അച്ഛനും അപ്പൂപ്പനുമൊക്കെയായിട്ടും ഞാന്‍ ഇപ്പോഴും വെട്ടിക്കാട്ട് ശിവന്റെ മോനാണ്; അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ബാലചന്ദ്രമേനോന്‍

single-img
15 April 2017

അച്ഛനുമായി തനിക്കുണ്ടായിരുന്ന ബന്ധത്തിന്റെ കഥ പറഞ്ഞ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിഷുവിനോടനുബന്ധിച്ച് ചെയ്്ത പോസ്റ്റിലാണ് പിതാവുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ മേനോന്‍ അനുസ്മരിക്കുന്നത്.

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാനും എന്റെ അച്ഛനും ഒത്തുള്ള ഒരു അപൂര്‍വ്വമായ ഫോട്ടോ ആണിത്
എന്നോ ഒരിക്കല്‍ അബദ്ധത്തില്‍ ഒരു സവാരിക്കുപോയപ്പോള്‍ വരദ എടുത്തതാണ്.
‘ മോന്റെ തോളത്തൊന്നു കൈ വെച്ച് നിന്നേ ..’ എന്ന് അമ്മ പറഞ്ഞതിന്റെ പേരില്‍ മാത്രം സംഭവിച്ചുപോയതുകൊണ്ടാണ് ആ നില്‍പ്പിനു ഒരു സുഖം ഇല്ലാതെ പോയത്.
അച്ഛനും ഞാനും അത്തരത്തിലുള്ള പങ്കാളികളായിരുന്നു. ഒന്നേ ഉള്ളുവെങ്കിലും ഉലക്ക കൊണ്ട് അടിച്ചു വളര്‍ത്തണമെന്നും മക്കളോട് സ്‌നേഹം പരസ്യമായി കാണിച്ചാല്‍ അവര്‍ പിഴച്ചു പോകുമെന്നും ഉള്ള ധാരണയില്‍ അച്ഛന്‍ എന്നെ കണ്ണുരുട്ടിയും അകറ്റി നിര്‍ത്തിയും വളര്‍ത്തി. എന്നാലും എനിക്കച്ഛനെ ഇഷ്ട്ടമായിരുന്നു . വല്ലപ്പോഴുമൊരിക്കല്‍ ഒന്നാം ക്ലാസുകാരനായ എന്നെ അച്ഛന്‍ കുളിപ്പിക്കുന്‌പോള്‍ കറുത്ത രോമം നിറഞ്ഞ അച്ഛന്റെ മുഖം ഞാന്‍ അടുത്തു കണ്ടു. തറവാട്ടില്‍ ഏവര്‍ക്കും ഞാന്‍ ‘ശിവന്റെ മോന്‍ ‘ ആയിരുന്നു. അച്ഛന്റെ ജോലിസ്ഥലത്ത് ഞാന്‍ ‘മാസ്റ്ററുടെ മകന്‍’ ആയി വിലസി. അപൂര്‍വ്വമായെങ്കിലും അച്ഛന്റെ കൈയും പിടിച്ചു റെയില്‍വേ പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോള്‍ ഓടുന്ന ട്രയിന്‍ എല്ലാം അച്ഛന്റെ സ്വന്തം വകയാണെന്നു ഞാന്‍ വിശ്വസിച്ചു.എല്ലാവര്‍ക്കുമെന്നപോലെ എനിക്കുമുണ്ട് ഒരച്ഛന്‍ എന്ന തോന്നല്‍ എന്നെ അഭിമാനിയാക്കി.
എന്നാല്‍ അച്ഛന്റെ മര്‍ദ്ദനമുറകള്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എന്റെ മനസ്സില്‍ ആദ്യമായി വെറുപ്പിന്റെ വിത്തുകള്‍ വിതച്ചു. അച്ഛനുള്ളപ്പോള്‍ ഞാന്‍ കഴിവതും നേരിട്ടുള്ള കണ്ടുമുട്ടലുകള്‍ ഒഴിവാക്കി. സ്വതവേ വീരശൂരപരാക്രമിയായ ഞാന്‍ അച്ഛന്റെ സാന്നിധ്യത്തില്‍ ‘മണവും ഗുണവും’ ഇല്ലാത്ത ഒരു…ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ ഒരു ‘ബഡുക്കൂസാ’യി മാറി. അച്ഛന്‍ വീട്ടില്‍ ഇല്ലായിരുന്നെങ്കില്‍ എന്ത് രസമായേനെ എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി. ഏപ്രില്‍ 18 ന്റെ ഷൂട്ടിങ് വേളയില്‍ ഇക്കഥ കേട്ട ഭാരത് ഗോപി പറഞ്ഞു.
‘മേനോന്‍ ഇത്രയല്ലേ മോഹിച്ചുള്ളു ? ഞാന്‍ ആ പ്രായത്തില്‍ എന്നും ശാര്‍ക്കര അമ്പലത്തില്‍ പോയി തേങ്ങ അടിക്കുമായിരുന്നു എന്റെ അച്ഛന്‍ ഒന്ന് ചത്തു കിട്ടാന്‍…’
അപ്പോഴാണ് എനിക്കു മനസ്സിലായത് ആ തലമുറയിലെ അഛന്മാര്‍ അത്തരക്കാരായിരുന്നു എന്ന് .
ഇന്ന് അച്ഛന്‍ മക്കളുടെ സുഹൃത്തായിരിക്കുന്നു . അച്ഛനോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്കുണ്ടായിരിക്കുന്നു.
എന്റെ ഒരു സുഹൃത്തിന്റെ മകന്‍ അങ്ങോരോട് ചോദിക്കാതെ ഒരു നാഗാലാന്‍ഡുകാരിയെ കെട്ടാന്‍ തീരുമാനിച്ചു .കല്യാണത്തിന് ഒരാഴ്ചക്ക് മുന്‍പ് നാഗാലാന്‍ഡില്‍ നിന്ന് മകന്റെ ഫോണ്‍ വന്നു .
‘കല്യാണമാണ്..അച്ഛന്‍ വരുന്നെങ്കില്‍ പറഞ്ഞാല്‍ ടിക്കറ്റ് എടുത്തയക്കാം …’
‘എന്ത് തീരുമാനിച്ചു ?’ ഞാന്‍ ചോദിച്ചു
‘എന്ത് തീരുമാനിക്കാനാ? പോവുക തന്നെ നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ ആവശ്യമല്ലേ ? സ്റ്റേജില്‍ ഒരു മൂലയില്‍ നിന്ന് ഒരു ഫോട്ടോ എങ്കിലും എടുക്കാമല്ലോ ‘
സിനിമയില്‍ വന്നതിനു ശേഷം ഞാന്‍ എന്റെ അച്ഛനെപറ്റി സിനിമാക്കാര്‍ പറഞ്ഞു കേട്ട് തുടങ്ങി..
‘നിങ്ങള്‍ ശിവന്റെ മകനാണോ ? കൊള്ളാം. ശിവന്‍ ഒന്നാം തരാം നടനായിരുന്നു.എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് . റയില്‍വേയില്‍ ജോലിക്കു പോകുന്നതിനു ഞങ്ങള്‍ എതിരായിരുന്നു ….’തിക്കുറിശ്ശി ചേട്ടന്‍ പറഞ്ഞു .
‘ഈ ഇരിക്കുന്ന ബാലചന്ദ്ര മേനോന്റെ അച്ഛന്‍ ശിവന്‍ എന്ന ശിവശങ്കരപ്പിള്ള എന്റെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു . ബോംബേയില്‍ കുറേനാള്‍ ഞാന്‍ ശിവന്റെ കൂടെ താമസിച്ചവനാ ..ഒരു തികഞ്ഞ കലാകാരനായിരുന്നു ശിവന്‍ …’രാമു കാര്യാട്ട് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് തൃശൂര്‍ സമ്മേളനത്തില്‍ വെച്ച് ശങ്കരാടി ചേട്ടന്‍ പ്രസംഗിച്ചു .
പറഞ്ഞു .
എന്നാല്‍ ഒരിക്കല്‍ പോലും അച്ഛന്‍ എന്നോട് ഇക്കാര്യങ്ങള്‍ പങ്കുവെച്ചിട്ടില്ല . എന്താണ് കാരണമെന്നും എനിക്കറിയില്ല .
80 കളില്‍ എന്റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാനായി കുറച്ചു പിള്ളേര്‍ പിരിവിനായി അച്ഛനാരെന്നറിയാതെ ആഫീസില്‍ ചെന്നു. അച്ഛന്‍ അവരോടു പറഞ്ഞു :
‘ഒറ്റ പൈസ ഞാന്‍ തരില്ല കാരണം ഞാന്‍ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല ..’
രാത്രിയില്‍ ഈ വര്‍ത്തമാനം അമ്മയോട് പറഞ്ഞു അച്ഛന്‍ അട്ടഹസിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട് ..
കൂടുതല്‍ അറിഞ്ഞു തുടങ്ങിയതോടെ ഞാന്‍ അച്ഛനെ ഏറെ സ്‌നേഹിച്ചു തുടങ്ങി.
ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ലോകരെല്ലാം എന്നെ വിളിച്ചു അഭിനന്ദിച്ചപ്പോഴും അച്ഛന്‍ ഒരക്ഷരം എന്നോട് പറഞ്ഞില്ല . എന്നാല്‍ അമ്മയോട് പറഞ്ഞതായി ഞാന്‍ അറിഞ്ഞു .
‘കുറെ കാലമായല്ലോ സിനിമ എടുക്കാന്‍ തുടങ്ങിയിട്ടു ? അവസാനം റെയില്‍ വേ തന്നെ വേണ്ടി വന്നു ഒരു അവാര്‍ഡ് കിട്ടാന്‍ അല്ലെ ?’
ഞാന്‍ ഉള്ളില്‍ പൊട്ടിച്ചിരിച്ചു ….
സമാന്തരങ്ങള്‍ എന്ന തിരക്കഥ പുസ്തകമായപ്പോള്‍ അതിനു അവതാരിക അച്ഛനാണ് എന്റെ ആഗ്രഹം പോലെ എഴുതി തന്നത്. അതില്‍ അച്ഛന്‍ എനിക്കായി ഒരു വരി കുറിച്ചു :
‘എന്റെ മകന്‍ എല്ലാവരും ബാലചന്ദ്ര മേനോന്‍ എന്ന് വിളിക്കുന്ന ചന്ദ്രന്‍ ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്നതുകൊണ്ടു അവന്റെ ഭാവിയില്‍ എനിക്ക് തീരെ ആശങ്ക ഇല്ലായിരുന്നു ..’
അന്ന് അച്ഛനെ ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞു …
42 ദിവസം അബോധാവസ്ഥയില്‍ തിരുവനതപുരം കിംസ് ആശുപത്രിയില്‍ കിടന്നാണ് അച്ഛന്‍ മരിക്കുന്നത്. എല്ലാ ദിവസവും ആ കിടക്കക്കരികില്‍ കുറച്ചു നേരമെങ്കിലും ഇരിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നത് എന്റെ മനസ്സിന്റെ സമാധാനം .
ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും അച്ഛന്റെ മരണവും വിഷുവും തമ്മില്‍ എന്ത് ബന്ധമെന്ന് .
പറയാം…
വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന വിഷു എനിക്ക് പ്രിയങ്കരമായിരുന്നു കണി കാണാന്‍ എന്നെ കിടക്കയില്‍ നിന്ന് ഉണര്‍ത്തി കൊണ്ടുപോകുന്നത് അച്ഛനായിരുന്നു . ഞാന്‍ അച്ഛന്‍ ആയതിനു ശേഷവും അച്ഛന്‍ സുഖമില്ലാത്തതാകുന്നത് വരെയും ആ ശീലം അഭംഗുരം തുടര്‍ന്നു .എന്റെ കണ്ണുകള്‍ തന്റെ കൈപ്പത്തികളില്‍ പൊതിഞ്ഞു അച്ഛന്‍ നടക്കുമ്പോഴാണ് അച്ഛന്റെ ശരീരത്തില്‍ ഞാന്‍ സ്വാതന്ത്ര്യമായി ഒന്ന് തൊടുന്നത് തന്നെ .അച്ഛന്റെ ശരീരത്തിന്റെ ഗന്ധം ഇപ്പോഴും എനിക്കോര്‍ക്കാണ് കഴിയുന്നു ..
നാളെ കണികാണാനുള്ള ഒരുക്കങ്ങള്‍ വരദ നടത്തുന്നു. ഞാന്‍ അറിയാതെ എന്റെ അച്ഛനെ ഓര്‍ത്ത് പോകുന്നു ..ആ ഓര്‍മ്മകളെ എനിക്ക് ഒഴിവാക്കാനാവില്ല .
അച്ഛനായിട്ടും അപ്പൂപ്പനായിട്ടും ഞാന്‍ ഇപ്പോഴും ‘ വെട്ടിക്കാട്ട് ശിവന്റെ മോനാണ് അല്ലെങ്കില്‍ ‘മാസ്റ്ററുടെ മകനാണ്’
അതാണ് എനിക്കും ഇഷ്ട്ടം.
നാളെ കണി കാണുമ്പോള്‍ എനിക്ക് എന്റെ അച്ഛന്റെ ശരീരത്തിന്റെ ഗന്ധം കിട്ടും . ആ ത്രില്ലിലാണ് ഞാന്‍ …
that’s ALL your honour !

ഞാനും എന്റെ അച്ഛനും ഒത്തുള്ള ഒരു അപൂർവ്വമായ ഫോട്ടോ ആണിത് എന്നോ ഒരിക്കൽ അബദ്ധത്തിൽ ഒരു സവാരിക്കുപോയപ്പോൾ വരദ…

Posted by Balachandra Menon on Thursday, April 13, 2017