ഒരുമാസം മാത്രം പ്രായമായ മണിപ്പൂരിലെ ബിജെപി മന്ത്രിസഭയില്‍ പൊട്ടിത്തെറി; ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു: സഖ്യകക്ഷിയായ എന്‍പിപി പിന്തുണ പിന്‍വലിച്ചേക്കും

single-img
15 April 2017

മണിപ്പൂരിലെ ബിജെപി മന്ത്രിസഭയില്‍ പൊട്ടിത്തെറി. ഒരുമാസം മാത്രം പ്രായമായ മന്ത്രിസഭയില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു. തന്റെ വകുപ്പില്‍ മുഖ്യമന്ത്രി അനാവശ്യമായി കൈകടത്തുവെന്ന ആരോപണം ഉന്നയിച്ചാണ് ജയന്തകുമാര്‍ രാജി പ്രഖ്യാപിച്ചത്.

സഖ്യകക്ഷിയായ എന്‍പിപിയുടെ മന്ത്രിയാണ് ജയന്തകുമാര്‍. നാല് എംഎല്‍എമാരുള്ള എന്‍പിപിയുടെ സഹായം കൂടി നേടിയാണ് മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ജയന്തകുമാര്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. പിന്നാലെ മുഖ്യമന്ത്രി രാഷ്ട്രീയ സാഹചര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ ഡല്‍ഹിക്ക് പുറപ്പെട്ടു.

തന്റെ അനുമതിയില്ലാതെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഒക്‌റാം ഇബോംചയെ മുഖ്യമന്ത്രി പുറത്താക്കിയതാണ് ജയന്തകുമാറിനെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് ഒരുകുറ്റവും ചുമത്താതെ അച്ചടക്ക നടപടിയുടെ പേരില്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് ജയന്തകുമാറിന്റെ പരാതി. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുകയും രാജിയിലേക്കു നയിക്കുകയുമായിരുന്നു.

മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗിന്റെ അടുത്ത ബന്ധുവായിപ്പോയതാണ് ഇയാള്‍ക്കുള്ള അയോഗ്യതയെന്നാണ് ആരോഗ്യമന്ത്രി വെളിപ്പെടുത്തുന്നത്. തുടര്‍ന്നു രാജിക്കാര്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഡല്‍ഹിക്കു തിരിച്ചു. തന്നെ മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തിയതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ തന്റെ വകുപ്പുകളിലെ മുഖ്യമന്ത്രിയുടെ അനാവശ്യ ഇടപെടലുകള്‍ കാരണം ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും ജയന്തകുമാര്‍ രാജിക്കത്തില്‍ പറയുന്നു.

പുതിയ സംഭവവികാസങ്ങളെ തുടര്‍ന്നു എന്‍പിപി പിന്തുണ പിന്‍വലിക്കുമെന്നു സൂചനകളുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.