മന്ത്രി കെ.രാജു വിത്തെറിഞ്ഞ് ഉദ്ഘാടനം നിര്‍വ്വഹിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായ പാടശേഖരത്തിലെ നെല്ല് കൊയ്യാനെത്തിയത് അന്യസംസ്ഥാന തൊഴിലാളികള്‍

single-img
16 April 2017

മാഞ്ഞൂര്‍:പഞ്ചായത്തിലെ മാങ്ങാച്ചിറ പാടശേഖരത്തിലെ ഏഴര ഏക്കറിലെ വിളഞ്ഞ നെല്ല് കൊയ്യാനെത്തിയത് ബംഗാളികള്‍.600 രൂപ ദിവസക്കൂലിയില്‍ പിറവം പളളിപ്പടിയില്‍നിന്നാണ് അന്യസംസ്ഥാന തൊഴിലാളികളെ എത്തിച്ചത്.നെല്‍ വിത്തെറിഞ്ഞ് വനം മന്ത്രി കെ.രാജു ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച പാടശേഖരമാണിത്.

മൂന്ന് പതിറ്റാണ്ടായി തരിശായി കിടന്നിരുന്ന പാടശേഖരം കൃഷിയോഗ്യമാക്കുന്നതിന് ട്രില്ലര്‍ ഇറക്കിയെങ്കിലും താഴ്ന്നുപോയതിനാല്‍ മൂന്ന് ഘട്ടമായാണ് നിലമൊരുക്കി വിത്ത് വിതച്ചത്. അതിനാല്‍ നെല്ല് വിളഞ്ഞതും ഘട്ടംഘട്ടമായാണ്. അതുകൊണ്ടു തന്നെ പഞ്ചായത്തിന് കൊയ്ത്തുയന്ത്രം ലഭിച്ചിട്ടും ഒരേ സമയത്ത് നെല്ല് കൊയ്‌തെടുക്കാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല നെല്ലിനൊപ്പം പൊന്തക്കാട് വളര്‍ന്നതിനാലും പാമ്പിന്റെ ശല്യവും പേടിച്ച് നാട്ടിലെ തൊഴിലാളികള്‍ പാടത്തിറങ്ങാന്‍ തയ്യാറല്ലായിരുന്നു.തുടര്‍ന്നാണ് ബംഗാളികളെ ആശ്രയിക്കേണ്ടിവന്നത്.

ഇപ്പോള്‍ അഞ്ച് തൊഴിലാളികളാണ് കൊയ്ത്തിനെത്തിയിരിക്കുന്നത്.വരുംദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് കൊയ്ത്ത് വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമവും കര്‍ഷകര്‍ നടത്തിവരുന്നു. കോഴ ഫാമില്‍ നിന്ന് മെതിയന്ത്രം ലഭിച്ചിരിക്കുന്നതിനാല്‍ കൊയ്‌തെടുക്കുന്ന നെല്ലുകറ്റകള്‍ വേഗത്തില്‍ മെതിച്ചെടുക്കാന്‍ കഴിയുമെന്ന് പാടശേഖരസമിതി കണ്‍വീനര്‍ അനില്‍ പറഞ്ഞു.