സമരത്തിലൂടെ എന്തുനേടിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചു; മുഖ്യമന്ത്രിയെ കാണാനില്ലെന്നു വ്യക്തമാക്കി ജിഷ്ണുവിന്റെ അമ്മ മഹിജ

single-img
14 April 2017

മുഖ്യമന്ത്രിയെ കാണാന്‍ ശനിയാഴ്ച എത്തില്ലെന്ന് മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജ. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തങ്ങളെ വേദനിപ്പിച്ചെന്നും അവര്‍ പറഞ്ഞു. അതിനാല്‍ മുഖ്യമന്ത്രിയെ കാണാന്‍ പോകേണ്ടെന്നാണ് തീരുമാനമെന്ന് അവര്‍ അറിയിച്ചു.

സമരത്തിലൂടെ എന്ത് നേടിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇത് തങ്ങളുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. സഹോദരന്‍ ശ്രീജിത്തിനെതിരായ ആരോപണങ്ങളിലും ദുഖമുണ്ടായെന്നും മഹിജ വ്യക്തമാക്കി. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മഹിജ പറഞ്ഞു.

ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. സമരം അവസാനിച്ചതിന് ശേഷം കോഴിക്കോടേക്ക് തിരിക്കുന്നതിന് മുന്‍പായി തന്റെയും ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയെ കാണുകയുളളുവെന്ന് മഹിജ നേരത്തെയും വ്യക്തമാക്കിയിരുന്നു.

പോലീസ് ആസ്ഥാനത്തിന് മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിജ കഴിഞ്ഞ ദിവസം സ്വന്തം നാടായ വടകരയിലേക്ക് പോയിരുന്നു. ശ്രീജിത്തിനെതിരേ മുഖ്യമന്ത്രി ഉന്നയിച്ച സംശയങ്ങളെല്ലാം മഹിജ നേരത്തെ തന്നെ തള്ളിയിരുന്നു.

ഇതിനിടെ നാളെ ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് സിപിഐഎം പൊതുയോഗവും പ്രകടനവും വിളിച്ചിരിക്കുകയാണ്.