യോഗിരാജ്യത്തെ സദാചാര വിശേഷങ്ങള്‍: യുപിയില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ വീട്ടിനുള്ളില്‍ നിന്നും യുവാവിനെയും യുവതിയേയും പുറത്തിറക്കി വിചാരണ ചെയ്തു മര്‍ദ്ദിച്ചു

single-img
13 April 2017

 

മീററ്റ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ സ്ഥാപിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ഒരു യുവാവിനേയും യുവതിയേയും വീടിനുള്ളില്‍ നിന്നും വലിച്ചിറക്കി വിചാരണ ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. വീടിനുള്ളില്‍ ഇവരെ സദാചാരവിരുദ്ധമായ തരത്തില്‍ക്കണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

മീററ്റിലെ ശാസ്ത്രിനഗര്‍ ഭാഗത്താണു സംഭവമുണ്ടായത്. മീററ്റിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന മുസാഫര്‍നഗര്‍ സ്വദേശിയായ വസീം എന്ന യുവാവിനെയും അയാളുടെ സുഹൃത്തായ യുവതിയേയുമാണു സദാചാരഗുണ്ടകള്‍ ആക്രമിച്ചതു. വിചാരണയ്ക്കും മര്‍ദ്ദനത്തിനും ശേഷം ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് യുവതിയെ താക്കീത് ചെയ്തു വിട്ടയച്ചെങ്കിലും യുവാവിന്റെ പേരില്‍ അസാന്മാര്‍ഗികതയ്ക്ക് കേസ് ചാര്‍ജ്ജ് ചാര്‍ജ്ജ് ചെയ്തതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവാവ് മുസ്ലീമും യുവതി ഹിന്ദുവും ആയതാണു ഹിന്ദു യുവവാഹിനി പ്രവര്‍ത്തക്രെ പ്രകോപിപ്പിച്ചതെന്നു കരുതപ്പെടുന്നു.

“ വ്യത്യസ്തമതങ്ങളില്‍പ്പെട്ട ഒരു യുവാവും യുവതിയും ഒരു വീടിനുള്ളില്‍ അസാന്മാര്‍ഗികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഞങ്ങള്‍ എത്തിയത്. വീടിനുള്ളില്‍ അവരെ സദാചാരവിരുദ്ധമായ രീതിയില്‍ കണ്ടെത്തുകയായിരുന്നു,” ഹിന്ദു യുവവാഹിനി സംസ്ഥാന നേതാവ് നാഗേന്ദ്ര സിംഗ് തോമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2002 ഏപ്രില്‍ മാസത്തില്‍ യോഗി ആദിത്യനാഥ് ആണു ഹിന്ദു യുവവാഹിനി സ്ഥാപിച്ചത്. എട്ടോളം പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം ഭവനങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത മാവു കലാപത്തിനു പിന്നില്‍ ഈ സംഘടനയായിരുന്നു. 2005-ല്‍ നടന്ന ഈ കലാപത്തിനു നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഈ സംഘടനയുടെ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2007 ജനുവരിയില്‍ നടന്ന ഗൊരഖ്പൂര്‍ കലാപത്തിനുപുറകിലും ഈ സംഘടനയായിരുന്നു. ഗൊരഖ്പൂര്‍ കലാപത്തിന്റെ പേരില്‍ യോഗി ആദിത്യനാഥിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മുംബൈ-ഗോരഖ്പൂര്‍ റൂട്ടിലോടുന്ന ഗോദാന്‍ എക്സ്പ്രസ്സിന്റെ അഞ്ചു ബോഗികള്‍ക്ക് തീവെച്ചുകൊണ്ടാണു വാഹിനി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഉത്തര്‍പ്രദേശില്‍ ഇത്തരം ഹിന്ദു തീവ്രവാദഗ്രൂപ്പുകള്‍ സ്വയം പ്രഖ്യാപിത നിയമപാലകരും സദാചാരപ്പോലീസുകാരും ആയി മാറിയിരിക്കുകയാണു. ന്യൂനപക്ഷങ്ങള്‍ക്കുനേരേയുള്ള ആക്രമണങ്ങളും സദാചാര പോലീസിംഗും യുപിയില്‍ നിത്യസംഭവങ്ങളായിരിക്കുകയാണു.