അടച്ചിട്ട മുറികളില്‍ നടക്കുന്ന രഹസ്യ ചികിത്സ രോഗികളുടെ ബന്ധുക്കളില്‍ ആശങ്കയുണ്ടാക്കുന്നു; ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ സിസി ടിവി നിര്‍ബന്ധമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

single-img
14 April 2017

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളിലെയും തീവ്രപരിചരണ വിഭാഗത്തിലും ഓപറേഷന്‍ തിയേറ്ററുകളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കണമെന്ന് മനുഷ്യാവകാശക്കമ്മീഷന്‍. ഇവിടങ്ങളില്‍ രോഗിക്ക് നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് തത്സമയം ദൃശ്യരൂപത്തില്‍ കാണാന്‍ കഴിയണമെന്നാണ് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹന ദാസിന്റെ നിര്‍ദ്ദേശം.

ഇതിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറിക്കും ആരോഗ്യ, റവന്യൂ, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒരു മാസത്തിനുള്ളില്‍ കമ്മീഷന് സമര്‍പ്പിക്കണം.

ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങള്‍,ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളില്‍ അടച്ചിട്ട മുറികളില്‍ നടക്കുന്ന രഹസ്യ ചികിത്സ രോഗികളുടെ ബന്ധുക്കളില്‍ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ പുതിയ നിര്‍ദ്ദേശം.