വൈകിയെത്തിയതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ് കര്‍ണ്ണപടം തകര്‍ന്ന അസീസിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടിനുമുണ്ട് കണ്ണീരിന്റെ നനവുള്ള ചില പഴയ ഓര്‍മ്മകള്‍

പരിപാടി അവതരിപ്പിക്കാന്‍ വൈകിയെത്തിയതിന്റെ പേരില്‍ മിമിക്രി താരം അസീസ് നെടുമങ്ങാടിനെ സംഘാടകര്‍ തല്ലിച്ചതച്ചതച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്നു ചെവിയുടെ കര്‍ണ്ണ പടം തകര്‍ന്ന അസീസിന് 6 മാസത്തെ പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനെതിരെ സിനിമാ- മിമിക്രി വേദികളില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉഇയര്‍ന്നിരിക്കുന്നത്.

പരിപാടി അവതരിപ്പിക്കാന്‍ വൈകിയെത്തിയതിന്റെ പേരില്‍ നേരത്തെ ബുക്ക് ചെയ്‌തെത്തുന്ന കലാകാരന്മാരോടുള്ള സംഘാടകരുടെ നീചമായ ഈ ക്രൂരകൃത്യം ഇതാദ്യമായല്ല. മിമിക്രിയിലൂടെ കലാരംഗത്ത് പിച്ചവെച്ച് ഇപ്പോള്‍ സിനിമയുടെ പ്രശസ്തിയില്‍ നില്‍ക്കുന്ന നിരവധി കലാകാരന്മാര്‍ അസീസിനു മുമ്പേ ഈ ക്രൂരതയ്ക്ക് ഇരയായിട്ടുള്ളവരാണ്. വൈകിയെത്തിയതിന്റെ പേരിലും, പറഞ്ഞുറപ്പിച്ച തുക കിട്ടാതാവുമ്പോള്‍ ചോദ്യം ചെയ്യുന്നതിന്റെ പേരിലും നിരവധി പേരാണ് സംഘാടകരുടെ ഇത്തരം ക്രൂരവിനോദങ്ങള്‍ക്ക് ഇരയായിട്ടുള്ളത്.

മിമിക്രി വേദികളൂടെ ചലചിത്ര രംഗത്തേക്കു കടന്ന് വന്ന് നൂറിലേറെ സിനിമകളില്‍ അഭിനയിച്ച് മൂന്ന് തവണ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ സുരാജ് വെഞ്ഞാറമൂടും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അസീസിനെ ആക്രമിച്ച വിവരമറിഞ്ഞ് സുരാജും അജു വര്‍ഗ്ഗീസും ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ സുരാജ് ഇത്തരത്തിലുള്ള ഒരുപാട് കയ്‌പേറിയ അനുഭവങ്ങള്‍ സംഘാടകരില്‍ നിന്നുണ്ടായിട്ടുള്ളതായി വെളിപ്പെടുത്തിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ‘വെഞ്ഞാറമൂട് കഥകള്‍ ‘ എന്ന പുസ്തകത്തിലാണ് കോട്ടയത്തും തിരുവനന്തപുരത്തും കൊല്ലത്തും പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ സംഘാടകരില്‍ നിന്നും നേരിട്ട ദുരനുഭങ്ങളെക്കുറിച്ച് വിവരിക്കുന്നത്.

കോട്ടയം പാലായ്ക്കു സമീപമുള്ള പുല്ലിച്ചിറ പള്ളിപ്പെരുന്നാളിന് പരിപാടി അവതരിപ്പിക്കാന്‍ വൈകിയെത്തിയ സുരാജിനെ മുഖത്തും നെഞ്ചത്തും ചെരിപ്പെറഞ്ഞായിരുന്നു സംഘാടകരും കാണികളും വരവേറ്റത്. വൈകിയെത്തിയതിന് കൃത്യമായ കാരണം ബോധിപ്പിച്ചെങ്കിലും സംഘാടകരുടെ കലി അവിടംകൊണ്ടും തീര്‍ന്നിരുന്നില്ലെന്ന് അനുഭവക്കുറിപ്പില്‍ അദ്ദേഹം പറയുന്നു.

പരിപാടി കഴിഞ്ഞതോടുകൂടി ദുരിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായിരുന്നു. ഒരു വ്യക്തിയോടും ചെയ്യാന്‍ പാടില്ലാതത്തത്ര ക്രൂരതയയാരുന്നു പിന്നീടവര്‍ ചെയ്തത്. വിശന്നുവലഞ്ഞിരിക്കുന്ന സുരാജിനും ടീമംഗങ്ങള്‍ക്കും ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് സ്‌പോണ്‍സറുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു സംഘാടകര്‍. തങ്ങളുടെ മുമ്പില്‍ വെച്ച് ട്രൂപ്പിലുള്ളവര്‍ക്കും മറ്റു നൂറോളം പേര്‍ക്കും ഭക്ഷണം നല്‍കി സുരാജിനെ പട്ടിണിക്കിട്ട് ‘രസിക്കുക’യായിരുന്നു അവര്‍. അതു മാത്രമല്ല പരിപാടിക്കു പ്രതിഫലമായി ഒരു ചില്ലിക്കാശു പോലും നല്‍കാതെ ‘പുല്ലിച്ചിറക്കാരോടു കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന്’ പറഞ്ഞ് ഭീഷണിപ്പെടുത്തി ഓടിച്ചുവിടുകയും ചെയ്തു.

തിരുവനന്തപുരത്തും കൊല്ലത്തുമായി ഉണ്ടായതും ഇതിനു സമാനമായ അനുഭവങ്ങള്‍ തന്നെയാണ്. ഈ രണ്ടു സ്ഥലങ്ങളിലും പരിപാടി അവതരിപ്പിക്കേണ്ടുന്നതിന്റെ മൂന്ന് ദിവസം മുമ്പാണ് മറ്റൊരു പരിപാടിക്കിടെ വെടിമരുന്ന് പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ കണ്ണില്‍ ചീളുകേറുന്നതും ആരോഗ്യ നില മോശമായി കടുത്ത പനി പിടിപെടുന്നതും. താന്‍ ആശുപത്രിയിലാണെന്നും പരിപാടി മാറ്റിവെക്കണമെന്നും അല്ലെങ്കില്‍ തനിക്കു പകരം വേറെ ആളെ വിടാമെന്ന് പറഞ്ഞ് നോക്കിയെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും സംഘാടകര്‍ തയ്യാറല്ലായിരുന്നു. അവസാനം അവരുടെ പിടിവാശിക്ക് വഴങ്ങി സ്വയം കൈത്തണ്ടയിലെ ഡ്രിപ്പ് മാറ്റി കണ്ണിലെ കെട്ടഴിച്ച് പാതിരാത്രി ഡോക്ടര്‍ അറിയാതെയാണ് അദ്ദേഹം പരിപാടി അവതരിപ്പിക്കുന്ന സ്ഥലത്തെത്തുന്നതും തുളച്ചുകേറുന്ന വേദനയ്ക്കിടയിലും പരിപാടി അവതരിപ്പിച്ച് കാണികളെ ചിരിപ്പിക്കുന്നതും.

ഇതിന്റെ കിതപ്പടങ്ങും മുമ്പ് തന്നെ കൊല്ലം മയ്യനാട് ക്ഷേത്രവളപ്പില്‍ പരിപാടി അവതരിപ്പിക്കുന്നതിനായി അങ്ങോട്ടേക്ക് യാത്ര ചെയ്യേണ്ടിവന്നു. ക്ഷീണിതനായി മയ്യനാട് ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും പരിപാടി തുടങ്ങേണ്ട സമയം അതിക്രമിച്ചിരുന്നു. കാണികളെല്ലാവരും അക്ഷമരായിരുന്നു. ഇതിനിടയില്‍ കുടിക്കാന്‍ അല്‍പം വെള്ളം പോലും നല്‍കാതെയാണ് സംഘാടകര്‍ സുരാജിനെയും ടീമംഗങ്ങളെയും സ്‌റ്റേജിലേക്ക് തള്ളിക്കയറ്റിയത്. സാധാരണയായി കരാര്‍പ്രകാരമുള്ള മുഴുവന്‍ പണവും വാങ്ങാതെ ഒരു ഗ്രൂപ്പും സ്റ്റേജില്‍ കയറുകയില്ല. എന്നാല്‍ സമയം വളരെ വൈകിയെന്നും എത്രയും പെട്ടെന്ന് പരിപാടി തുടങ്ങേണ്ടതുണ്ടെന്നും ഇടവേളയില്‍ പണം നല്‍കാമെന്നുമുള്ള വാക്കും വിശ്വസിച്ചാണ് സുരാജിന്റെ ട്രൂപ്പായ ഡിസ്‌കവറി സ്റ്റേജില്‍ കയറുന്നത്.

പക്ഷേ പരിപാടിക്കൊടുവില്‍ കര്‍ട്ടന്‍ വീഴുമ്പോള്‍ അമ്പലപ്പറമ്പ് ശൂന്യം. തലേന്ന് ബാഡ്ജും കുത്തി നടന്നിരുന്ന ഒരുത്തനെയും അവിടെങ്ങും കാണാന്‍ കഴിഞ്ഞില്ല. കമ്മിറ്റി ഓഫീസിലേക്കു ചെന്നപ്പോള്‍ അതിനു താഴിട്ടിരിക്കുന്ന നിലയിലായിരുന്നു.ചുരുക്കിപ്പറഞ്ഞാല്‍ സംഘാടകര്‍ ഒരു പൈസപോലും നല്‍കാതെ വഞ്ചിച്ചു മുങ്ങുകയായിരുന്നു.

ഇത് പരാതിപ്പെടാനായി കൊല്ലം പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍ എന്ന അവസ്ഥയായിരുന്നു. പലതവണ വിളിച്ചന്വേഷിച്ചിട്ടും പരാതി കൊടുത്തത് മിച്ചം എന്നല്ലാതെ പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു മറുപടിയും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.

ഇത്തരത്തില്‍ കലയെ നെഞ്ചോടുചര്‍ത്ത് സംഘാടകരുടെ ആട്ടും തുപ്പും കേട്ട് പറഞ്ഞുറപ്പിച്ച പണം നല്‍കാതെ ശാരീരിക മര്‍ദ്ദനംവരെ ഏറ്റുവാങ്ങുന്ന കല ഉപജീവനമാഗര്‍മായി സ്വീകരിക്കുന്ന നിരവധി കലാകാരന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. വൈകിയെത്തുന്നതിന് അവര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളുണ്ടാകാം. പക്ഷേ അവരും മനുഷ്യരാണ്. ബുക്ക് ചെയ്താല്‍ സംഘാടകര്‍ക്ക് പരിപാടി അവതരിപ്പിച്ചിരിക്കണം. അതിനിടയില്‍ ആര്‍ട്ടിസ്റ്റിന് എന്തുതന്നെ സംഭവിച്ചാലും അവര്‍ക്ക് വിഷയമല്ല. അസുഖമോ ഒഴിച്ചു കൂടാന്‍ പറ്റാത്ത മരണമോ എന്തുമായിക്കൊള്ളട്ടെ, പരിപാടി ദിവസം അയാള്‍ സ്റ്റേജിലുണ്ടായിരിക്കണം. പകരം മറ്റൊരാളെ വിടാമെന്നു പറഞ്ഞാല്‍ അതിനും തയ്യാറാകില്ല. ഇനി പരിപാടി അവതരിപ്പിച്ചാല്‍ത്തന്നെ അവര്‍ക്ക് ലഭിക്കേണ്ട പ്രതിഫലത്തില്‍പോലും കയ്യിട്ടുവാരി കലാകാരന്മാരുടെ കഞ്ഞിയില്‍ പാറ്റയിടുന്ന സംഘാടകരുടെ ഇത്തരം ചെയ്തികള്‍ ഒരിക്കലും വെച്ച് പൊറുപ്പിക്കാനാവില്ല- സുരാജ് ഓര്‍മ്മക്കുറിപ്പില്‍ വ്യക്തമാക്കുന്നു.