ബീഫിനെ പ്രോത്സാഹിപ്പിക്കുന്ന മമതയെ പുരി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് പുരോഹിതര്‍; തെല്ലും കൂസാതെ മമത: ഒരിക്കല്‍ കൂടി രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കുന്നുവെന്ന് തൃണമൂല്‍

single-img
19 April 2017

ഒഡീഷ : ബീഫിനെ പ്രോത്സാഹിപ്പിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു പുരോഹിതര്‍. നാലു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പുരി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ബുധനാഴ്ച മമതയെത്തുന്നത്.

മമത ബാനര്‍ജി ബംഗാളില്‍ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പുരോഹിതരുടെ വാദം. ബംഗാളില്‍ ഒരിക്കലും ബീഫ് നിരോധനം നടപ്പിലാക്കില്ലെന്ന് പല തവണ മമത പറഞ്ഞിട്ടുണ്ട്. പല തവണ മുസ്ലിം പള്ളിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടവര്‍. ഇതെല്ലാം ജഗന്നാഥ ഭഗവാന്റെ സംസ്‌കാരത്തിന് എതിരാണ്. അത് കൊണ്ട് തന്നെ മമത ബാനര്‍ജിയെ എന്തു വില കൊടുത്തും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് ശ്രീ ജഗന്നാഥ് സേവായത് സമ്മിലാനി സെക്രട്ടറി സോമനാഥ് കുന്ദിയ പറഞ്ഞു.

ഇതിനെതിരെ ശക്തമായ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.’പുരിയിലെ പുരോഹിതര്‍ മമതയെ എതിര്‍ക്കുക മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോഡിയുെട ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കുന്നത് കാണേണ്ടി വരും. ദൗര്‍ഭാഗ്യകരമാണത്. ദുഷ്ട ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ഒരുമിക്കേണ്ട സാഹചര്യമാണുള്ളത്.ഇവര്‍ മമതയെ മാത്രമല്ല ബംഗാള്‍ ജനതയെക്കൂടിയാണ് എതിര്‍ക്കുന്നതെന്നും’ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുകേന്ദു ശേഖര്‍ റോയ് പറഞ്ഞു.

വിവാദ പ്രസ്താവനയുടെ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് മമത ബാനര്‍ജിക്ക്് പൊലീസ് ഒരുക്കിയിട്ടുള്ളത്. സെഡ് പ്ലസ് സുരക്ഷ മമത ബാനര്‍ജിക്ക് ഉണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.