കുടിവെള്ളം കിട്ടാതെ വലയുന്ന കേരളത്തില്‍ നിന്നും ഒരു പുഴയെത്തന്നെ വഴിമാറ്റി ഒഴുക്കാന്‍ ശ്രമിച്ച് തമിഴ്‌നാട്

single-img
16 April 2017

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വേനല്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്ഥാനത്തു നിന്നും ഒരു പുഴയെ ഗതിമാറ്റി ഒഴുക്കാന്‍ ശ്രമിച്ച് തമിഴ്‌നാട്. ചിന്നാര്‍ പുഴ ദിശ തിരിക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമത്തിനെതിരേ വനംവകുപ്പും ജനപ്രതിനിധികളും രംഗത്തെത്തിക്കഴിഞ്ഞു.

ആനമല ടൈഗര്‍ റിസര്‍വിനുള്ളിലാണ് ചിന്നാര്‍ പുഴയിലെ വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. ഇത്രയും വലിയ കനാല്‍ നിര്‍മ്മാണം നടത്തിയിട്ടും അതൊന്നും അറിഞ്ഞില്ലെന്ന നിലപാടിലാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. തമിഴ്‌നാടിന്റെ ഈ ശ്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

ഇടുക്കി ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ അടിയന്തരമായി ഈ വിഷയം കൊണ്ടുവരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ് പറഞ്ഞു. മൂന്നാര്‍ വനം വന്യജീവി വകുപ്പ് വാര്‍ഡന്‍ ജി.പ്രസാദ്, അസി. വാര്‍ഡന്‍ പി.എം.പ്രഭു, സംസ്ഥാനജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവ കനാല്‍ നിര്‍മ്മാണസ്ഥലത്തെത്തി പരിശോധന നടത്തി.

അനധികൃത കനാല്‍ നിര്‍മ്മാണത്തെക്കുറിച്ച് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ കോയമ്പത്തൂര്‍ ഡി.എഫ്.ഒ. പെരിയസ്വാമി സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചു തടഞ്ഞത് നേരിതോതിലുള്ള സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ രംഗം ശാന്തമാക്കുകയായിരുന്നു.