അവയവദാനം ശ്രേഷ്ഠമായ ദാനം; അവയവദാന പ്രക്രിയയെ കുറിച്ച് കൂടുതലറിയൂ…ജീവൻ സംരക്ഷിക്കൂ

single-img
17 April 2017

മനുഷ്യരാശിയുടെ തുടക്കം മുതല്‍ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങള്‍ തുടങ്ങിയവ കാരണം രോഗങ്ങളും വിവിധതരത്തിലുള്ളവയായി തീര്‍ന്നു. അനേകം രോഗങ്ങള്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകൾ വരുത്തി തീര്‍ത്തു. രോഗങ്ങളുടെ ചികിത്സാരീതികളും ആധുനിക യുഗത്തില്‍ അതിനൂതനമായി തീര്‍ന്നു. ശസ്ത്രക്രിയയുടെയും അനസ്തീഷ്യയുടെയും ചികിത്സാശാകളിലുണ്ടായ പുരോഗതിയും നൂതനമായ പല മരുന്നുകളും അവയവം മാറ്റിവയ്ക്കല്‍ എന്ന ആധുനിക ചികിത്സാസമ്പ്രദായത്തെ ഒരു പുതിയ ശാഖയായി തന്നെ വളര്‍ത്തി എടുത്തു.

ഇന്നു നാം കാണുന്ന പല രോഗങ്ങള്‍ക്കും അവയവ മാറ്റിവയ്ക്കല്‍ ചികിത്സയിലൂടെ ഏകദേശം ശാശ്വതമായ സൗഖ്യം നേടിയെടുക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു സാധിക്കുന്നു. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്റെ കാരുണ്യം കൂടെ ചേര്‍ത്തു വച്ചു മാത്രമേ അവയവമാറ്റിവയ്ക്കല്‍ സാധ്യമാവുകയുള്ളൂ. അവയവമാറ്റിവയ്ക്കല്‍ സാധ്യമാവണമെങ്കില്‍ ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യന്‍ ഈ രീതിയില്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ അവയവമാറ്റം നടക്കുകയുള്ളൂ.

ഏതൊക്കെ അവയവം മാറ്റി വയ്ക്കാം

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ കാരണമുള്ള കേട് പലപ്പോഴും മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല. ശരീരത്തിലെ പല അവയവങ്ങളും – വൃക്ക, കരള്‍, ശ്വാസകോശം, ഹൃദയം, ചെറുകുടല്‍, ആഗ്നേയഗ്രന്ഥി (പാന്‍ക്രിയാസ്)- തുടങ്ങിയവ വിവിധ തരത്തിലുള്ള രോഗങ്ങളാല്‍ ഇപ്രകാരം കേട് സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. ഇതില്‍ മിക്ക അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനാല്‍ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണ കാരണം ആയിത്തീരാവുന്നതാണ്.

ഈ സാഹചര്യത്തില്‍ അവയവം മാറ്റി വയ്ക്കല്‍ ആണ് പലപ്പോഴും സാധ്യയമായ ഒരേ ഒരു വഴി. താഴെ പറയുന്ന അവയവങ്ങളാണ് ഇപ്രകാരം മാറ്റി വയ്ക്കാന്‍ സാധ്യയമായവ – വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം. സാഹചര്യങ്ങള്‍ക്കനുകൂലമായി മാറ്റി വയ്ക്കാന്‍ സാധ്യമായ മറ്റു അവയവങ്ങള്‍ ഇവയാണ് – കണ്ണുകള്‍ (കോര്‍ണ്ണിയ എന്ന നേത്രപടലം), ത്വക്ക്, പാന്‍ക്രിയാസ്, ചെറുകുടല്‍, ഗര്‍ഭപാത്രം, കൈപ്പത്തി, ചില അസ്ഥികള്‍, രക്തക്കുഴലുകള്‍, ചെവിക്കുള്ളിലെ അസ്ഥികള്‍, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ 23-ഓളം അവയവങ്ങള്‍ ദാനം ചെയ്യാന്‍ പറ്റാവുന്നതാണ്.

അവയവങ്ങള്‍ എവിടെ നിന്നു ലഭിക്കും

അവയവമാറ്റിവയ്ക്കല്‍ ചികിത്സാരീതി ഇന്നു നേരിടുന്ന ഏറ്റവും വലിയ കടമ്പ അവയവങ്ങളുടെ ദൗര്‍ലഭ്യമാണ്. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കാര്‍ക്ക് ദാനം ചെയ്യാമെങ്കിലും, മറ്റു പല അവയവങ്ങള്‍ – ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, കണ്ണ് തുടങ്ങിയവ മരണാനന്തര അവയവദാനത്തിലൂടെ മാത്രമേ ലഭ്യമാവുകയുള്ളൂ. നമ്മുടെ രാജ്യത്ത് ഇന്നു നടക്കുന്ന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ കാര്യമെടുത്താല്‍ ബഹുഭൂരിപക്ഷവും ജീവനുള്ള ദാതാക്കളില്‍ നിന്നാണ്. വൃക്കമാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും, നടക്കുന്ന ശസ്ര്തക്രിയയുടെ എണ്ണവും തമ്മിലുള്ള അന്തരവും വലുതാണ്. ഈ പശ്ചാത്തലത്തിലാണ് മരണാനന്തര അവയവദാനത്തിനുള്ള പ്രസക്തി പ്രകടമാവുന്നത്. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ തന്നെ വൃക്ക മാറ്റിവയ്ക്കലിനായി അനേകായിരങ്ങള്‍ കാത്തിരിക്കുമ്പോള്‍, നടക്കുന്നത് പ്രതിവര്‍ഷം ശരാശരി 500 ശസ്ര്തക്രിയ മാത്രം. ദാതാവിനെ ലഭിക്കാതെയും, ചികിത്സയ്ക്കു പണമില്ലാതെയും മരണത്തിനു കീഴടങ്ങുന്നവരും അനേകം. പാശ്ചാത്യരാജ്യങ്ങളില്‍ അമേരിക്ക പോലുള്ള അവയവ മാറ്റി വയ്ക്കല്‍ ചികിത്സാശാ വികസിച്ച പല രാജ്യങ്ങളിലും ബഹുഭൂരിപക്ഷം അവയവമാറ്റിവയ്ക്കലും നടക്കുന്നത് മരണാനന്തരദാനത്തിലൂടെയാണ്. ഓരോ രാജ്യത്തും അവയവമാറ്റിവയ്ക്കലും മരണാനന്തരദാനവും സംബന്ധിച്ച് നിയമങ്ങള്‍ നിലവിലുണ്ട്.

ആര്‍ക്കൊക്കെ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാം

ശിശുക്കള്‍ മുതല്‍ വൃദ്ധരായവര്‍ വരെ ഏതൊരു വ്യക്തിക്കും പ്രായഭേദമെന്യേ പ്രസക്തമായ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്. സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍ മുതലായവ മൂലം മരണമടയുന്നവരുടെ അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ തിരഞ്ഞെടുക്കപ്പെടാറില്ല. ഇന്നത്തെ കാലഘട്ടത്തില്‍ വളരെ അധികം ആള്‍ക്കാരെ ബാധിച്ചിരിക്കുന്ന ജീവിത ശൈലി രോഗങ്ങളാണ് പ്രമേഹം, രക്താതിമര്‍ദ്ദം മുതലായവ. ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് എല്ലാ അവയവവും ദാനം ചെയ്യാന്‍ സാധ്യമാവില്ല എങ്കിലും ദാനം ചെയ്യാന്‍ സാധ്യമായ പല അവയവങ്ങളും ഉണ്ട്. പഴകിയ പ്രമേഹവും രക്താതിമര്‍ദ്ദവും ഉള്ളവരുടെ വൃക്കകള്‍, ഹൃദയം മുതലായവ ദാനം ചെയ്യാന്‍ യോജിച്ചതായിരിക്കില്ല. എന്നാലും കരള്‍, ശ്വാസകോശം മുതലായവ ആരോഗ്യമുള്ളവയാണെങ്കില്‍ മാറ്റിവയ്ക്കലിനായി ഉപയോഗപ്പെടുത്താവുന്നതാണ്. അവയവദാനം സാധ്യമാകുന്ന സാഹചര്യമുണ്ടായാല്‍ ഏതൊക്കെ അവയവം പ്രയോജനപ്പെടുത്താമെന്ന് അതുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ സംഘം തീരുമാനിക്കുന്നതാണ്.

മരണാനന്തര അവയവദാനം

മരണാനന്തര അവയവദാനത്തെക്കുറിച്ച് സാധാരണക്കാരന് അപൂര്‍ണ്ണമായ അറിവേ ഉണ്ടാവുകയുള്ളൂ. ഒരാളുടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന സജ്ജമായിരിക്കണമെങ്കില്‍ അതിലൂടെയുള്ള രക്തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്തയോട്ടം നിലച്ച അവസ്ഥയില്‍ പുറത്തെടുക്കുന്ന അവയവങ്ങള്‍ പ്രയോജനരഹിതമാവാനാണ് സാധ്യത. കണ്ണുകള്‍, ഹൃദയവാല്‍വുകള്‍ തുടങ്ങിയ അവയവങ്ങള്‍ മരണശേഷവും പരിമിതമായ മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നേത്രദാനം വീടുകളില്‍ വച്ചു മരണം സംഭവിക്കുന്നവര്‍ക്ക് പോലും സാധ്യമാണ്. അതു വഴി രണ്ട് പേരുടെ എങ്കിലും ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ സാധിക്കുന്നതുമാണ്.

പക്ഷെ ആന്തരിക അവയവങ്ങള്‍ മാറ്റി വയ്ക്കണം എങ്കില്‍ ജീവനോടുള്ള അവസ്ഥയില്‍ ദാതാവില്‍ നിന്നും അവ നീക്കം ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മസ്തിഷ്‌കമരണം എന്ന ആശയം തന്നെ പ്രചാരത്തിലായത്. വിവിധ കാരണങ്ങളാല്‍ (പരുക്ക്, രക്തസ്രാവം, ചില മസ്തിഷ്‌ക ട്യൂമര്‍) മസ്തിഷ്‌കത്തിന് ഏല്‍ക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്‌കമരണം. ‘കോമ’-യും കടന്നുള്ള അവസ്ഥ, അതായത്, തിരിച്ചുവരവ് സാധിക്കാത്ത രീതിയില്‍ മസ്തിഷ്‌കത്തിന് കേട് സംഭവിച്ച് നിര്‍ജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്‌കമരണം എന്നു പറയുന്നത്. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിന് വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍ നിലവിലുണ്ട്. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനു ശേഷം ഇതു വരെ ആരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവര്‍ത്തനം യന്ത്രസഹായത്താലും, മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങള്‍ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്. ഹൃദയമിടിപ്പ് നിലച്ച് പൂര്‍ണ്ണമായി മരണം സംഭവിച്ചാല്‍ അവയവദാനം സാധ്യമാവുകയില്ല. മരണശേഷം മറ്റാര്‍ക്കും പ്രയോജനപ്പെടാതെ ജീര്‍ണ്ണിച്ചു പോകുന്ന അവയവങ്ങള്‍ മൂലം ഒരാള്‍ക്ക് തന്നെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ അവയവദാനത്തിലൂടെ സാധിക്കും.

അവയവ മാറ്റിവയ്ക്കലിന്റെ ചരിത്രം

1954-ലാണ് ലോകത്തില്‍ ആദ്യമായി വിജയകരമായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. തുടക്കം നാളുകളില്‍ അവയവദാന ശസ്ത്രക്രിയകള്‍ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധി ‘Rejection’ എന്ന പ്രതിഭാസമാണ്. ദാതാവില്‍ നിന്നും സ്വീകരിച്ച അവയവം, സ്വീകര്‍ത്താവിന്റെ ശരീരം തിരസ്‌ക്കരിക്കുന്ന അവസ്ഥയാണിത്. ‘Rejection’ തടയാന്‍ ഉപയോഗിക്കുന്ന ‘സൈക്ലോസ്‌പോറിന്‍’ മരുന്നിന്റെ കണ്ടുപിടിത്തമാണ് അവയവദാന ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയത്. ഇന്നു സൈക്ലോസ്‌പോറിനേക്കാളും മെച്ചമായ മരുന്നുകള്‍ ലഭ്യമാണ്. അവയവദാന ചരിത്രത്തിലെ മറ്റു പ്രധാനപ്പെട്ട വര്‍ഷങ്ങള്‍ താഴെ കുറിക്കുന്നു.

1967 – അമേരിക്കയില്‍ വച്ച് ആദ്യ വിജയകരമായ കരള്‍ മാറ്റ ശസ്ത്രക്രിയ
1967 – സൗത്ത് ആഫ്രിക്കയില്‍ ആദ്യ വിജയകരകായ ഹൃദയമാറ്റ ശസ്ത്രക്രിയ
1983 – കാനഡയില്‍ വിജയകരമായ ശ്വാസകോശമാറ്റ ശസ്ത്രക്രിയ

അവയവ മാറ്റിവയ്ക്കല്‍ – ഇന്ത്യയിലും കേരളത്തിലും

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് 1965-ല്‍ ബോംബേയിലെ കെ.ഇ.എം ആശുപത്രിയിലാണ്. ജീവനുള്ള ദാതാവിന്റെ വൃക്ക ആദ്യം മാറ്റിവച്ചത് 1971-ല്‍ സി.എം.സി വെല്ലൂറില്‍ ആണ്. വൃക്ക മാറ്റിവയ്ക്കലിനേക്കാളും സങ്കീര്‍ണ്ണമായ കരള്‍ മാറ്റി വയ്ക്കല്‍ നടന്നത് 90-കളിലാണ്. അവയവ മാറ്റിവയ്ക്കലിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമമാണ് 1994-ല്‍ നിലവില്‍ വന്ന Transplantation of Human Organs Act (THOA). അതിനുശേഷം പല ഭേദഗതിയും ഇതിനോടനുബന്ധിച്ച് നടന്നിട്ടുണ്ട്.

2011-ലാണ് അവസാന ഭേദഗതി നടന്നത്. ഇന്ത്യയില്‍ ഇന്നു നടക്കുന്ന അവയവ മാറ്റിവയ്ക്കല്‍ ചികിത്സ ഇതിന്റെ നിയമപരിധിയില്‍ വരുന്നതാണ്. തുടക്കത്തിലെങ്കിലും ഈ ചികിത്സാരീതിയുടെ കച്ചവടസാധ്യത ചൂഷണം ചെയ്ത്, ചികിത്സയെ കച്ചവടമാക്കി മാറ്റിയ കശ്മലര്‍ ഇവിടെ ഉണ്ടായി. അമൃത്‌സറിലും തമിഴ്‌നാട്ടിലും ഉണ്ടായ ചില സംഭവങ്ങള്‍ ഇത്തരത്തിലുള്ളവയായിരുന്നു. ആ പ്രതിസന്ധിഘട്ടം തരണം ചെയ്യുകയും, അതിനുത്തരവാദികളായവരെ അഴികള്‍ക്കുള്ളിലാക്കാനും സര്‍ക്കാരിനു സാധിച്ചു. ഇന്ത്യയിലെ നിയമപ്രകാരം അവയവദാനത്തിനു ഏതു രീതിയിലുള്ള പ്രതിഫലം പറ്റുന്നതും നിരോധിച്ചിട്ടുള്ളതും ശിക്ഷാര്‍ഹവുമാണ്. സ്വമേധയാ പ്രതിഫലേച്ഛ ഇല്ലാതെയുള്ള അവയവദാനം മാത്രമേ നിയമപ്രകാരം അനുവദിച്ചിട്ടുള്ളൂ.

പതുക്കെ മരണാന്തര അവയവദാനവും ഇന്ത്യയില്‍ വ്യാപകമായി തുടങ്ങി. ഇന്ത്യയ്ക്കു തന്നെ മാതൃകയാവുന്ന രീതിയില്‍ തമിഴ്‌നാട് ഈ മേലയില്‍ വളരെ മുന്നോട്ട് പോയി. അനേകം NGO-കള്‍ ഈ മേലയില്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു. അതിലെ പ്രമുമായ NGO ആണ് MOHAN Foundation (Multi Organ Harvest Aid Network). മറ്റ് സംസ്ഥാനങ്ങളില്‍ ഈ മേലയില്‍ പരിശീലനം നല്‍കാന്‍ MOHAN Foundation മുന്നിട്ടു നില്‍ക്കുന്നു. ഇതിന്റെ ചുവടു പിടിച്ചു കേരള സര്‍ക്കാരും മരണനന്തര അവയവദാന മേലയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കി.

2012 ആഗസ്റ്റ് 12-ന് കേരള സര്‍ക്കാരിന്റെ സംരംഭമായ മൃതസഞ്ജീവനി എന്ന പദ്ധതി നിലവില്‍ വന്നു. ഇതിന്റെ നടത്തിപ്പിനായി Kerala Network for Organ Sharing (KNOS) എന്ന ഏജന്‍സി രൂപീകൃതമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന KNOS വഴി ആണ് ഇന്ന് കേരളത്തിലെ മരണാനന്തര അവയവദാനം നടക്കുന്നത്. 2012-ല്‍ രൂപീകൃതമായതില്‍ പിന്നെ നാളിതുവരെ (ആഗസ്റ്റ് 2015) അനേകം ശസ്ത്രക്രിയകള്‍ KNOS വഴി നടന്നു കഴിഞ്ഞു – വൃക്ക(187), കരള്‍(74), ഹൃദയം(13), പാന്‍ക്രിയാസ്(1), കൈപ്പത്തി(1), ചെറുകുടല്‍(1). അവയവം ലഭിക്കാന്‍ സാധ്യതയുള്ള രോഗികളുടെ മുന്‍ഗണനാക്രമം KNOS തയ്യാറാക്കി വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍ദ്ധനരായ അനേകം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഇതു വഴി സാധ്യമായിട്ടുണ്ട്. മരണാനന്തര അവയവ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നമ്മുടെ ഈ കൊച്ചു കേരളത്തിലും നടന്നിട്ടുണ്ട്. കുറച്ചു നാൾ മുന്നേ (ആഗസ്റ്റ് 3, 2015) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ച് ശിശുക്കള്‍ തമ്മില്‍ നടന്ന സംയുക്ത കരള്‍/ സംയോജിത വൃക്ക മാറ്റിവയ്ക്കല്‍ അതിന് ഉത്തമ ഉദാഹരണമാകുന്നു.

അവയവദാന പ്രക്രിയ

റോഡപകടങ്ങള്‍, മസ്തിഷ്‌ക രക്തസ്രാവം, ചില തരം മസ്തിഷ്‌ക ട്യൂമറുകൾ എന്നിവ മൂലം മസ്തിഷ്‌കമരണംസംഭവിക്കാം. ഒരു രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ചതിന് ശേഷം, രോഗിയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാണെങ്കില്‍ ആ വിവരം ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതാണ്. പല അവസരങ്ങളിലും ബന്ധുക്കള്‍ക്ക് ഇതേപ്പറ്റിയുള്ള അവബോധം ഇല്ലാത്ത പക്ഷം ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിക്കുന്നു. അവയവദാനം സാധ്യമാവണമെങ്കില്‍ ബന്ധുക്കളുടെ സമ്മതം അനിവാര്യമാണ്.

പലപ്പോഴും ബന്ധുക്കളുടെ സമ്മതം ഇല്ലാത്തതു കൊണ്ട് അവയവദാനം സാധ്യമാകാതെ വരികയും അമൂല്യമായ അവയവങ്ങള്‍ പാഴായി പോവുകയും ചെയ്യുന്നുണ്ട്. ബന്ധുക്കള്‍ സമ്മതം നല്‍കി കഴിഞ്ഞാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍ KNOS പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നതാണ്. മുന്‍ഗണനാക്രമത്തിലുള്ള അവയവം ലഭിക്കുന്നതിനുള്ള രോഗിയെ തിരഞ്ഞെടുക്കുന്നത് KNOS അധികൃതരാണ്. അവയവമാറ്റിവയ്ക്കലിനായി തിരഞ്ഞെടുക്കപ്പെടുന്ന രോഗി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആശുപത്രിയിലെ ചുമതലപ്പെട്ട ഡോക്ടര്‍മാര്‍ അവയവമാറ്റിവയ്ക്കലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. അതേ സമയം തന്നെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഡോക്ടര്‍മാരുടെ പാനല്‍ അവയവദാനം നടത്തുന്ന രോഗിയില്‍ വിദഗ്ധ പരിശോധനയും ടെസ്റ്റുകളും നടത്തി മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആറു മണിക്കൂറിനു ശേഷം നടത്തി മസ്തിഷ്‌കമരണം ഒന്നു കൂടി ഉറപ്പിക്കുന്നു. ഇതിനു ശേഷം അവയവദാതാവും, അവയവം സ്വീകരിക്കുന്ന രോഗിയും തമ്മിലുള്ള രക്തഗ്രൂപ്പ് ചേര്‍ച്ചക്കു പുറമേ അവയവങ്ങള്‍ തമ്മിലുള്ള ചേര്‍ച്ച പരിശോധിക്കുന്ന ലിംഫോസൈറ്റ് ക്രോസ് മാച്ച് (Lymphocyte Cross match) എന്ന ടെസ്റ്റും നടത്തുന്നു. ഈ ടെസ്റ്റ് കേരളത്തില്‍ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂ.

തിരുവനന്തപുരത്ത് നടക്കുന്ന ഓപ്പറേഷന് വേണ്ടിയുള്ള ടെസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ എറണാകുളത്ത് എത്തിച്ച് നടത്തേണ്ടി വരുന്നു. ഇതിനു പരിഹാരമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇതിനുള്ള സംവിധാനം ഒരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ദാതാവിന്റെ പല അവയവങ്ങളും ഒരു പക്ഷെ എത്തുന്നത് പല ആശുപത്രികളിലായിരിക്കും. ഉചിത്മായ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ദാതാവിന്റെയും സ്വീകര്‍ത്താക്കളുടെയും ശസ്ത്രക്രിയകള്‍ ഏകദേശം ഒരേ സമയത്ത് പല ആശുപത്രികളിലും തുടങ്ങുന്നു.

ദാതാവില്‍ നിന്നും നീക്കം ചെയ്യുന്ന അവയവങ്ങള്‍ വിദൂരത്തുള്ള ആശുപത്രിയിലേക്കാണ് കൊണ്ട് പോകുന്നതെങ്കില്‍ ശീതീകരിച്ച പ്രത്യേക ലായനിയില്‍ സൂക്ഷിച്ചാണ് കൊണ്ട് പോകുന്നത്. യഥാസ്ഥാനത്ത് എത്തിച്ചേരുന്ന അവയവങ്ങള്‍ വിദഗ്ധഡോക്ടര്‍മാരുടെ സംഘം സ്വീകര്‍ത്താവില്‍ വച്ച് പിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നു. ദാതാവിന്റെ ശസ്ത്രക്രിയ വിദഗ്ധരായ ഡോക്ടര്‍മാര്‍ സൂക്ഷ്മതയോടെ ചെയ്യുന്നതിനാല്‍ യാതൊരു രീതിയിലും വികലമാക്കപ്പെടുന്നില്ല. പ്രസക്തമായ അവയവങ്ങള്‍ നീക്കം ചെയ്ത ശേഷം മൃതദേഹം സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുകയോ സന്ദര്‍ഭോചിതമായി പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പോലീസിന് വിട്ടു കൊടുക്കുകയോ ചെയ്യുന്നു.

ഇഹലോകവാസം വിട്ടൊഴിയുന്ന വേളയില്‍ മരണം കാത്ത് കഴിയുന്ന ഏതാനും പേര്‍ക്ക് പുതുജീവന്‍ പ്രദാനം ചെയ്യുന്നു എന്ന പുണ്യ പ്രവൃത്തിയാണ് അവയവദാനത്തിലൂടെ നടക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ നമുക്കു ചെയ്യാന്‍ സാധിക്കുന്നത് ഈ പ്രവൃത്തിയെപ്പറ്റി ബോധവാന്‍മാരായിരിക്കുക എന്നുള്ളതാണ്. നമ്മുടെ ആരുടെയെങ്കിലും കുടുംബത്തില്‍ ഒരു അത്യാഹിതം സംഭവിച്ച്, നമ്മുടെ ഉറ്റവരുടെ അവയവങ്ങള്‍ ദാനം ചെയ്യേണ്ട സന്ദര്‍ഭം ഉണ്ടാവുകയാണെങ്കില്‍ അതിനു സമ്മതം നല്‍കാന്‍ മനസ്സിനെ സജ്ജമാക്കാം. ഇന്ന് നടക്കുന്ന പല മസ്തിഷ്‌കമരണങ്ങളിലും അവയവദാനം നടക്കാതെ പോകുന്നത് ബന്ധുക്കളുടെ സമ്മതം കിട്ടാത്തത് കൊണ്ട് മാത്രമാണ്.

ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നുള്ള അവയവദാനം

വൃക്ക, കരള്‍ എന്നീ അവയവങ്ങളാണ് പ്രധാനമായും ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നും നീക്കം ചെയ്യാവുന്നത്. ആരോഗ്യമുള്ള 2 വൃക്കകള്‍ ഉള്ള ഒരാള്‍ക്ക് ഒരു വൃക്ക ദാനം ചെയ്യാന്‍ സാധിക്കുന്നതാണ്. കരള്‍ ദാനം ചെയ്യുന്നത് അതു പകുത്ത് എടുക്കുന്ന സങ്കീര്‍ണ്ണമായ പ്രക്രിയ വഴിയാണ്. നമ്മുടെ നാട്ടില്‍ സാധാരണമായി ബന്ധുക്കള്‍ തമ്മിലുള്ള അവയവമാറ്റമാണ് ഈ വിധത്തില്‍ നടക്കുന്നത്. പക്ഷെ ബന്ധുക്കളുടെ അവയവം ലഭ്യമല്ലാത്ത സാഹചര്യത്തില്‍, രക്തബന്ധമില്ലാത്ത ദാതാക്കളുടെ അവയവം സ്വീകരിക്കാവുന്നതാണ്. ഈ വിധത്തിലുള്ള അവയവമാറ്റം നടക്കുന്നതിനായി കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. അവയവങ്ങളുടെ ചേര്‍ച്ച പരിശോധിക്കുന്ന ടെസ്റ്റുകള്‍ക്ക് ശേഷം, നിയമം അനുശാസിക്കുന്ന പ്രകാരമുള്ള അനേകം രേകള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള Ethical Committee സമക്ഷം സമര്‍പ്പിക്കുകയും അനുവാദം നേടേണ്ടതുമാണ്.

ഇന്‍ഡ്യയിലെ നിയമപ്രകാരം അവയവമാറ്റത്തിനായി യാതൊരു വിധ സാമ്പത്തിക ഇടപാടുകളും അനുവദനീയമല്ല. ഇപ്രകാരമുള്ള സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവും ആണ്. സ്വമേധയാ അവയവദാനത്തിനായി വരുന്ന അനേകം സഹൃദയര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ വിധത്തിലുള്ള ദാതാക്കളെ ഏകോപിപ്പിച്ച് അവയമാറ്റിവയ്ക്കല്‍ സാദ്ധ്യമാക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലില്ല. ചില സ്വകാര്യ വ്യക്തികള്‍ ഈ ആവശ്യത്തിനായി മുന്നിട്ടിറങ്ങുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ ശ്രദ്ധേയമാണ് ഫാദര്‍ ഡേവിസ് ചിറമേല്‍ സ്ഥാപിച്ച ‘The Kidney Federation of India’ എന്ന സംഘടന. ഡയാലിസിസ് ആവശ്യമുള്ളവര്‍ക്കും, വൃക്ക മാറ്റി വയ്ക്കല്‍ ആവശ്യമുള്ളവര്‍ക്കും ഈ സംഘടന പലവിധ സഹായങ്ങള്‍ നല്‍കി വരുന്നു.

അവയവ ദാനവും മതങ്ങളും

ഒരു മതസംഹിതയും അവയവദാനത്തെ എതിര്‍ക്കുന്നില്ല. സഹജീവികള്‍ക്ക് നന്മ ചെയ്യണമെന്നാണ് എല്ലാ മതങ്ങളും അനുശാസിക്കുന്നത്. അവയവദാനം ഏറെ പ്രചാരമുള്ള മതവിഭാഗമാണ് ജൈനമതസ്ഥര്‍. അവയവങ്ങള്‍ ദാനം ചെയ്യപ്പെടേണ്ടതാണെന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. ആത്മാവിന്റെ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ഹിന്ദുമതസ്ഥരും, ജീവന്‍ വിട്ടൊഴിഞ്ഞ ശരീരത്തിന് വില കല്‍പ്പിക്കുന്നില്ല. അതിനാല്‍ തന്നെ അവയവദാനത്തോട് അനുഭാവമുള്ളവരാണ്. മിക്ക ഇസ്ലാം മതപണ്ഡിതരും അവയവദാനത്തെ അനുകൂലിക്കുന്നെങ്കിലും, എതിര്‍വാദം ഉന്നയിക്കുന്ന ചിലെരെങ്കിലും ആശയക്കുഴപ്പം സൃഷ്ഠിക്കാറുണ്ട്. ക്രിസ്തുമതസ്ഥര്‍ അവയവദാനത്തോട് അനുഭാവമുള്ളവരാണ്. മാര്‍പാപ്പയുടെ അധീനതയിലുള്ള കത്തോലിക്കര്‍ക്കായി അവയവദാനത്തെ പിന്തുണച്ചുകൊണ്ട് മാര്‍പാപ്പമാരുടെ ഔദ്യോഗിക ലേനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയവദാനത്തിനായി ജാതിമതഭേദമെന്യേ ജനം മുന്നിട്ടിറങ്ങിയാല്‍ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകും.

അവയവദാന സമ്മതപത്രം

അവയവദാന സമ്മതപത്രവും ഡോണര്‍ കാര്‍ഡും KNOS-ന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവയവദാനത്തെപ്പറ്റി ബോധവാനായ ഒരാള്‍ ഇവ പൂരിപ്പിച്ച് കൈവശം വയ്ക്കുന്നത് അഭികാമ്യമായിരിക്കും. അവയവദാനത്തിന് നിയമപരമായി ഏറ്റവും അനിവാര്യം ബന്ധുക്കളുടെ സമ്മതമാണ്. അവയവ ദാനത്തെപ്പറ്റി ബോധവല്‍ക്കരണം വ്യാപിക്കുന്നത് വഴി കൂടുതലായി മരണാനന്തര അവയവദാനം നടക്കുമെന്നതില്‍ സംശയമില്ല.

ഡോ. റെനു തോമസ് MBBS, MS, DNB, MCh

(കൺസൾട്ടന്റ് യൂറോളജിസ്റ് & ചീഫ് റീനൽ ട്രാൻസ്‌പ്ലാന്റ് സർജൻ)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (KIMS)

അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന ഫോൺ നമ്പറുകളും മറ്റു വിവരങ്ങളും താഴെ,

1. KNOS ഹെൽപ്പ് ലൈൻ

Mob: 9048436617, 8281932291

Phone :0471ക2528658, 2117660

Email: [email protected]

2. വെബ് സൈറ്റുകൾ

http://www.knos.org.in

www.mohanfoundation.org

www.kidneyfed.com