പൊതിരെ തല്ലിയതിനുശേഷം ജീപ്പിന് മുന്നില്‍ കെട്ടി വെച്ച് ഒമ്പത് ഗ്രാമങ്ങളിലൂടെ പരേഡ് നടത്തി; കശ്മീരില്‍ സൈന്യം ജീപ്പിന്റെ ബോണറ്റിന് മുമ്പില്‍ കെട്ടിവെച്ച് കൊണ്ടുപോയ ഭീതി നിറഞ്ഞ നിമിഷങ്ങളെ കുറിച്ച് ഫറൂഖ് ദര്‍

single-img
15 April 2017

കശ്മീര്‍: നാലു മണിക്കൂറോളം ജീപ്പിന്റെ ബോണറ്റില്‍ കെട്ടിവെച്ചുകൊണ്ട് പ്രകടനം നടത്തിയ സൈന്യത്തിന്റെ കൊടും ക്രൂരതയ്ക്കിരയായ ഫറൂഖ് ദര്‍ എന്ന യുവാവ് പ്രതികരണവുമായി രംഗത്ത്.തന്റെ ജീവിതത്തില്‍ ഇന്നുവരെ ആരേയും താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നു പറഞ്ഞ 26 കാരനായ ഫറൂഖ്, ബോണറ്റില്‍ കെട്ടിവെച്ചുകൊണ്ട് നാല് മണിക്കൂറോളം നേരം സൈന്യത്തില്‍ നിന്നും നേരിട്ട കൊടും യാതനകളെക്കുറിച്ച് കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് വിവരിക്കുകയുണ്ടായി.

സൈന്യം നാല് മണിക്കൂറോളം ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത് കാരണം വീര്‍ത്തുതടിച്ച കൈയില്‍ ബാന്‍ഡേജ് കെട്ടി കോട്ട്‌ലി ജില്ലയിലെ തന്റെ വീട്ടിലായിരുന്നു ഫറൂഖ് ഉണ്ടായിരുന്നത്. ഏപ്രില്‍ 9ന് രാവിലെ 11 മണി മുതല്‍ നാല് മണിക്കൂറോളം തന്നെ കെട്ടിയിട്ട് സൈന്യം പരേഡ് നടത്തിയതായി അദ്ദേഹം ആരോപിച്ചു.

ഏകദേശം 25 കി.മീറ്ററോളം തന്നെ കെട്ടിവെച്ച് കൊണ്ടുപോയി. ഉത്‌ലിഗാമില്‍ നിന്നും സോന്‍പ, നാജന്‍, ചക്‌പോര, ഹഞ്ചിഗുരോ, റാവല്‍പോര, ഖോസ്‌പോര, അരിസല്‍ എന്നീ ഗ്രാമങ്ങളിലൂടെ പോയ ജീപ് ഹര്‍ദ്പന്‍സോയിലെ സിആര്‍പിഎഫ് ക്യാംപിലാണ് നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഷാളുകള്‍ നെയ്യുന്ന ഒരു തൊഴിലാളിയാണ്. മരപ്പണിയും ചെയ്യാറുണ്ട്. ഇത് മാത്രമാണ് താന്‍ ചെയ്യാറുള്ളതെന്നും ജീവിതത്തില്‍ ഇതുവരെ കല്ലേറ് നടത്തിയിട്ടില്ലെന്നും ഫാറൂഖ് പറഞ്ഞു.

സംഭവത്തില്‍ പരാതി നല്‍കാനൊന്നും താനില്ലെന്നും പാവങ്ങളായ ഞങ്ങള്‍ എന്ത് പരാതിപ്പെടാനാണ്. 75 വയസുള്ള രോഗിയായ അമ്മയ്‌ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. ശരിക്കും ഞാന്‍ പേടിച്ചിരിക്കുകയാണ്. ഞാനൊരു കല്ലേറുകാരനല്ല. പക്ഷെ എന്ത് വേണമെങ്കിലും സംഭവിക്കാമെന്ന സാഹചര്യത്തിലാണെന്നും ഫറൂഖ് പേടിയോടെ പറഞ്ഞു.

ഫറൂഖിന്റെ വാക്കുകളിലൂടെ :

‘കല്ലേറുകാരനല്ല ഞാന്‍. ജീവിതത്തില്‍ ഇതുവരെ ആര്‍ക്കെതിരേയും കല്ലെറിഞ്ഞിട്ടില്ല. ഷാളുകളില്‍ ചിത്രത്തുന്നല്‍ ചെയ്യലാണ് ജോലി. കുറച്ചു മരപ്പണിയും അറിയാം. ഏപ്രില്‍ ഒമ്പതിന് രാവിലെ 11 മണി മുതല്‍ നാല് മണിക്കൂര്‍ നേരം സൈന്യം എന്നെ ജീപ്പില്‍ കെട്ടിവെച്ച് പരേഡ് നടത്തി. ഒമ്പത് ഗ്രാമങ്ങളിലൂടെ 25 കിലോമീറ്റര്‍ ദൂരമായിരുന്നു പരേഡ്. ഞങ്ങള്‍ പാവങ്ങളാണ്. എന്താണ് ഞങ്ങള്‍ പരാതി നല്‍കേണ്ടത്. 75 വയസ്സ് പ്രായമുള്ള അസുഖ ബാധിതയായ അമ്മയ്‌ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. എനിക്ക് ഭയമുണ്ട്. എന്തുവേണമെങ്കിലും എനിക്ക് സംഭവിക്കാം. ഞാന്‍ കല്ലേറുക്കാരനല്ല. അടുത്തിടെ മരിച്ച ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ 17 കിലോ മീറ്റര്‍ അകലെയുള്ള ഗമ്പോരയിലേക്ക് പോകുകയായിരുന്നു ഞാന്‍. മോട്ടോര്‍ സൈക്കിളില്‍ ആയിരുന്നു യാത്ര. മറ്റൊരു മോട്ടോര്‍ സൈക്കിളില്‍ സഹോദരന്‍ ഗുലാമും അയല്‍വാസി ഹിലാല്‍ അഹ്മദും ഉണ്ടായിരുന്നു. ഉത്‌ലിഗമില്‍ തെരഞ്ഞെടുപ്പിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ കണ്ടപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി. അതാണ് എനിക്ക് പറ്റിയ വലിയ തെറ്റ്. മോട്ടോര്‍ സൈക്കിളില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പേ ഇടവഴികളില്‍ നിന്നും സൈന്യം ഇരച്ചെത്തി. അവര്‍ എന്നെ പൊതിരെ തല്ലി ജീപ്പിന് മുന്നില്‍ കെട്ടി വെച്ച് ഒമ്പത് ഗ്രാമങ്ങളിലൂടെ പരേഡ് നടത്തി. എന്നെ രക്ഷിക്കാന്‍ സ്ത്രീകള്‍ ഓടിയെത്തിയെങ്കിലും ആകാശത്തേക്ക് വെടിയുതിര്‍ത്ത് സൈന്യം അവരെ ഓടിപ്പിച്ചു. ജീപ്പിന് മുന്നില്‍ അവര്‍ എന്നെ കെട്ടിവെച്ചു. എന്റെ നെഞ്ചില്‍ ഒരു വെള്ള പേപ്പറും കെട്ടിവെച്ചിരുന്നു. പേപ്പറില്‍ എഴുതിയ എന്റെ പേരു മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. പരേഡിനിടെ ‘നിങ്ങളുടെ ആളുകള്‍ക്കെതിരെ കല്ലെറിയാന്‍ വരൂ’ എന്ന് ജീപ്പിലെ സൈനികര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. പരേഡ് കണ്ട് ഭയന്ന് വിറച്ച ജനങ്ങളെല്ലാം ഓടി. ആരോടെങ്കിലും ഒരക്ഷരം മിണ്ടിയാല്‍ വെടിവെക്കുമെന്ന് സൈന്യം എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഖോസ്‌പോരില്‍ വെച്ച് ചില ആളുകള്‍ എന്നെ വിട്ടയക്കണമെന്ന് സൈന്യത്തോട് അപേക്ഷിച്ചു. ‘അതിന് കഴിയില്ല, ഇവന്‍ കല്ലേറുക്കാരനാണ്’ എന്നായിരുന്നു അവര്‍ക്കുള്ള സൈന്യത്തിന്റെ മറുപടി. പരേഡിനൊടുവില്‍ റെയാരിയിലെ രാഷ്ട്രീയ റൈഫിള്‍സ് ക്യാംപില്‍ മൂന്ന് മണിക്കൂര്‍ ഇരുത്തിയ ശേഷം വൈകീട്ട് 7.30ന് ഗ്രാമ മുഖ്യനൊപ്പമാണ് എന്നെ വിട്ടയച്ചത്. ക്യാംപില്‍ ആരും തന്നെ ചോദ്യം ചെയ്തില്ല. മര്‍ദ്ദനവുമുണ്ടായില്ല.’

കശ്മീരില്‍ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോഴും സംയമനം പാലിക്കുന്ന ജവാന്‍മാരുടെ വീഡിയോ വൈറലായതിനു പിന്നാലെയാണ് യുവാവിനെ മനുഷ്യകവചമാക്കിയുള്ള ഈ പുതിയ വീഡിയോ പുറത്തുവന്നിരുന്നത്. വീഡിയോയില്‍ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പൊലീസില്‍ നിന്നും സൈന്യത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. വിവാദ വീഡിയോ പരിശോധിച്ചു വരുകയാണെന്നും കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു.