ദില്ലിയിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷനിലെ എല്‍ ഇ ഡി സ്ക്രീനില്‍ പരസ്യത്തിനു പകരം പ്ലേ ചെയ്തത് പോണ്‍ വീഡിയോ ക്ലിപ്പ്

single-img
16 April 2017

ദില്ലിയിലെ രാജീവ് ചൌക്ക് മെട്രോ സ്റ്റേഷനിലെ എൽ ഇ ഡി സ്ക്രീനുകളിൽ പോർണോഗ്രാഫി വീഡിയോ പ്ലേ ചെയ്തത് വിവാദമാകുന്നു. ദില്ലിയിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷനാണു രാജീവ് ചൌക്ക്. ദില്ലിയുടെ ഹൃദയഭാഗമായ കോണാട്ട് പ്ലേസിൽ ഭൂമിക്കടിയിലായി സ്ഥിതിചെയ്യുന്ന ഈ സ്റ്റേഷൻ ഒരു ദിവസം അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ യാത്രികർ ഉപയോഗിക്കുന്നുണ്ട്. ഈ സ്റ്റേഷനിലാണു യാത്രികരെ അമ്പരപ്പിച്ചുകൊണ്ട് ഇന്നലെ വൈകുന്നേരം പോണോഗ്രാഫി വീഡിയോ പ്ലേ ചെയ്തത്.

പരസ്യം പ്രദർശിപ്പിക്കുവാനായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ എൽ ഇ ഡി സ്ക്രീനുകളിലാണു അപ്രതീക്ഷിതമായി ഇത്തരം ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ദില്ലിമെട്രോ ശൃഖലയിലെ ഏറ്റവും നീളമുള്ള പാതകളായ യെല്ലോ ലൈനും ( ഗുഡ്ഗാവ് മുതൽ സമയ്പൂർ ബദലി വരെ) ബ്ലൂ ലൈനും (നോയിഡ മുതൽ ദ്വാരക സെക്ടർ 21 വരെ) സംഗമിക്കുന്ന ജംക്ഷനാണു രാജീവ് ചൌക്ക്. വൈകുന്നേരം തിരക്കുള്ള സമയങ്ങളിൽ കുറഞ്ഞത് അയ്യായിരം യാത്രികരെങ്കിലും ഈ സ്റ്റേഷനിൽ ഉണ്ടാകും.

ദില്ലി മെട്രോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച്ച സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണു. മെട്രോ സ്റ്റേഷനിലെ സ്ക്രീനിൽ പോൺ വീഡിയോ പ്ലേ ആകുന്നതിന്റെ വീഡിയോ ദൃശ്യം യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും വൈറലാകുകയും ചെയ്തിട്ടുണ്ട്.

എന്നാൽ തങ്ങൾക്കിത്തരം ഒരു സംഭവം അറിയാൻ കഴിഞ്ഞില്ല എന്നാണു ദില്ലി മെട്രോ അധികൃതർ (ഡി എം ആർ സി) ആദ്യം നൽകിയ വിശദീകരണം. പ്രസ്തുത എൽ ഇ ഡി സ്ക്രീൻ ടെസ്റ്റ് ചെയ്ത് കമ്മീഷൻ ചെയ്യുന്നതിനായി ഒരു സ്വകാര്യകമ്പനിയ്ക്കു കോണ്ട്രാക്ട് കൊടുത്തിരിക്കുകയായിരുന്നു എന്നും അവരുടെ ഭാഗത്തുനിന്നു ഇത്തരമൊരു വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡി എം ആർ സി ആദ്യം ഇറക്കിയ പത്രക്കുറിപ്പ് പറയുന്നു.

എന്നാൽ സിസിടീവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, ഈ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചതായി സംശയിക്കുന്ന മൂന്നു പേരെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ഡി എം ആർ സി വക്താവ് അനൂജ് ദയാൽ അറിയിച്ചു. എൽ ഇ ഡി സ്ക്രീനിലേയ്ക്കുള്ള വൈ ഫൈ ഓപ്പൺ ആയിരുന്നതിനാൽ അതുപയോഗിച്ച് ആരോ ഈ വീഡിയോ ബ്രോദ്കാസ്റ്റ് ചെയ്തതാകാമെന്നാണു ഇദ്ദേഹം പറയുന്നത്. ടെസ്റ്റിംഗിൽ ആയിരുന്നതിനാൽ വൈഫൈയുടെ സെക്യൂരിറ്റി ശക്തമായിരുന്നില്ല എന്നതുകൊണ്ടാകാം ഇതു സംഭവിച്ചതെന്നും ഇദ്ദേഹം പറയുന്നു.

രണ്ടുവർഷം മുന്നേ കേരളത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വയനാട്ടിലെ കൽപ്പറ്റയിൽ കെ എസ് ആർ ടി സി ബസ് സ്റ്റാന്ഡിലെ ടെലിവിഷൻ സ്ക്രീനിലാണു പോൺ വീഡിയോ പ്ലേ ചെയ്യപ്പെട്ടത്.