മരാണാസന്നനായ കൊച്ചുമകനെ ഒരു നോക്കുകാണാന്‍ ആഗ്രഹിച്ച വൃദ്ധദമ്പതിമാര്‍ക്കു വേണ്ടി വിമാനം തിരിച്ചറക്കി അബുദാബിയുടെ വിമാന സര്‍വ്വീസായ എത്തിഹാദ്

single-img
18 April 2017

ലോകത്തിനു മുന്നില്‍ ആകാശത്തോളം ഉയര്‍ന്നു അബുദാബിയുടെ വിമാന സര്‍വ്വീസായ എത്തിഹാദ്. മരണാസന്നനായ കൊച്ചുമകനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ച വൃദ്ധ ദമ്പതികള്‍ക്കായി ടേക്ക് ഓഫിനൊരുങ്ങിയ വിമാനം തിരിച്ചിറക്കിയാണ് എത്തിഹാദ് ലോകത്തിനു മുന്നില്‍ മാതൃകയായത്.

മാര്‍ച്ച് 30നാണ് പ്രസ്തുത സംഭവം. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അബുദാബി വഴി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ട വിമാനമാണ് വൃദ്ധദമ്പതികളുടെ ആവശ്യത്തെ തുടര്‍ന്നു തിരിച്ചിറക്കിയത്. വിമാനത്തില്‍ കയറിയപ്പോള്‍ മാത്രമാണ് തങ്ങളുടെ കൊച്ചുമകന്റെ ആരോഗ്യ നിലയെപ്പറ്റി ആ വൃദ്ധദമ്പതികള്‍ അറിഞ്ഞത്. വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിന്റെ നിര്‍ദ്ദേശപ്രകാരം ഫോണിലെ ഇന്റര്‍നെറ്റ് ഓഫാക്കാന്‍ ഒരുങ്ങിയ സമയത്താണ് ‘കൊച്ചുമകന്‍ അത്യാസന്ന നിലയിലാ’ണെന്ന മരുമകന്റെ സന്ദേശം അവര്‍ കാണുന്നത്.

എന്നാല്‍ ആ സമയം വിമാനം ടേക്ക് ഓഫിനൊരുങ്ങിയിരുന്നു. തങ്ങളുടെ കൊച്ചുമകന്റെ അവസ്സഥ വിവരിച്ച് തിരിച്ചിറക്കാന്‍ കഴിയുമോ എന്നു ദമ്പതികമാര്‍ ആവശ്യപ്പെട്ടപ്പോള്‍ പൈലറ്റുമാര്‍ പൂര്‍ണ്ണമനസ്സോടെ സമ്മതിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് അധികൃതരുമായി സംസാരിച്ച് വിമാനം ബോര്‍ഡിങ് ഗേറ്റിലേക്ക് തിരിച്ചെത്തിച്ചു. ഇതിനിടെ ദമ്പതിമാരെ എത്രയും വേഗം സ്ഥലത്ത് എത്തിക്കാനായി ഒരു കാറും എയര്‍ലൈന്‍ സ്റ്റാഫ് എയര്‍പോര്‍ട്ടില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു.

മറ്റൊന്തിനെക്കാളും വലുത് മനുഷ്യത്വമാണെന്നു കാട്ടിത്തന്ന എത്തിഹാദിന് സംഭവം പുറത്തറിഞ്ഞതോടെ അഭിനന്ദനപ്രവാഹങ്ങളാണ്. എന്നാല്‍ ഇതിനിടെ ദമ്പതികളുടെ പേരക്കുട്ടി മാര്‍ച്ച് 31ന് ആശുപത്രി കിടക്കയില്‍ മരണപ്പെട്ടിരുന്നു.

അന്ന് യാത്ര റദ്ദ് ചെയ്ത ദമ്പതിമാര്‍ക്കായി എത്തിഹാദ് മറ്റൊരു യാത്രാ ടിക്കറ്റും ഓഫര്‍ ചെയ്താണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. യാത്ര എപ്പോള്‍ വേണമെങ്കിലും ദമ്പതിമാര്‍ക്ക് നിശ്ചയിക്കാമെന്നും എത്തിഹാദ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കൊച്ചുമകന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ എന്ന് യാത്ര തുടങ്ങണമെന്ന് ദമ്പതിമാര്‍ തീരുമാനിച്ചിട്ടില്ല.

എത്തിഹാദിന്റെ നടപടികളെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 25 വര്‍ഷമായി ട്രാവല്‍ ബിസിനസ് ചെയ്യുന്ന ആളായ തനിക്ക് ഇതുവരെ ഇതുപോലെ ഒരു സംഭവം ശ്രദ്ധയില്‍ശപ്പട്ടിട്ടില്ലെന്നും എത്തിഹാദ് ജീവനക്കാര്‍ കാട്ടിയിരിക്കുന്നത് മഹാമനസ്‌കതയാണെന്നും ദമ്പതിമാരുടെ ട്രാവല്‍ ഏജന്റായ ബെക്കി സ്റ്റീഫന്‍സണ്‍ ബിബിസിയോട് വ്യക്തമാക്കി.