ശശികലയുടെ രാജിയില്‍ കുറഞ്ഞു മറ്റൊന്നും അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ഒ. പനീര്‍ശെല്‍വം; സ്ഥാനമാനങ്ങള്‍ വാങ്ങിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിനോടു താല്‍പര്യമില്ല

single-img
18 April 2017

എ.ഐ.എ.ഡി.എം.കെയിലെ പനീര്‍ശെല്‍വം പളനിസ്വാമി വിഭാഗങ്ങള്‍ ഒന്നിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാട് കടുപ്പിച്ച് ഒ പനീര്‍ശെല്‍വം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വി.കെ.ശശികല രാജിവയ്ക്കണമെന്നും ഇവരുടെ ബന്ധുക്കളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒ.പനീര്‍ശെല്‍വം വീണ്ടും പ്രഖ്യാപിച്ചു. ഇടഞ്ഞു നില്‍ക്കുന്ന പനീര്‍ശെല്‍വത്തിന് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാന്‍ തയാറാണെന്ന ടി.ടി.വി.ദിനകരന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുല ഒ.പി.എസ് പക്ഷം തള്ളിക്കളയുകയായിരുന്നു.

ഇടഞ്ഞു നില്‍ക്കുന്ന ഒ.പി.എസ് പക്ഷത്തെ അനുനയിപ്പിക്കാന്‍ രാവിലെ ചെന്നൈയില്‍ ഇരുപക്ഷവും യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം വൈകിട്ട് ഒ.പി.എസുമായി ശശികല പക്ഷം ചര്‍ച്ച നടത്താനും ധാരണയായിരുന്നു. എന്നാല്‍ ഉപാധികളൊന്നും ഇല്ലാതെ ഒ.പി.എസ് പക്ഷക്കാര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്ന് ശശികല പക്ഷം പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്. ശശികല പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നവരെയും അംഗീകരിക്കില്ലെന്നും ജയലളിത മരിച്ച സമയത്ത് ദിനകരന്‍ പാര്‍ട്ടിയംഗം പോലും ആയിരുന്നില്ലെന്നും ഒപിഎസ് പറഞ്ഞു.

നിലവിലെ എ.ഐ.എ.ഡി.എം.കെ ഭാരവാഹികളുടെ നിയമനങ്ങള്‍ അനധികൃതമാണ്. ജയലളിതയുടെ സമാധിയില്‍ പ്രഖ്യാപിച്ച നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ശശികലയെയും കൂട്ടാളികളെയും പുറത്താക്കണമെന്ന് പറയുന്നതെന്നും ഒ.പി.എസ് വ്യക്തമാക്കി.