ഇന്ത്യന്‍ ജനസംഖ്യയുടെ 99 ശതമാനവും ജീവിക്കുന്നത് ഗോസംരക്ഷണനിയമങ്ങളുള്ള പ്രവിശ്യകളിലെന്ന് പഠനറിപ്പോര്‍ട്ട്

single-img
14 April 2017

ഇന്ത്യൻ ജനസംഖ്യയുടെ 99.38 ശതമാനവും ജീവിക്കുന്നത് ഗോസംരക്ഷണനിയമങ്ങൾ നിലനിൽക്കുന്ന പ്രവിശ്യകളിലെന്ന് പഠന റിപ്പോർട്ടുകൾ. ഇന്ത്യാസ്പെൻഡ് എന്ന ഡേറ്റാ ജേർണലിസം വെബ്സൈറ്റ് ആണു ഈ റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്തെ 84 ശതമാനം വരുന്ന പ്രവിശ്യകളിലും (സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും) ഗോവധം ശിക്ഷാർഹമായ കുറ്റമാണെന്നും ഈ റിപ്പോർട്ട് പറയുന്നു.

നിലവിൽ ഗുജറാത്തിലാണു ഗോവധത്തിനു ഏറ്റവും കഠിനമായ ശിക്ഷയുള്ളത്. ഇക്കഴിഞ്ഞ മാർച്ച് 31-ആം തീയതി ഗുജറാത്ത് നിയമസഭ പാസ്സാക്കിയ നിയമപ്രകാരം ഗോവധവും അനുബന്ധ പ്രവൃത്തികളും ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണു. പത്തുവർഷം തടവുശിക്ഷയും കൊല്ലപ്പെട്ട മൃഗത്തിന്റെ വിലയുടെ അഞ്ചിരട്ടി വരെയുള്ള തുക പിഴയുമായി ജമ്മു കാശ്മീർ ആണു രണ്ടാം സ്ഥാനത്ത്. ഹരിയാന, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും ഇത്തരത്തിൽ കഠിനമായ ശിക്ഷകളോടെ ഗോവധത്തിനു തടയിടുന്നുണ്ട്.

കേരളവും സിക്കിമുമാണു നിലവിൽ ഏറ്റവും അയഞ്ഞ ഗോസംരക്ഷണനയങ്ങളുള്ള സംസ്ഥാനങ്ങൾ. പത്തുവർഷത്തിൽക്കൂടുതൽ പ്രായമുള്ള പശുക്കളെ മാത്രമേ കശാപ്പ് ചെയ്യാൻ പാടുള്ളൂ എന്നു കേരളത്തിൽ നിയമമുണ്ട്. അതിൽക്കുറവ് പ്രായമുള്ള പശുക്കളെ കശാപ്പ് ചെയ്താൽ ആയിരം രൂപ പിഴയാണു ശിക്ഷ. സിക്കിമിൽ പൊതുസ്ഥലത്ത് കശാപ്പ് നടത്തുന്നത് മാത്രമാണു ശിക്ഷാർഹമായ കുറ്റം. ചെറിയ ഒരു തുക പിഴ മാത്രമാണു ശിക്ഷ.

അനിമൽ ഹസ്ബന്ഡ്രി വിഭാഗത്തിൽ നിന്നുള്ള ഡേറ്റാ ഉപയോഗിച്ചാണു ഇന്ത്യാ സ്പെൻഡ് ഈ പഠനം നടത്തിയത്. ഈ പഠനറിപ്പോർട്ട് പ്രകാരം അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, നാഗലാൻഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഗോസംരക്ഷണത്തിനു യാതൊരു നിയമവും നിലവിലില്ല. ഗോവധനിരോധനം ഭരണഘടനയുടെ ഡയറക്ടിവ് സ്റ്റേറ്റ് പോളിസിയിൽ ഉൾച്ചേർത്തിരിക്കുന്ന ഒന്നാണു. എന്നാൽ കാലിസംരക്ഷണത്തിനെന്ന പേരിലാണു ഈ നയം ഉൾപ്പെടുത്തിയിരിക്കുന്നത്.

ജമ്മു കാശ്മീരിലും മണിപ്പൂരിലും സ്വാതന്ത്ര്യലബ്ധിക്കു മുന്നേതന്നെ ഗോസംരക്ഷണനിയമങ്ങൾ നിലവിലുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1969 വരെയുള്ള കാലഘട്ടത്തിൽ കോൺഗ്രസ്സ് സർക്കാർ പതിനഞ്ച് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലാണു ഗോസംരക്ഷണത്തിനു നിയമം കൊണ്ടുവന്നത്. 1977-79 കാലഘട്ടത്തിലെ ജനതാസർക്കാരിന്റെ കാലത്ത് ഗോസംരക്ഷണം വലിയ ചർച്ചയായിരുന്നു. 1994-നു ശേഷം വിവിധ ബിജെപി സർക്കാരുകൾ പതിനൊന്നു സംസ്ഥാനങ്ങളിൽക്കൂടി ഗോസംരക്ഷണനിയമങ്ങൾ നടപ്പാക്കുകയായിരുന്നു.