ഇത് ലോകത്തിന്റെ നെറുകയിലെ ഊഞ്ഞാല്‍; സമുദ്ര നിരപ്പില്‍ നിന്നും 8500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഊഞ്ഞാല്‍ ആടാന്‍ ആവേശം മാത്രം പോര, ധൈര്യവും വേണം

single-img
16 April 2017

ഊഞ്ഞാലാട്ടത്തിന് അങ്ങനെ പ്രായമൊന്നുമില്ല. എവിടെയെങ്കിലും ഒരു ഊഞ്ഞാല്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ഒന്നാടി നോക്കാത്തവരാരുണ്ടാവില്ല.. അപ്പോള്‍ ഈ ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നത് ലോകത്തിന്റെ അറ്റത്താണെങ്കിലോ. ഒന്നു ചിന്തിച്ചു നോക്കിയേ. അതിന് ലോകത്തിന്റെ അറ്റം എവിടെയാ,അവിടയൊക്കെ ചെന്ന് ആര് ഊഞ്ഞാല്‍ കെട്ടാനാ എന്നൊക്കെയാണ് ചിന്തയെങ്കില്‍ നേരെയിങ്ങ് ഇക്വഡോറിലെ ബാനോസിലേക്ക് പോന്നോളൂ. ഇവിടുത്തെ ലാ കാസാ ഡെല്‍ അര്‍ബോള്‍ എന്ന കേന്ദ്രത്തിലെ ഒരു മരത്തിലാണ് ലോകത്തിന്റെ അറ്റത്തുള്ള ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നത്.മരത്തില്‍ തന്നെ ഒരു വീടും ഒരുക്കിയിട്ടുണ്ട്.

അവിടേക്ക് ഊഞ്ഞാലാടാന്‍ പോവുന്നതൊക്കെ കൊള്ളാം. പക്ഷേ ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിട്ടാവാം എന്നേയുള്ളൂ.സമുദ്ര നിരപ്പില്‍ നിന്ന് 8500 അടി ഉയരത്തിലാണ് ഊഞ്ഞാലുള്ള ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള ഒരു മരത്തിലെ സാധാരണ കൊമ്പിലാണ് ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നത്.അടിയിലാവട്ടെ തുംഗുരാഹുവാ എന്ന സജീവ അഗ്‌നിപര്‍വതവും.

പക്ഷേ സുരക്ഷയ്ക്കായി വലയോ മറ്റു സംവിധാനങ്ങളോ ഒന്നും ഇവിടെയില്ല. എല്ലാം സ്വന്തം റിസ്‌കില്‍ ഏറ്റെടുക്കുകയും വേണം. പറഞ്ഞുവരുന്നതെന്തെന്നാല്‍ ഈ ഊഞ്ഞാലാടാന്‍ ആവേശം മാത്രം പോര,അപാര ധൈര്യം കൂടി വേണമെന്നു തന്നെ..

പക്ഷേ ഈ ഊഞ്ഞാല്‍ എങ്ങനെയിവിടെയെത്തി,ആരു കെട്ടി എന്നൊന്നും ചോദിച്ചാല്‍ ഒരുത്തരവുമില്ല.ആരുടെ തലയിലുദിച്ച ബുദ്ധിയാണെങ്കിലും സാഹസികത ഏറെയിഷ്ടപ്പെടുന്നവര്‍ക്ക് ഇവിടുത്തെ ഊഞ്ഞാലാട്ടം തീര്‍ത്തും വ്യത്യസ്തമായൊരനുഭവം തന്നെയാണ്.