വെളിച്ചത്തില്‍ മുങ്ങിക്കുളിച്ച ഇന്ത്യ; അഞ്ചുവര്‍ഷം കൊണ്ടുണ്ടായ മാറ്റം എന്തെന്നുകൂടി കാട്ടിത്തരുന്ന ബഹിരാകാശത്തു നിന്നും പകര്‍ത്തിയ ഇന്ത്യയുടെ രാത്രി ചിത്രങ്ങള്‍ പുറത്തു വിട്ട് നാസ

single-img
13 April 2017

ന്യൂഡല്‍ഹി:കറുപ്പില്‍ രാത്രിവെളിച്ചത്താല്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഇന്ത്യയുടെ മനോഹരങ്ങളായ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ.അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമ്പരപ്പിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ നാസ വീണ്ടും പുറത്തുവിടുന്നത്.

2012ല്‍ പുറത്തുവിട്ട ആ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ഇന്ത്യന്‍ നഗരങ്ങളിലുണ്ടായ വളര്‍ച്ചയും ജനസംഖ്യാ പെരുപ്പവുമൊക്കെ വെളിച്ചത്തിന്റെ വിന്യാസമനുസരിച്ച് പുതിയ ചിത്രത്തില്‍ നിന്നും അനുമാനിച്ചെടുക്കാം.

നാസയുടെ നോവ സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിങ് പാര്‍ട്ടണര്‍ഷിപ്പ് സാറ്റലൈറ്റ് ആണ് ദീപാലംകൃതമാല്‍ നയനമനോഹരമായ ഈ രാത്രി ചിത്രങ്ങള്‍ പകര്‍ത്തിയത്. ഭൂമിയിലെ രാത്രി ദൃശ്യങ്ങള്‍ സൂക്ഷ്മതയോടെ ഒപ്പിയെടുക്കാന്‍ സഹായിക്കുന്ന വിസിബിള്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് റേഡിയോമീറ്റര്‍ സ്യൂട്ട് ആണ് (VIIRS) ഉപഗ്രഹത്തിലെ സെന്‍സര്‍.

പവര്‍ കട്ടിനാലും കൊടുങ്കാറ്റിനാലും ഭൂചലനങ്ങളാലും ഭൂമിയ്ക്കുണ്ടാകുന്ന ഹ്രസ്വ മാറ്റങ്ങള്‍ വരെ ഈ സെന്‍സറിന്റെ സഹായത്തോടെ പകര്‍ത്താന്‍ കഴിയുമെന്ന് നാസയിലെ ഗവേഷകര്‍ പറയുന്നു.