അസമിനേയും അരുണാചലിനെയും ബന്ധിച്ച് ബ്രഹ്മപുത്രയ്ക്കു കുറുകേ 9.15 കിലോമീറ്റര്‍ നീളമുള്ള വിസ്മയം; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ‘ധോല-സാദിയ’ ഉദ്ഘാടനത്തിനു തയ്യാറായി

single-img
16 April 2017

ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും വലിയ പാലം ധോലസാദിയ ഇനി അതിര്‍ത്തി സംസ്ഥാനങ്ങളായ അസമിനും അരുണാചല്‍ പ്രദേശിനും സ്വന്തം.ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാലമാണ് പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.പക്ഷേ ഉദ്ഘാടനത്തിയ്യതി ഇതുവരെ പ്രഖ്യാപിപിച്ചിട്ടില്ല. നിലവില്‍ മുംബൈ കടലിന് മുകളിലൂടെയുള്ള ബാന്ദ്രവോര്‍ലി പാലമാണ് ഏറ്റവും നീളം കൂടിയത്. ഇതിനേക്കാള്‍ 30 ശതമാനം വലുതാണ് ധോലസാദിയ പാലം.

ബ്രഹ്മപുത്ര പോഷക നദിയായ ലോഹിത് നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന്റെ നീളം 9.15 കിലോമീറ്റര്‍ ആണ്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 54ം കിലോമീറ്റര്‍ അകലെയുള്ള സാദിയയിലാണ് പാലത്തിന്റ തുടക്കം. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.പാലം തുറയ്ക്കുന്നതോടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള യാത്രാ സമയം 4 മണിക്കൂര്‍ ലഭിക്കാം.

പാലം വരുന്നതോടെ സൈന്യത്തിനും ഏറെ ഗുണകരമാകും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലേക്ക് സൈന്യത്തിന് വളരെ എളുപ്പത്തിലെത്താന്‍ സാധിക്കുംം.ടാങ്കുകള്‍ക്ക് സഞ്ചരിക്കാന്‍ പാകത്തിനാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.നിലവില്‍ സൈന്യം അരുണാചലിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ടിന്‍സുകിയ വഴി ടാങ്കുകള്‍ക്ക് പോകാന്‍ തക്ക ബലമുള്ള പാലങ്ങള്‍ ഈപ്രദേശത്ത് വേറെയില്ല.

2011ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള റോഡ് ബന്ധം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2015ല്‍ കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ധോലസാദിയ പാലവും ഈ പാക്കേജില്‍പെടുന്നു.