അറസ്റ്റിലായ വിജയ് മല്യയ്ക്കു ജാമ്യം ലഭിച്ചു; മല്യ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത് വെറും മൂന്നുമണിക്കൂറുകള്‍ മാത്രം

single-img
18 April 2017

ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മല്ല്യക്ക് കോടതി ജാമ്യം അനുവദിച്ചു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസാണ് മല്ല്യയെ അറസ്റ്റ് ചെയ്തത്. മൂന്നു മണിക്കൂറാണ് മല്ല്യ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്.

ബ്രിട്ടീഷ് സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് മല്ല്യയെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. പിന്നീട് സെന്‍ട്രല്‍ ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ഇയാളെ പോലീസ് ചോദ്യം ചെയ്തു.

മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മല്ല്യക്ക് ജാമ്യം നല്‍കിയത് സ്വാഭാവിക നടപടിയാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളേ ബ്രിട്ടനില്‍ മല്ല്യക്ക് എതിരെ ചുമത്തിയിരുന്നുള്ളൂ.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി മല്യ ബാങ്കില്‍ നിന്നും വായ്പയായി വന്‍തുകകളാണ് വാങ്ങിയിരുന്നത്. എന്നാല്‍ 2012ല്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് വന്‍ നഷ്ടത്തിലാവുകയും പിന്നാലെ പൂട്ടുകയുമായിരുന്നു. തുടര്‍ന്ന് ലോണുകള്‍ അടക്കാതെ മല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു.