അംബേദ്കർ രാഷ്ട്രീയത്തെ അപഹരിച്ച് പിന്നോക്കവിഭാഗങ്ങളെ പാട്ടിലാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെ അസ്വസ്ഥരാക്കുന്ന അംബേദ്കർ വചനങ്ങൾ

single-img
15 April 2017

ഭരണഘടനാശില്‍പ്പിയും ദളിത്പക്ഷരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനുമായ ഡോ ഭീം റാവു അംബേദ്കറിന്റെ 126-ആം ജന്മദിനം ആഘോഷമായി കൊണ്ടാടാനും അതുവഴി പിന്നോക്കവിഭാഗങ്ങളെ കൂടെനിര്‍ത്താനും ബിജെപിയും ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരും മുന്‍നിരയില്‍ത്തന്നെ ഉണ്ടായിരുന്നു. അംബേദ്കറേയും ഹിന്ദുത്വരാഷ്ട്രീയത്തേയും കൂട്ടിക്കുഴയ്ക്കാനും ദളിത്പക്ഷ രാഷ്ട്രീയ ഭൂമികയില്‍ അധിനിവേശം നടത്താനുമുള്ള ശ്രമങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ ശക്തികള്‍ അംബേദകറേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും വായിച്ചാല്‍ തീര്‍ച്ചയായും അസ്വസ്ഥരാകും. ബിജെപിയെയും സംഘപരിവാറിനേയും അസ്വസ്ഥരാക്കാന്‍ പര്യാപ്തമായ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില അംബേദ്കര്‍ വചനങ്ങളിവയാണു:

 

ഹിന്ദൂയിസവും ജാതിവ്യവസ്ഥയും

 • പ്രഥമികമായി നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം ഹിന്ദു സമൂഹം എന്നതു ഒരു കെട്ടുകഥയാണു എന്നതാണു. ഹിന്ദു എന്ന പേരു തന്നെ വൈദേശികമാണു. തദ്ദേശീയരെ തങ്ങളില്‍ നിന്നും വേര്‍തിരിച്ചുകാണാന്‍ മുഹമ്മദീയര്‍ നല്‍കിയ നാമമാണു ഹിന്ദു എന്നത്. മുഹമ്മദീയര്‍ വരുന്നതിനു മുന്നേയുള്ള ഒരു സംസ്കൃത പുസ്തകത്തിലും ഈ പേരില്ല. അത്തരമൊരു പൊതുവായ നാമത്തിന്റെ ആവശ്യകത അവര്‍ക്കു സ്വയം തോന്നിയിരുന്നില്ല എന്നതാണു വാസ്തവം. ഈ സമൂഹം അത്തരത്തില്‍ ഒറ്റസമുദായമായല്ല നിലനിന്നിരുന്നത് എന്നതുതന്നെയാണു അതിന്റെ കാരണം. ഹിന്ദു എന്നൊരു സമൂഹം ഒരിക്കലും നിലനിന്നിട്ടില്ല. അതു പല ജാതികളുടെ ഒരു കൂട്ടമായിരുന്നു. ഓരോ ജാ‍തിയും അതിന്റെ നിലനില്‍പ്പിനെക്കുറിച്ച് മാത്രം ബോധമുള്ളവയാണു. ജാതികള്‍ സംയുക്തമായി ഒരുമുന്നണി ഉണ്ടാക്കുക സാധ്യമല്ല. ഒരുജാതിവിഭാഗത്തിനു മറ്റൊന്നിനോട് യാതൊരു ആഭിമുഖ്യമോ കൂറോ ഉണ്ടാക്കുക സാധ്യമല്ല. അത്തരമൊരു ഒത്തൊരുമയുണ്ടാകുന്ന ഒരേയൊരു സന്ദര്‍ഭം ഹിന്ദുമുസ്ലീം ലഹളകളാണു.ബാക്കിയെല്ല സന്ദര്‍ഭങ്ങളിലും ഓരോ ജാതിയും സ്വയം ഒറ്റപ്പെട്ട തുരുത്തുകളായി തുടരാന്‍ ആഗ്രഹിക്കുന്നവരാണ്.
 • ഇന്ത്യയിലെ ജാതിഹിന്ദുക്കളോട് നിങ്ങൾ മോശം മനുഷ്യരാണെന്നും നിങ്ങളുടെ ആ പ്രത്യേകത ഇന്ത്യയിലെ മറ്റു ജനങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനും അപകടമുണ്ടാക്കുമെന്നും ഹിന്ദുക്കളെ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഞാന്‍ വളരെയധികം സംതൃപ്തനായിരിക്കും.
 • ഒരു ജാതിഹിന്ദുവിനെ സ്വഭാവഗുണമുള്ള മനുഷ്യനാക്കുവാന്‍ വേണ്ടി ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അയാൾ വെറുതേ സമയവും ഊര്‍ജ്ജവും പാഴാക്കുകയാണു എന്നാണ് എന്റെ അഭിപ്രായം.
 • ഹിന്ദുവേതര വിഭാഗങ്ങള്‍ക്കിടായിലും ജാതി ഉണ്ടെങ്കിലുംഹിന്ദുക്കളുടെയിടയില്‍ നിലനില്‍ക്കുന്നത് പോലെ പ്രാധാന്യമുള്ള ഒന്നല്ല അത്. ഒരു മുഹമ്മദീയനോടോ സിഖ് മത വിശ്വാസിയോടോ നിങ്ങള്‍ ആരാണെന്നു ചോദിച്ചുനോക്കൂ. അവര്‍ പറയും ഞാനൊരു മുഹമ്മദന്‍ വിശ്വാസിയാണെന്നു, അല്ലെങ്കില്‍ സിഖുമതവിശ്വാസിയാണെന്ന്. അയാള്‍ അയാളുടെ ജാതി പറയില്ല. അതു പറയേണ്ടതുണ്ടെന്നു നിങ്ങള്‍ക്ക് തോന്നുകയുമില്ല. അയാള്‍ക്കു ജാതിയുണ്ടാവാം. താനൊരു മുസ്ലീം ആണെന്നു പറയുന്നയാളോട് അയാള്‍ സുന്നിയാണോ ഷിയ ആണോ , ഷേയ്ക്ക് ആണോ, ഖതിക് ആണോ പിഞ്ചാരിയാണോ എന്നൊന്നും നമ്മള്‍ തുടര്‍ന്നു ചോദിക്കില്ല. താനൊരു സിഖുമത വിശ്വാസിയാണെന്നു പറയുന്നയാളോട് അയാള്‍ ജാട്ട് ആണോ മസ്ദയാണോ റോദയാണോ രാംദാസ് ആണോ എന്നൊന്നും നമ്മള്‍ ചോദിക്കില്ല. എന്നാല്‍ ഒരാള്‍ താന്‍ ഹിന്ദുവാണെന്നു മാത്രം പറഞ്ഞാല്‍ ആ ഉത്തരം നമ്മളേ തൃപ്തരാക്കില്ല. അയാളുടെ ജാതികൂടി ചോദിക്കേണ്ടിവരും. എന്തുകൊണ്ട്? കാരണം ഹിന്ദുവിന്റെ കാര്യത്തിൽ അത്യന്താപേക്ഷിതമാണു. അതുകൂടി അറിയാതെ അയാളുടെ അസ്തിത്വം നിങ്ങള്‍ക്ക് ബോധ്യപ്പെടുകയില്ല.
dadri killing

മുഹമ്മദ് അഖ്ലാഖ്

ഭക്ഷണം

 • സസ്യഭോജനസമ്പ്രദായമെന്നത് മനസ്സിലാക്കാന്‍ എളുപ്പമാണു. മാംസാഹാരസമ്പ്രദായവും അങ്ങനെ തന്നെ. എന്നാല്‍ ഒരു മാംസാഹാരി ഒരു പ്രത്യേകതരം മാംസത്തെ മാത്രം എതിര്‍ക്കുന്നതിലെ യുക്തി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണു. ഗോമാംസത്തിന്റെ കാര്യം തന്നെ. ഇതിലെ വൈചിത്ര്യം വിശദീകരിക്കപ്പെടേണ്ട ഒന്നാണു.
 • ഒരുകാലത്ത് ബ്രാഹമണരും അബ്രാഹ്മണരുമായ എല്ലാ ഹിന്ദുക്കളും സാധാരണ ഇറച്ചിമാത്രമല്ല ബീഫും കഴിച്ചിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
 • സസ്യാഹാരസമ്പ്രദായത്തിലൂടെ (അഹിംസ) ബുദ്ധഭിക്ഷുക്കള്‍ക്കു ലഭിച്ച മേല്‍ക്കോയ്മ തട്ടിയെടുക്കാന്‍ വേണ്ടി മാത്രമാണ് ബ്രാഹ്മണര്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തി സസ്യാഹാരികളായത്.

ഹൈന്ദവ ദേശീയത:

 • ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ അത്യാഹിതമായിരിക്കും അത്. ഹിന്ദുക്കള്‍ എന്തൊക്കെപ്പറഞ്ഞാലും ഹിന്ദൂയിസം എന്നത് സമത്വത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനുമെല്ലാം ഭീഷണിയാണു. അതു ജനാധിപത്യവിരുദ്ധമാണു. ഹിന്ദുരാഷ്ട്രം എന്ന സങ്കലപ്പത്തെ എന്തുവിലകൊടുത്തും എതിര്‍ക്കണം.
 • മുസ്ലീങ്ങള്‍ ഹിന്ദുരാഷ്ട്രത്തിനെതിരായും ഹിന്ദുമഹാസഭയ്ക്കെതിരായും ബഹളമുണ്ടാക്കുന്നുണ്ട്. പക്ഷേ ആരാണു ഈ സ്ഥിതിവിശേഷത്തിനു കാരണം? മുസല്‍മാന്മാര്‍ മുസ്ലീം ലീഗ് ഉണ്ടാക്കിയതിലൂടെ വന്നുചേര്‍ന്ന അനിവാര്യമായ പ്രതിഭാസങ്ങളാണു ഹിന്ദുമഹാസഭയും ഹിന്ദുരാഷ്ട്രസങ്കല്‍പ്പവും. അവ പരസ്പരപൂരകങ്ങളാണു. മുസ്ലീം ലീഗിനെ ഇല്ലായ്മ ചെയ്തു ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പൊതുവായ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നതാണു ഹിന്ദുരാഷ്ട്രം എന്ന ഭൂതത്തെ കുഴിച്ചുമൂടാനുള്ള മാര്‍ഗ്ഗം. അല്ലാതെ വിഭജനമല്ല.
 • ഇന്ത്യയുടെ ചരിത്രം എന്നത് ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുള്ള ഒരു രക്തരൂഷിതമായ സംഘര്‍ഷത്തിന്റെ ചരിത്രമാണു.
 • ഞാന്‍ ഒരു ഹിന്ദുവായിട്ടാണു ജനിച്ചതെങ്കിലും ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ലെന്നുറപ്പാണു.

കടപ്പാട്: ഹഫിംഗ്ടണ്‍ പോസ്റ്റ്