യുവാവിനെ ജീപ്പില്‍ കെട്ടിവെച്ച സംഭവം വിവാദമാക്കേണ്ട കാര്യമില്ല; എസി മുറിയിലിരുന്ന് സൈന്യത്തെ വിമര്‍ശിക്കാതെ അവരെ ഓര്‍ത്ത് അഭിമാനിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി

single-img
18 April 2017

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറിനെ പ്രതിരോധിക്കാന്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ വെച്ചു കെട്ടി സൈന്യം നടത്തിയ പരേഡില്‍ എന്തിനിത്ര കോലാഹലമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി. വളരെ പ്രതികൂലമായ കാലാവസ്ഥയിലും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നവരാണ് സൈനികര്‍.അതുകൊണ്ട്് എസി റൂമില്‍ ഇരുന്ന് സൈന്യത്തെ വിമര്‍ശിക്കരുത്. സൈന്യത്തിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് എല്ലാവരും ചിന്തിക്കണമെന്നും എജി ആവശ്യപ്പെട്ടു.

‘തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും കല്ലേറുകാരെ പ്രതിരോധിക്കാനുമാണ് സൈനിക വാഹനത്തില്‍ അയാളെ കെട്ടിവെച്ചത്. അതില്‍ എന്തിനാണ് ഇത്ര കോലാഹലം? തീവ്രവാദികളെയാണ് സൈന്യം നേരിടുന്നത്. അല്ലാതെ പ്രതിഷേധക്കാരെയല്ല.അതിനാല്‍ അവര്‍ക്കതിനെ ആ വിധം കൈകാര്യം ചെയ്യേണ്ടി വരും. സൈന്യത്തെ ഓര്‍ത്ത് എല്ലാവരും അഭിമാനം കൊള്ളണമെന്നും അവര്‍ വളരെ മഹത്തരമായൊരു ജോലിയാണ് നിര്‍വ്വഹിക്കുന്നതെന്നും’ മുകുള്‍ റോഹത്ഗി പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രി മെഹബൂബ മഫ്തി ജമ്മു കശ്മീര്‍ പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് സൈന്യത്തിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. വിവാദ സംഭവത്തില്‍ സൈന്യം ആഭ്യന്തര അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.സംഭവം പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞു.

ജീവിതത്തില്‍ ഒരിക്കലും താന്‍ ആരേയും കല്ലെറിഞ്ഞിട്ടില്ലെന്നാണ് സൈന്യം ബോണറ്റില്‍ കെട്ടിവെച്ച ഫറൂഖ് അഹ്മദ് ദര്‍ ഇതിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏപ്രില്‍ ഒമ്പതിനു രാവിലെ 11 മണിയോടെ നാലു മണിക്കൂറോളമാണ് അഹമ്മദിനെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ടു യാത്രചെയ്തത്. ബന്ധുമരിച്ചതിന്റെ നാലാംദിന ചടങ്ങില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുള്ള ഗാംപോരയിലേക്കു പോകവെയായിരുന്നു അഹമ്മദ് ദര്‍ സൈന്യത്തിന്റെ ക്രൂരമായ അതിക്രമത്തിന് ഇരയായത്.