ്ടുദിവസത്തിനു ശേഷം ഈ കെട്ടിടത്തിനുള്ളിൽ ഒളിച്ചുകടന്നു ക്യാമറകളും മൈക്കുകളും എടുത്തശേഷം തെളിവുകൾ താൻ ഐബിയുടെ മേധാവിയ്ക്ക് കൈമാറിയതായും അദ്ദേഹം പറയുന്നു.

“അദ്ദേഹമിതു തീർച്ചയായും പ്രധാനമന്ത്രിയ്ക്കും ആഭ്യന്ത്രമന്ത്രിയ്ക്കും കൈമാറിയിട്ടുണ്ടാകും,” ധർ പറയുന്നു.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവുവിനു നടക്കാൻ പോകുന്ന കർസേവയുടെ പദ്ധതികൾ സൂക്ഷ്മതലത്തിൽ നേരത്തേതന്നെ അറിയാമായിരുന്നു എന്നതിന്റെ തെളിവാണിത്. രാമക്ഷേത്രനിർമ്മാണാത്തിനും സംഘപരിവാർ അജണ്ടയ്ക്കും റാവു അനുകൂലമായിരുന്നു എന്നതിന്റെ നിർവധി ചരിത്രരേഖകൾ ലഭ്യമാണു. 1992 നവംബർ 23-നു വിളിച്ചുചേർത്ത നാഷണൽ ഇന്റഗ്രേഷൻ കൌൺസിലിൽ റാവു പറഞ്ഞ വാചകം മാത്രം മതി ഇതിനു തെളിവായി.

“അയോധ്യയിൽ മഹാക്ഷേത്രം നിർമ്മിക്കണം എന്നകാര്യത്തോട് എല്ലാവർക്കും യോജിപ്പുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ ഞാനത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടിസ്ഥാന ആവശ്യത്തോട് ആരും വിയോജിക്കും എന്നെനിക്കു തോന്നുന്നില്ല.”