പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കരുതെന്നു സിപിഐയോടു കോടിയേരി; ഞങ്ങള്‍ക്കും സര്‍ക്കാരിനോട് അതാണ് പറയാനുള്ളതെന്നു കാനം രാജേന്ദ്രന്‍

single-img
15 April 2017

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ശത്രുവര്‍ഗത്തിന്റെ കുത്തിത്തിരുപ്പുകളെ ഒന്നിച്ച് നിന്നാണ് നേരിടാനുള്ളതെന്നും പരസ്യവിമര്‍ശനം ഉന്നയിച്ച് സിപിഐ പ്രതിപക്ഷത്തിന് വഴിയൊരുക്കരുതെന്നും കോടിയേരി പറഞ്ഞു. ഭരണമുന്നണിയിലെ പ്രധാന കക്ഷി തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കുന്നത് പോലെയാകുമെന്നും ഇത്തരം ദുരനുഭവങ്ങള്‍ മുന്‍കാലങ്ങളില്‍ ഒത്തിരി ഉണ്ടായിട്ടുണ്ടെന്നു ഓര്‍ക്കണമെന്നും കോടിയേരി പഞ്ഞു.

കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കാന്‍ ഇടതു നേതാക്കള്‍ ജാഗ്രത പാലിക്കണമെന്നും വിവാദ വിഷയങ്ങളില്‍ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സ്വന്തം രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുകയാണ്. യുഎപിഎയുടെ കാര്യത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും വ്യക്തമായ നിലപാടുമുണ്ട്. പി.ജയരാജന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ യുഎപിഎയ്ക്ക് ഇരകളാണ്. യുഎപിഎ എന്ന കരിനിയമം അനാവശ്യമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് തന്നെയാണ് പാര്‍ട്ടി നയം. വസ്തുതകള്‍ മനസിലാക്കാതെയാണ് ഇക്കാര്യത്തില്‍ കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്- കോടിയേരി പറഞ്ഞു.

നക്‌സല്‍ വര്‍ഗീസ് വധവുമായി നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ മരിച്ച സംഭവത്തെ താരതമ്യം ചെയ്യരുതെന്നും കോടിയേരി പറഞ്ഞു. അത് ഒരു വ്യാജ ഏറ്റമുട്ടലല്ല എന്നുള്ളത് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജിഷ്ണു കേസില്‍ സര്‍ക്കാരിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്താതെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നുവെന്നും മഹിജയ്ക്കും ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയെ നേരില്‍ കാണാമായിരുന്നും അദ്ദേഹം പറഞ്ഞു. പോലീസ് ആസ്ഥാനത്ത് മഹിജ സമരം ചെയ്യാന്‍ എത്തിയതോടെയാണ് സ്ഥിതിഗതികള്‍ മാറിയതെന്നും കോടിയേരി പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബം പോലീസ് നടപടിയെക്കുറിച്ച് മുഖ്യമന്ത്രിയോട് ചില പരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ പരിശോധിച്ച് വീഴ്ച സംഭവിച്ചുവെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും പത്രസമ്മേളനത്തില്‍ മകാടിയേരി ഉറപ്പു നല്‍കി. ജിഷ്ണു കേസിലെ പ്രതികള്‍ക്കെല്ലാം മുന്‍കൂര്‍ ജാമ്യം നല്‍കിയത് ഹൈക്കോടതിയാണ്. സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായി ഒരുനിലപാടും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് തന്നെയാണ് സിപിഎമ്മിന്റെ നയമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും പിന്നോട്ടുപോവില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. പക്ഷേ വര്‍ഷങ്ങളായി കുടിയേറി പാര്‍ക്കുന്ന ജനങ്ങള്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്ന നിലപാട് പാര്‍ട്ടിക്കുണ്ട്. അതേസമയം കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. എന്നാല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരെ തടയുന്ന രീതി ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചതില്‍ തെറ്റില്ല. അദ്ദേഹം കേന്ദ്രത്തില്‍ വലിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളയാളാണെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്ന കാര്യം പരിഗണിച്ചാല്‍ ഉദ്യോഗസ്ഥരെ ആരെയും ഒരു സ്ഥാനത്തേക്കും നിയോഗിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

കോടിയേരിയുടെ പത്രസമ്മേളനത്തിന് മറുപടിയുമായി കാനം രാജേന്ദ്രനും രംഗത്തെത്തി. ചര്‍ച്ചകളിലൂടെ ഇടതുപക്ഷം മുന്നോട്ട് പോകണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും ഏത് തരം ചര്‍ച്ചയ്ക്കും സിപിഐ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്നാണ് തങ്ങളുടെയും ആവശ്യമെന്നും ആയുധം നല്‍കാതിരിക്കാന്‍ സര്‍ക്കാരും ഘടകകക്ഷികളും ഒരുപോലെ ശ്രമിക്കണമെന്നും കാനം പറഞ്ഞു.

ചില സന്ദര്‍ഭങ്ങളില്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരുമെന്നും അത് ഇനിയും പറയും. മുന്നണിയെ നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില കാര്യങ്ങള്‍ പറയേണ്ടി വന്നത്. സര്‍ക്കാറിനെ ശക്തിപ്പെടുത്താനാണ് സിപിഐ അന്നും ഇന്നും ശ്രമിച്ചത്. പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ കഴിയുന്ന ഒരു വാക്കോ പ്രവൃത്തിയോ സിപിഐയില്‍ നിന്ന് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് മുതലാളികളുടെ മുഖമാണെന്ന് പറഞ്ഞിട്ടില്ല. ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടാകുമ്പാള്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരും- കാനും പത്രസമ്മേളനത്തില്‍ പറഞ്ഞു.