കോടിയേരിയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ നൌഷാദ് ബാഖവിയ്ക്ക് സമസ്തയുടെ നോട്ടീസ്

single-img
18 April 2017

e k samasthaസിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസംഗം നടത്തിയ മതപ്രഭാഷകൻ നൗഷാദ് ബാഖവിക്ക് കാരണം കാണിക്കൽ നോട്ടീസ്. കേരള ജംഇയ്യത്തുല്‍ ഉലമയുടെ  പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് നോട്ടീസയച്ചിരിക്കുന്നത്. സമസ്തയുടെ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് നൗഷാദ് ബാഖവി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സന്യാസിയുമായ യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും മലപ്പുറം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ താരതമ്യം ചെയ്തിരുന്നു. ഇതിനെതിരെയാണ് തന്റെ പ്രസംഗത്തിലൂടെ നൗഷാദ് ബാഖവി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്ന ബോധം കോടിയേരിയുടെ മനസിലുളളത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്.പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറഞ്ഞാല്‍, തങ്ങളുടെ അനുവാദം പോലും ചോദിക്കാന്‍നില്‍ക്കൂല്ല. അബു ഉബൈദത്ത് ബിന്‍ ജറാഹിന്റെ ചരിത്രം പറഞ്ഞപോലെ, സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നുവെന്നും നൗഷാദ് ബാഖവി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ ബി.ജെ.പി ഉപയോഗിക്കുന്നതും മുസ്ലിം ലീഗ് പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നതും ഒരു പോലെയാണെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ വര്‍ഗീയത വളര്‍ത്തുകയാണ്. നിരവധി പളളികളില്‍ ഖാദിയായ പാണക്കാട് തങ്ങളെ നേതാവാക്കി മുസ്ലിം ലീഗ് വളര്‍ത്തുന്ന രാഷ്ട്രീയവും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമായിരുന്നു കോടിയേരി പറഞ്ഞിരുന്നത്.