കഴിഞ്ഞ ഓണക്കാലത്ത് ധാന്യക്കിറ്റുകളുമായി എത്തുമ്പോള്‍ തകര്‍ന്ന വീടിനു മുന്നില്‍ പകച്ചു നിന്ന കുരുന്നുകള്‍ക്ക് സേവാഭാരതി ഒരു വാക്കു നല്‍കിയിരുന്നു; അടുത്ത ഓണം സ്വന്തം വീട്ടിലാഘോഷിക്കാമെന്നുള്ള ആ വാക്ക് യാഥാര്‍ത്ഥ്യമാകുന്നു

single-img
18 April 2017

ചവറ: മൂന്ന് മാസം കുടെ കഴിഞ്ഞാല്‍ തങ്ങള്‍ അന്തിയുറങ്ങുക അടച്ചുറപ്പുള്ള തങ്ങളുടെ പുതിയ വീട്ടിലാണെന്നറിഞ്ഞ പാറുവിനും കുഞ്ഞാറ്റയ്ക്കും വൈഗക്കും ഇത് സന്തോഷത്തിന്റെ നാളുകള്‍. ചവറ സേവാഭാരതിയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായൊരുങ്ങുന്ന വീടിന്റെ പണികള്‍ ഏകദേശം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

തകര്‍ന്നുവീണ വീടിനു മുന്നില്‍ തങ്ങളുടെ മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം നിസ്സഹായരായി നോക്കി നില്‍ക്കാനായിരുന്നു ചവറ പട്ടത്താനം സൊസൈറ്റി മുക്കിന് സമീപം ചാമക്കാല കിഴക്കതില്‍ അജീഷിന്റയും അംബികയുടെയും വിധി. ഇവര്‍ക്കിടയിലേക്കാണ് സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സുമനസ്സുമായി ചവറ സേവാഭാതരി പ്രവര്‍ത്തകര്‍ എത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഒരു ഓണക്കാലം.സൗജന്യ അരി വിതരണത്തിനിറങ്ങിയതാണ് ചവറ സേവാഭാരതി പ്രവര്‍ത്തകര്‍. പക്ഷേ അരിയുമായി വീടുകള്‍ തോറും കയറിയിറങ്ങുന്ന അവര്‍ക്ക് കാണേണ്ടി വന്നത് മഴയത്ത് നിലം പതിച്ച തങ്ങളുടെ കൂരക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന ഈ കുടുംബത്തെ ആയിരുന്നു.

ആ കാഴ്ച അവരെ വല്ലാതെ വേദനിപ്പിച്ചു.ഇവരുടെ അടുത്ത ഓണാഘാഷം അവരുടെ സ്വന്തം വീട്ടിലായിരിക്കണമെന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു സേവാഭാാരതി പ്രവര്‍ത്തകര്‍ അന്നവിടെനിന്നും പടിയിറങ്ങിയത്.

പിന്നീടങ്ങോട്ട് എല്ലാം പെട്ടെന്നായിരുന്നു.ഇവര്‍ക്ക് വീടൊരുക്കുന്നതിനായി ഭരണിക്കാവ് രാജന്‍, ഡോക്ടര്‍മാരായ ശ്രീകുമാര്‍, ജയറാം,ബാലഗോപാല പ്രസാദ്, സോമന്‍, വിനോദ്, സുരേഷ് അമൃതാലയം ദിലീപ്, നന്ദുകുമാര്‍ രാജന്‍ കല്ലേക്കുളം തുടങ്ങിയ മുപ്പത് പേരടങ്ങുന്ന ഒരു കമ്മിറ്റി രൂപവത്കരിച്ച് വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍്. ആരംഭിക്കുകയായിരുന്നു.സ്വന്തം ജോലികള്‍ മാറ്റിവെച്ചാണ് ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്‌നത്തിനു വേണ്ടി ഇവര്‍ പ്രവര്‍ത്തിച്ചത്.

നാലു മുറികളുള്ള വീടിന്റെ പണികള്‍ ഏകദേശം പൂര്‍ത്തിയായിരിക്കുകയാണിപ്പോള്‍.3 മാസം കൊണ്ട് കുടുംബത്തിന് താക്കോല്‍ കൈമാറാനാകുമെന്നാണ് സേവാഭാരതി സംഘത്തിന്റെ പ്രതീക്ഷ.