മതവിദ്വേഷത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത് : അഫ്ഘാനിസ്താന്‍ എട്ടാമതും പാക്കിസ്താന്‍ പത്താമതും

single-img
16 April 2017

ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ജനസംഖ്യ, സാമൂഹിക വിഷയങ്ങൾ എന്നിവയിൽ നിക്ഷപക്ഷമായി പഠനം നടത്തുന്ന ലോകപ്രശസ്ത അമേരിക്കൻ സംഘടനയായ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യ മതവിദ്വേഷം അടക്കമുള്ള സാമൂഹിക വിദ്വേഷങ്ങളുടെ കാര്യത്തിൽ ഏറ്റവും മോശം അവസ്ഥയിലാണ്. ഐസിസ് അടക്കമുള്ള മതമൌലികവാദസംഘടനകൾ ശക്തമായ ഇറാക്കാണ് ഇന്ത്യയ്ക്ക് തൊട്ടുമുന്നിൽ മൂന്നാം സ്ഥാനത്ത്. സിറിയയാണു ഒന്നാം സ്ഥാനത്ത്.

നമ്മുടെ അയൽരാജ്യമായ പാക്കിസ്താൻ പത്താം സ്ഥാനത്തും അഫ്ഘാനിസ്താൻ എട്ടാം സ്ഥാനത്തുമാണു.

ആഗോളതലത്തിൽ മതവിശ്വാസങ്ങളിലുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള പ്യൂ റിസർച്ച് സെന്ററിന്റെ ഏറ്റവും പുതിയ പഠനറിപ്പോർട്ടിലാണു ഇന്ത്യയെ മതവിദ്വേഷത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തായി കാണിക്കുന്നത്. 2009 മുതൽ ഈ സംഘടന ഇത്തരമൊരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. 2015 മുതലുള്ള സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണു ഏറ്റവും പുതിയ റിപ്പോർട്ട്.

കടപ്പാട്: ഹഫിംഗ്ടൺ പോസ്റ്റ്

അമേരിക്കൻ സ്റ്റേറ്റ് റിപ്പോർട്ട്സ് ഡിപ്പാർട്ട്മെന്റ്, ഐക്യരാഷ്ട്രസഭയുടെ വിവിധ റിപ്പോർട്ടുകൾ, മറ്റു അന്താരാഷ്ട്ര ഏജൻസികളുടെ റിപ്പോർട്ടുകൾ എന്നിങ്ങനെ പതിനെട്ടോളം ആധികാരിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണു 198 രാജ്യങ്ങളെ സാമൂഹിക വിദ്വേഷത്തിന്റെ സൂചികയുടെ (Social Hostilities Index) അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്നത്. സർക്കാർ നിയന്ത്രണ സൂചിക(Government Restrictions Index- മതസ്വാതന്ത്ര്യത്തിൽ സർക്കാരിന്റെ കൈകടത്തലുകളെ അടിസ്ഥാനമാക്കിയുള്ളത്) സാമൂഹിക വിദ്വേഷ സൂചിക (Social Hostilities Index- മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷത്തെ അടിസ്ഥാനമാക്കിയുള്ള സൂചിക) എന്നിവയാണു റാങ്കിംഗിന്റെ മാനദണ്ഡം.

മതവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങൾ, മതത്തിന്റെ പേരിലുള്ള ആൾക്കൂട്ടഹിംസ, മതതീവ്രവാദ സംഘടനകൾ, മതസംഘടനകളുടെ പ്രവർത്തനം തടയാനുള്ള ബലപ്രയോഗം, മതപരമായ വസ്ത്രധാരണം ലംഘിച്ചതിന്റെ പേരിൽ സ്ത്രീകൾക്ക് നേരേയുള്ള അക്രമങ്ങൾ, മതപരിവർത്തനത്തോടുള്ള അസഹിഷ്ണുതയും അതിന്റെ പേരിലുള്ള അക്രമങ്ങളും തുടങ്ങി പതിമൂന്നോളം സൂചകങ്ങളെ അടിസ്ഥാനമാക്കിയാണു ‘സാമൂഹിക വിദ്വേഷ സൂചിക’ തയ്യാറാക്കുന്നത്.

ഈ സൂചകത്തിൽ 10 ആണു ഏറ്റവും കൂടുതൽ-അതായത് സാമൂഹിക വിദ്വേഷത്തിന്റെ ഏറ്റവും മോശമായ അവസ്ഥ. ഇതിൽ ഇന്ത്യയുടേത് 8.7 ആണു. ഒന്നാം സ്ഥാനത്തുള്ള സിറിയയുടേത് 9.2 ഉം മൂന്നാം സ്ഥാനത്ത് (അതായത് ഇന്ത്യയുടെ തൊട്ടുമുന്നിൽ) ഉള്ള ഇറാക്കിന്റേത് 8.9-ഉം ആണു.

 

2014-നു മുന്നേ ഇന്ത്യയുടെ സാമൂഹികാന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടതായിരുന്നു എന്നും 2015-നു ശേഷമുള്ള കണക്കുകൾ അനുസരിച്ചാണു ഇന്ത്യയിലെ വിവിധവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷം ഇത്രയധികം വർദ്ധിച്ചതെന്നും പ്യൂ റിസർച്ച് സെന്ററിന്റെ വക്താക്കൾ പറഞ്ഞതായി ഹഫിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ പഠനത്തിലെ പ്രധാനഗവേഷകനായിരുന്ന കതായോൺ കിഷിയുടെ വാക്കുകൾ:

“സാമൂഹിക വിദ്വേഷസൂചികയുടെ ഒരു പ്രധാനഘടകം മതവിഭാഗങ്ങൾക്കിടയിലെ സംഘർഷത്തിന്റെ ഭാഗമായി നടക്കുന്ന അക്രമങ്ങളാണു. ഇന്ത്യയിൽ 2015-ൽ അത്തരത്തിലുള്ള നിരവധി അക്രമസംഭവങ്ങളാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ചും കലാപത്തിന്റെ ഭാഗമായും ഹിന്ദുവിഭാഗങ്ങൾ മുസ്ലീം വിഭാഗങ്ങളുടെ നേരേ നടത്തിയ അക്രമങ്ങളും ഇരുവിഭാഗങ്ങളും നടത്തിയ ആൾക്കൂട്ടഹിംസകളും എല്ലാം ഈ കാലയളവിൽ വളരെയധികം വർദ്ധിച്ചു. “

ഇന്ത്യയിൽ താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുനേരേയുള്ള ആക്രമണങ്ങളും ഈ കാലയളവിൽ വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. മതനിയന്ത്രണങ്ങൾ ന്യൂനപക്ഷവിഭാഗങ്ങൾക്കു നേരേ മാത്രം ഉപയോഗിക്കുന്നതായും കണക്കുകൾ പറയുന്നു.