വർഗീയത എന്നത് അന്യനെ ആയുധമുപയോഗിച്ച് നേരിടൽ മാത്രമല്ല, മതം എന്ന കണ്ണട വെച്ചല്ലാതെ ലോകത്തെ കാണാൻ കഴിയാത്ത അവസ്ഥ കൂടിയാണ്

single-img
18 April 2017

അഭയങ്കാർ അഭയ്

മലപ്പുറം തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും വിലയിരുത്തലുകളും അവസാനിക്കുന്നില്ല . സി. പി. എം സ്ഥാനാർഥി ഫൈസൽ ലീഗിന്റെ വിജയം വർഗീയതയുടെ വിജയമാണ് എന്ന് പറയുക കൂടി ചെയ്തതോടെ അതങ്ങനെയല്ല എന്ന് വിശദീകരിക്കാൻ ശ്രമിക്കുന്നതാണ് ഈ നിരീക്ഷണങ്ങളിൽ അധികവും. മലപ്പുറം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരിക്കെ അവിടെയുള്ള ഒരു മുസ്ലിം സാമുദായിക പാർട്ടി വിജയിക്കുന്നതിൽ അത്കൊണ്ട് മാത്രം വർഗീയത കാണേണ്ട കാര്യവുമില്ല . പക്ഷെ ചില കാര്യങ്ങളെ അങ്ങനെയങ്ങു തള്ളിക്കളയാനും കഴിയില്ല .

കുഞ്ഞാലിക്കുട്ടിയുടെ തെരെഞ്ഞെടുപ്പ് വിജയം കൊണ്ട് ആർക്കാണ് നേട്ടമുണ്ടാവുന്നത്?? മുസ്ലിം ലീഗിനും യു.ഡി എഫിനും പ്രത്യേകിച്ചെന്തെങ്കിലും നേട്ടമുണ്ടാക്കാനായിട്ടുണ്ടോ ? നിയമസഭയിൽ ഇരിക്കുന്ന അതേ സുഖ ശീതളിമയോടെ കുഞ്ഞാലിക്കുട്ടി സാഹിബിനു ലോകസഭയിൽ ഇരിക്കാം . മലപ്പുറത്ത് നിന്ന് കാറിലോ ട്രെയിനിലോ തിരുവനന്തപുരത്ത് പോകുന്നതിലും എളുപ്പത്തിൽ കരിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാം എന്നതൊഴിച്ചാൽ വേറെ നേട്ടമൊന്നും അങ്ങേർക്കും ഇല്ല (ശമ്പളവും പെൻഷനും കൂടുതൽ കിട്ടുമായിരിക്കും കുഞ്ഞാലിക്കുട്ടിസാഹിബിന്‌ അത് കിട്ടിയിട്ട് വേണ്ട ജീവിക്കാൻ എന്നതിനാൽ അതും നേട്ടമായി എണ്ണേണ്ട കാര്യമില്ല ) . സി.പി. എമ്മിന് കുറച്ചു വോട്ടു കൂടി എങ്കിലും ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചില്ല എന്നതിനാൽ വേറെ പ്രത്യേകിച്ച് ലാഭവും നഷ്ടവും ഒന്നുമില്ല . വെൽഫെയർ പാർട്ടി എസ് ഡി പി ഐ എന്നീ ഈർക്കിലി പാർട്ടികൾക്ക് ഒന്നും കുഞ്ഞാലിക്കുട്ടിയോട് മുട്ടാൻ പോലും പറ്റിയിട്ടും ഇല്ല.  പിന്നെ ഉള്ളത് ബി. ജെ.പിയാണ് വോട്ട് വിഹിതം കുറഞ്ഞു എന്നൊക്കെ തോന്നുമെങ്കിലും നേട്ടമുണ്ടാക്കാൻ പോവുന്നത് അവരാണ്. എങ്ങനെയെന്ന് നോക്കാം .

മുസ്ലിം ലീഗ് ആണെങ്കിലും സി.പി എം ആണെങ്കിലും മലപ്പുറത്തെ രാഷ്ട്രീയം മതത്തിനു ചുറ്റും കറങ്ങുന്ന ഒന്നാണ്. വികസനമോ വിദ്യാഭ്യാസമോ സ്ത്രീശാക്തീകരണമോ ഒന്നും ഈ പിന്നോക്ക ജില്ലയിൽ വിഷയമേയല്ല ( അടുത്ത കാലത്തായി ഉണ്ടായ നേട്ടങ്ങൾ ഒന്നും സർക്കാർ തലത്തിൽ നടപ്പിലായ ഏതെങ്കിലും പദ്ധതികളുടെ വിജയമല്ല, മറിച്ചു പ്രവാസം കൊണ്ടുണ്ടായ സാമ്പത്തിക നേട്ടവും അത് കാരണം കൊണ്ട് തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കുന്നതും എല്ലാമാണ്. ) മതം തന്നെയാണ് അവിടെ പ്രധാന വിഷയം . വാർദ്ധക്യത്തിന്റെ അവശതയിൽ നടക്കാൻ പോലും പ്രയാസപ്പെട്ട് തെരെഞ്ഞെടുപ്പിനെ നേരിട്ട ഇ. അഹമമ്മദിനെ റെക്കോർഡ് ഭൂരിപക്ഷം നൽകി മലപ്പുറത്ത്കാർ വിജയിപ്പിച്ചത് മറുഭാഗത്ത് തട്ടമിടാത്ത പുരോഗമന ചിന്താഗതിക്കാരിയായ സൈനബ ടീച്ചർ ആയത് കൊണ്ടായിരുന്നു. അല്ലാതെ അവർ ലീഗിന് മാത്രം വോട്ടു ചെയ്യുന്നവർ ആയത് കൊണ്ടല്ല . യാഥാസ്ഥിതിക ചിന്ത വെച്ച് പുലർത്തുന്ന മതവിശ്വാസിയായ ടി. കെ ഹംസയെ മലപ്പുറത്തുകാർ ലീഗിനെ മറന്നും വിജയിപ്പിച്ചതാണ് എന്നും ഓർക്കണം. ഹംസയെ മാത്രമല്ല മതം മുറുകെ പിടിക്കുന്ന പലരെയും മലപ്പുറത്തെ വോട്ടർമാർ പാർട്ടി നോക്കാതെ വിജയിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടെങ്കിൽ മുസ്ലിമല്ലാത്ത സ്ഥാനാർഥികളെയും അവർ പിന്തുണക്കാറും ഉണ്ട്. അത്കൊണ്ട് മുസ്ലിം ലീഗ് എന്ന പാർട്ടിയാണ് മലപ്പുറത്തെ പ്രധാന പ്രതിഭാസം എന്ന് കരുതുന്നവർ ആനയുടെ വാല് മാത്രം ‘കണ്ട’ അന്ധനെപ്പോലെയാണ് എന്ന് പറയേണ്ടി വരും.

പൊതുവെ മറ്റുപാർട്ടികൾ കരുത്തരായ സ്ഥാനാർത്ഥികളെ നിർത്താത്തത് കൊണ്ടും മലപ്പുറത്ത് വിജയ സാധ്യത ഇല്ല എന്ന് മനസ്സിലാക്കി വെച്ചിരിക്കുന്നത് കൊണ്ട് തണുപ്പൻ പ്രചാരണം നടത്തുന്നതും പാണക്കാട്ടെ തങ്ങന്മാരെ മുന്നിൽ നിർത്തി ലീഗ് സാമുദായിക കാർഡുകൾ കളിക്കുന്നതും കൊണ്ടാണ് ലീഗിന് അവിടെ അപ്രമാദിത്വം കൈവന്നത്. കൈമെയ്മറന്നു പ്രവർത്തിച്ചാൽ ലീഗിനെ തറപറ്റിക്കാം എന്ന് ഇടത് പക്ഷം മലപ്പുറത്ത് തെളിയിച്ചതുമാണല്ലോ. പക്ഷെ മതം വിഷയമാവുംപോൾ വേറെ എന്തൊക്കെ പ്രശ്നമുണ്ടായാലും എത്രമാത്രം ആരോപണ വിധേയനായ സ്ഥാനാർഥി ആയാലും മുസ്ലിം ലീഗിന് തന്നെയായിരിക്കും മലപ്പുറത്തെ വോട്ടർമാർ വോട്ടു ചെയ്യുന്നത് എന്ന് കാണാം. ആ വികാരത്തെ മുതലെടുക്കാൻ വേണ്ടിത്തന്നെയാണ് തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം അണികൾ കൂട്ടത്തോടെ ‘അല്ലാഹുഅക്ബർ’ എന്ന് തക്ബീർ മുഴക്കിയത് .വേറെ ഏതെങ്കിലും മണ്ഡലത്തിൽ ആണെങ്കിൽ ലീഗിങ്ങനെ ചെയ്യുകയും ഇല്ലായിരുന്നു.

ഉത്തരേന്ത്യയിലെ പശു ബെൽറ്റിൽ ഹിന്ദു വികാരം ആളിക്കത്തിച്ച് വോട്ടു തേടുന്ന ബി.ജെപിയും ഇതൊക്കെ തന്നെയല്ലേ ചെയുന്നത് ? അവർ എസ് .പിക്കും ബി എസ് പി ക്കും കോൺഗ്രസ്സിനും വോട്ട് ചെയ്യാറുണ്ട് എന്നത് കൊണ്ട് ചില തെരഞ്ഞെടുപ്പിലെ വർഗീയത കാണാതിരിക്കാൻ കഴിയില്ലല്ലോ? അത് പോലെ സംഘപരിവാറും അതേ ആരോപണം ഉന്നയിക്കുന്നു എന്നതിനാൽ മാത്രം ചില കാര്യങ്ങൾ വിളിച്ചു പറയാതിരിക്കാനും കഴിയില്ല. മതം പൊതുജീവിതത്തിന്റെയും സ്വകാര്യ ജീവിതത്തിന്റെയും സിംഹഭാഗത്തെയും നിയന്ത്രിക്കുന്ന ഒരു പ്രദേശത്ത് തെരെഞ്ഞെടുപ്പിൽ മാത്രം മതം കയറിവരാതിരിക്കുകയും ഇല്ല.

വർഗീയത എന്ന് പറയുന്നത് അന്യനെ ആയുധമുപയോഗിച്ച് നേരിടുന്നത് മാത്രമല്ല, മതം എന്ന കണ്ണട വെച്ചല്ലാതെ ലോകത്തെ കാണാൻ കഴിയാത്ത അവസ്ഥ കൂടിയാണ് . അത് കൊണ്ടാണ് പറയുന്നത് ഈ വിജയം ലീഗിന്റേയോ യു.ഡി എഫിന്റെയോ കുഞ്ഞാലിക്കുട്ടിയുടെ തന്നെയോ വിജയം മാത്രമല്ല വർഗീയമായ ഏകീകരണത്തിന്റെ വിജയം കൂടിയാണ്. സ്വന്തം സാമുദായത്തിലെ സ്ഥാനാർത്ഥി എത്ര കൊള്ളരുതാത്തവനായാലും ന്യൂനപക്ഷക്കാർ ഒറ്റക്കെട്ടായി അവരുടെ കൂടെയുണ്ടാവും എന്ന സന്ദേശം അത് നൽകുന്നുണ്ട് . അത് ബി. ജെ. പിക്ക് മറ്റു ജില്ലകളിൽ മുതലെടുക്കാൻ സഹായിക്കുന്ന ഒന്നാണ് . പൊതുവെ മുസ്ലിം ലീഗിനോടും കേരള കോൺഗ്രസ്സിനോടും ഭൂരിപക്ഷസമുദായത്തിന് ഇങ്ങനെയൊരു അവജ്ഞയുണ്ട്.  ഈ രണ്ടു പാർട്ടികളെ ചൂണ്ടിക്കാണിച്ചാണ് വർഗീയതയില്ലാത്ത ഹിന്ദുക്കളുടെ കൂടി സപ്പോർട് ബി.ജെ. പി. നേടിയെടുക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ വിജയം ആ പ്രചാരണത്തിന് അവരെ സഹായിക്കുക തന്നെ ചെയ്യും. വികസനമോ അഴിമതിയോ ഒന്നും വിഷയമല്ലാത്ത , സ്വന്തം സമുദായം ജാതി എന്നീ പരിഗണനകൾ മാത്രമുള്ള തെരെഞ്ഞെടുപ്പുകൾ മലപ്പുറം കടന്ന് കേരളം മുഴുവൻ വ്യാപിക്കും. അത് ബി.ജെപിക്ക് മാത്രമാവും ഗുണം ചെയ്യുക. അതിന് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി വിജയിക്കേണ്ടത് ബി.ജെ.പിക്ക് ആവശ്യവുമായിരുന്നു എന്ന് കൂടി പറയാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ ന്യൂനപക്ഷ വർഗീയപാർട്ടികൾ വളരുമ്പോൾ കൂടെ വളരുന്നത് ഭൂരിപക്ഷ വർഗീയ പാർട്ടികളാണ്. തകരുന്നത് മതേതര കക്ഷികളും . ( അത് ഇടത്പക്ഷം ആയാലും കോൺഗ്രസായാലും)