പ്രതിഷേധത്തില്‍ ഭയന്ന് പിന്‍മാറുന്ന ആളല്ല ഞാന്‍; മൂന്നാറിനെ കൈയേറ്റക്കാരില്‍ നിന്നും പിടിച്ചെടുത്ത് പഴയ മൂന്നാറാക്കി മാറ്റുമെന്ന് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഉറപ്പ്

single-img
14 April 2017

കൈയേറ്റം ഒഴിപ്പിക്കാന്‍ പൊലീസ് അടക്കമുള്ളവരുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് ദേവികുളം സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍. പ്രതിഷേധം ഭയന്ന് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്നും താന്‍ പിന്മാറില്ലെന്നും മൂന്നാറില്‍ ഒരുവിധ കൈയേറ്റവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നാറില്‍ കൈയേറ്റം ആരുനടത്തിയാലും തടയും. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുക എന്ന റവന്യു ഉദ്യോഗസ്ഥന്റെ കടമ നിറവേറ്റുകയാണ് താന്‍ ചെയ്യുന്നത്. ഏതെങ്കിലും ചിലര്‍ പ്രതിഷേധിച്ചാല്‍ ഭയന്ന് പിന്മാറുന്ന ആളല്ല താന്‍. ഒരാള്‍ മാത്രം വിചാരിച്ചാല്‍ കൈയേറ്റം അവസാനിപ്പിക്കാനാവില്ല. അതിനുവേണ്ടത് കൂട്ടായ ശ്രമമാണ്- ശ്രീറാം പറഞ്ഞു.

കൈയേറ്റം തടയാനെത്തിയവരെ മര്‍ദിച്ചിട്ടും തടഞ്ഞുവെച്ചിട്ടും പൊലീസ് നിഷ്‌ക്രിയരായി നിന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടു നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ദേവികുളത്ത് സര്‍ക്കാര്‍ ഭൂമിയിലെ ഷെഡ് പൊളിച്ചത് ചെറിയൊരു സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണ സേന മുമ്പും കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ട്. പക്ഷേ അപ്പോളൊന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റ ശ്രമം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം ഇത്തരത്തിലൊരു സംഘടിത നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്കാരണം കൊണ്ടാണ് മുന്‍കൂട്ടി പൊലീസ് സംരക്ഷണം തേടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ക്ക് പൊലീസടക്കം മറ്റുവകുപ്പുകളുടെ പിന്തുണ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ശ്രീറാം വ്യക്തമാക്കുന്നു. എന്നാല്‍ ഒഴിപ്പിക്കല്‍ നടപടികളെ അഭിനന്ദിച്ച് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും നടപടിയുമായി മുന്നോട്ട് പോകാനാണ് അദ്ദേഹം നല്‍കിയ നിര്‍ദേശമെന്നും ശ്രീറാം പറഞ്ഞു.

മൂന്നാറില്‍ നിലവിലെ സ്ഥിതി ഗുരുതരമാണ്. നിയമം ശക്തമായി നടപ്പാക്കാത്തതാണ് കൈയേറ്റക്കാര്‍ക്ക് സഹായകമാകുന്നതെന്നും എന്നാല്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ പഴയ മൂന്നാറിനെ വീണ്ടെടുക്കാനാകുമെണന്നും അദ്ദേഹം പറഞ്ഞു.