രാജ്യത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വന്‍ മുന്നേറ്റം; സ്വന്തം മണ്ഡലത്തില്‍ അപ്രസക്തമായി ആംആദ്മി

single-img
13 April 2017

രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ഒരു ലോകസഭാ മണ്ഡലത്തിലേക്കും 10 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ലീഡ് നേടി ബിജെപി കുതിക്കുകയാണ്.

പുറത്തു വന്ന ഫലങ്ങളില്‍ ഹിമാചല്‍ പ്രദേശിലെ ബൊരാഞ്ചില്‍ ബി.ജെ.പിയുടെ അനില്‍ ധിമാന്‍ 8433 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രൊമിള ദേവിയെയാണ് ധിമാന്‍ തോല്‍പിച്ചത്. 1990 മുതല്‍ ബിജെപിയുടെ കുത്തക മണ്ഡലമാണ് ബെരാഞ്ച്. ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബിജെപിക്ക് ആത്മവിശ്വാസം പകര്‍ന്ന് വിജയം തേടിയെത്തിയത്.

സംസ്ഥാനത്തെ മറ്റു നാലിടത്ത് ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ രജൗറി ഗാര്‍ഡനില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. സിറ്റിങ് സീറ്റില്‍ മൂന്നാം സ്ഥാനത്താണ് ആം ആദ്മി. നിലവിലെ വോട്ടിംഗ് നിലവച്ചു നോക്കുകയാണെങ്കില്‍ ആം ആദ്മിക്കു കെട്ടിവച്ച കാശും നഷ്ടമാകുന്ന നിലയിലാണ്.

ഡല്‍ഹിയില്‍ എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 19,557 വോട്ടും കോണ്‍ഗ്രസിന് 15972 വോട്ടുമാണ് ലഭിച്ചത്. സിറ്റിങ് സീറ്റില്‍ മത്സരിച്ച ആപ്പ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് 3848 വോട്ട് മാത്രമാണ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തിലെ രണ്ട് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നില്‍. നഞ്ചന്‍കോട്, ഗുണ്ടല്‍പേട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് കിട്ടിക്കഴിഞ്ഞു. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നഞ്ചന്‍കോട് മണ്ഡലത്തില്‍ 15972 വോട്ടിന്റെ വന്‍ ലീഡ് കോണ്‍ഗ്രസ് നേടിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകത്തിലെ ഫലം കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

രാജസ്ഥാനിലെ ദോല്‍പ്പൂര്‍, മധ്യപ്രദേശിലെ അത്തേറിലും, ബണ്ടാവഗഡിലും, ഹിമാചലിലെ ബൊരാഞ്ചിലും അസമിലെ ദേമാജിലും ബിജെപിയാണ് മുന്നില്‍ നില്‍ക്കുമ്പോള്‍ പശ്ചിമബംഗാളിലെ കാന്തി ദക്ഷിണിലില്‍ തൃണമൂല്‍ ലീഡ് നേടിക്കഴിഞ്ഞു.