സ്ത്രീയാണെന്നു കരുതി ശിക്ഷായിളവിന് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി; പുതിയലോകം സ്ത്രീ സമത്വത്തിന്റേത്

single-img
13 April 2017

ന്യൂഡല്‍ഹി: സ്ത്രീ ആണെന്ന കാരണത്താല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിന് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രതി സ്ത്രീയായതിന്റെ പേരില്‍ ശിക്ഷാ ഇളവ് നല്‍കിയ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ ഉത്തരവ്.

ഹിമാചല്‍ പ്രദേശ് കോടതി രണ്ട് വര്‍ഷം തടവും 2000 പിഴയും വിധിച്ച കേസില്‍ പ്രതിയായ സ്ത്രീ, താന്‍ സ്ത്രീയാണെന്നും മൂന്ന് കുട്ടികളുടെ അമ്മയാണെന്നും ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ ഇളവ് ചെയ്തിരുന്നു. ഈ നടപടിയെ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

നേരത്തെ സുപ്രീം കോടതിയുടെ നിരീക്ഷണ പ്രകാരം സ്ത്രീകളുടെ ശിക്ഷ വിധിക്കുമ്പോള്‍ പരിഗണനായാവാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ നീരീക്ഷണത്തെയാണ് ഇപ്പോള്‍ മാറ്റിയത്. പുതിയ ലോകം സ്ത്രീ സമത്വത്തിന്റേതാണെന്നും അതിനാല്‍ ശിക്ഷ വിധിക്കുമ്പോളും തുല്യമായി പരിഗണിക്കണമെന്ന കാഴ്ചപ്പാടിലാണ് സുപ്രീം കോടതിയുടെ പുതിയ പരാമര്‍ശം.