പശുവിന്റെ പേരിലുള്ള അക്രമം കേരളത്തിലും: ഈസ്റ്ററിനു മാടിനെ അറുത്തതിനു ഗൃഹനാഥനു വധഭീഷണി

single-img
18 April 2017

ഗോരക്ഷയും സമാന്തര പോലീസിംഗുമെല്ലാം ഉത്തരേന്ത്യയിലല്ലേ എന്നു കരുതി സമാധാനിക്കേണ്ട. ഈസ്റ്റർ ആവശ്യത്തിനായി മാടിനെ അറുത്ത ഗൃഹനാഥനെ ആർ എസ് എസ് പ്രവർത്തകർ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തുകയും മേശപ്പുറത്ത് വെച്ചിരുന്ന ഇറച്ചിയിൽ മണ്ണുവാരിയിട്ടു ഉപയോഗശൂന്യമാക്കുകയും ചെയ്തതായി പരാതി.

എറണാകുളം കരുമാലൂർ പഞ്ചായത്തിലെ കാരുകുന്നിലുള്ള വീട്ടിലാണു ഗോരക്ഷയുടെ പേരിൽ ആർ എസ് എസുകാർ അക്രമം നടത്തിയത്. കാരുകുന്ന് കല്ലറയ്ക്കൽ വീട്ടിൽ ജോസ് എന്നയാളുടെ വീട്ടിലെത്തിയ ആർ സ് എസ് സംഘം പശുവിനെക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ശേഷം മേശപ്പുറത്ത് വച്ചിരുന്ന ഇറച്ചിയില്‍ മണ്ണു വാരിയിട്ട് ഉപയോഗശൂന്യമാക്കി. ഇറച്ചി അവിടെത്തന്നെ ഉടൻ കുഴിച്ചിടണമെന്ന് ആജ്ഞാപിച്ച ആർ എസ് എസ് അക്രമിസംഘം സമീപത്തുണ്ടായിരുന്നവരെയെല്ലാം വിരട്ടിയോടിക്കുകയും ചെയ്തു.

ശനിയാഴ്ച്ച ഉച്ചയോടെയാണ് ഈസ്റ്റര്‍ ആവശ്യത്തിനായി മാടിനെ അറുത്തത്. പ്രസവിക്കില്ലെന്ന് അറിഞ്ഞതോടെയാണ് മൂന്നു വയസ്സ് പ്രായമുള്ള പശുവിനെ ഇറച്ചിക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

സംഘപരിവാറിന്റെ ഭീഷണിയിൽ ഭയന്നുപോയ ജോസ് ആദ്യം പരാതിപ്പെടാൻപോലും മടിച്ചു. പിന്നീട് ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആലുവ വെസ്റ്റ് എസ് ഐ അനിൽകുമാർ ഇ വാർത്തയോട് പറഞ്ഞു.

പ്രതികൾക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 447 (അതിക്രമിച്ചു കടക്കൽ), 427( നാശനഷ്ടങ്ങളുണ്ടാക്കൽ), 294, 294(B) (അസഭ്യം പറയുകയോ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയോ ചെയ്യുക), 147 (കലാപമുണ്ടാക്കൽ), 149 (സംഘം ചേർന്ന് അതിക്രമം) എന്നീ വകുപ്പുകൾ ചുമത്തിയതായും അദ്ദേഹം അറിയിച്ചു.