വിവാഹിതരായ സ്ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ പേരുമാറ്റേണ്ട എന്ന പ്രധാനമന്ത്രിയുടെ വാദത്തെ ഉയര്‍ത്തിക്കാട്ടുന്നവര്‍ അറിയുക, അങ്ങനെയൊരു നിയമം മുമ്പും ഉണ്ടായിരുന്നില്ല

single-img
14 April 2017

പുരോഗമനമുഖം മൂടിയണിയാൻ വേണ്ടിയുള്ള മോദിയുടെ കള്ളവും പൊളിയുന്നു: വിവാഹിതരായ സ്ത്രീകൾ പാസ്പോർട്ടിൽ പേരുമാറ്റണം എന്നൊരു നിയമം മുൻപും ഉണ്ടായിരുന്നില്ല

പുരോഗമനനാട്യത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ കള്ളവും പൊളിയുന്നു. വിവാഹിതരായ സ്ത്രീകൾക്ക് ഇനി മുതൽ പാസ്പ്പോർട്ടിൽ തങ്ങളുടെ സർനെയിം മാറ്റി ഭർത്താവിന്റെ പേരു വെയ്ക്കേണ്ടതില്ലെന്നാണു മോദി പറഞ്ഞത്. ഇന്ത്യൻ മെർച്ചന്റ്സ് ചേംബേഴ്സിന്റെ വനിതാവിഭാഗത്തെ അഭിസംബോധനചെയ്തു നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണു മോദി ഈ പ്രഖ്യാപനം നടത്തിയത്.
“ഇനിമുതൽ സ്ത്രീകൾക്ക് വിവാഹശേഷം പാസ്പ്പോർട്ടിലെ തങ്ങളുടെ പേരു മാറ്റേണ്ടതില്ല,” എന്നാണു മോദി പറഞ്ഞത്.
മോദിയുടെ ഈ പ്രഖാപനം അദ്ദേഹത്തിന്റെ പുരോഗമനനിലപാടിന്റെ ഭാഗമാണെന്നും മറ്റും സോഷ്യൽമീഡിയായിൽ അദ്ദേഹത്തെ പ്ന്തുണയ്ക്കുന്നവർ ആഘോഷിക്കുകയുണ്ടായി.
എന്നാൽ വിവാഹശേഷം പാസ്പോർട്ടിലെ പേരുമാറ്റണം എന്ന ഒരു നിയമമേ ഉണ്ടായിരുന്നില്ല എന്നാണു രേഖകൾ തെളിയിക്കുന്നത്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഈ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിക്കൊണ്ട് നിരവധി സ്ത്രീകൾ മുന്നോട്ടുവരികയുണ്ടായി.
പാസ്പോർട്ട് സേവാ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്ന, അപേക്ഷ നൽകാനുള്ള നിർദ്ദേശങ്ങളടങ്ങിയ ബുക്ക്ലെറ്റ് പരിശോധിച്ചാൽത്തന്നെ ഇതു ബോധ്യപ്പെടും. പേരുമാറ്റിയവർക്കുള്ള നിർദ്ദേശങ്ങളിൽ ആദ്യത്തെ പേരു എഴുതാൻ പറയുന്നിടത്ത് ‘ അതിനി പേരിൽ ചെറിയ മാറ്റം മാത്രം വരുത്തിയവരായാലും വിവാഹശേഷം സർനെയിം ചേഞ്ച് ചെയ്ത സ്ത്രീകളായാലും ആദ്യത്തെ പേരു പ്രസ്തുത കോളത്തിൽ എഴുതിയിരിക്കണം’ എന്നു പറയുന്നുണ്ട്. എന്നാൽ വിവാഹിതകൾ നിർബ്ബന്ധമായും പേരു മാറ്റിയിരിക്കണം എന്നു എവിടേയും പറയുന്നില്ല. ഇത്തരത്തിൽ പേരുമാറ്റാനുള്ള ഒരു ഓപ്ഷൻ മാത്രമേ നൽകുന്നുള്ളൂ.

ഇതിനെയാണു എല്ലാ വിവാഹിതകളും വിവാഹശേഷം അവരുടെ ഭർത്താവിന്റെ സർനെയിം മാറ്റാൻ നിയമമുണ്ടായിരുന്നു എന്നതരത്തിൽ മോദി അവതരിപ്പിച്ച് കയ്യടി നേടിയത്.
സ്ത്രീപക്ഷനിലപാടുകൾ സ്വീകരിക്കുന്ന പുരോഗമനനായകന്റെ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടു പറഞ്ഞ നുണയാണു ഇപ്പോൾ പൊളിഞ്ഞ് പാളീസായത്.