മതവും ജാതിയുമൊന്നുമല്ല, മനുഷ്യത്വമാണ് വലുത്; അപരിചിതനായിരുന്ന ഷാജുവിന് സ്വന്തം വൃക്ക നല്‍കിക്കൊണ്ട് സിസ്റ്റര്‍ മെറിന്‍ അതു തെളിയിച്ചിരിക്കുകയാണ്

single-img
12 April 2017

ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ നോക്കാതെയുള്ള ഈ ത്യാഗം പുതുജീവന്‍ നല്‍കിയത് ഒരു കുടുംബത്തിനാണ്. കൊല്ലം നിലമേല്‍ ആഴാന്തക്കുഴിത്തോട്ടത്തില്‍ ഷാജുവിന് വൃക്ക നല്‍കികൊണ്ട് കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യമാണ് സിസ്റ്റര്‍ മെറിന്‍ ലോകത്തിന് നല്‍കുന്നത്. ഇരു വൃക്കകളും തകരാറിലായ 37കാരന്‍ ഷാജുവിന് രക്ഷകയായത് തൃശ്ശൂര്‍ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളില്‍ പ്രധാനാധ്യാപികയായിരുന്ന സിസ്റ്റര്‍ മെറിന്‍ പോളാണ്. സിസ്റ്റര്‍ മെറിന്‍ പോളിന്റെ വൃക്കകളിലൊന്നാണ് ഷാജുവിന് നല്‍കിയത്.

വി.പി.എസ്. ലേക്ഷോര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. യൂറോളജി വിഭാഗം തലവന്‍ ഡോ. ജോര്‍ജ്ജ് പി എബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ്ജ്, ഡോ. വിജയ് രാധാകൃഷ്ണന്‍, അനസ്‌തേഷ്യാ വിഭാഗം തലവന്‍ ഡോ. മോഹന്‍ മാത്യു, നെഫ്രോളജിസ്റ്റ് ഡോ. എബി എബ്രഹാം എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

സ്‌കൂളില്‍ നിന്നും വിരമിക്കുമ്പോള്‍ കുട്ടികള്‍ക്ക് മാതൃകയാകാന്‍ സിസ്റ്റര്‍ മെറിന്‍ എടുത്ത തീരുമാനമാണ് ഒരു വൃക്ക ദാനം ചെയ്യുകയെന്നത്. അങ്ങനെ വൃക്കദാനത്തിലൂടെ മാതൃകയായ ഫാ. ഡേവിസ് ചിറമ്മല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ആകെയുണ്ടായിരുന്ന ഏഴ് സെന്റ് സ്ഥലം വിറ്റ് ചികിത്സയ്ക്ക് ശ്രമിക്കുന്ന ഷാജുവിന്റെ കാര്യമറിഞ്ഞ സിസ്റ്റര്‍ സന്തോഷത്തോടെയാണ് വൃക്കദാനത്തിന് തയ്യാറായത്.

അമ്മയും ഭാര്യയും രണ്ട് സഹോദരങ്ങളും ഉള്‍പ്പെട്ടതാണ് കുഷ്യന്‍ നിര്‍മാണ ജോലിയിലേര്‍പ്പെട്ടിരുന്ന ഷാജുവിന്റെ കുടുംബം. ഷാജുവിന്റെ ഒരു വൃക്ക 16 വര്‍ഷം മുമ്പ് ശസ്ത്രക്രിയ ചെയ്ത് നീക്കിയിരുന്നു. രണ്ടാമത്തെ വൃക്കയും തകരാറിലായതോടെയാണ് മാറ്റിവെയ്ക്കാന്‍ അനുയോജ്യമായ വൃക്ക തേടി അഞ്ച് വര്‍ഷം മുമ്പ് കിഡ്‌നി ഫെഡറേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഷാജുവിന്റെ പേരില്‍ ആരംഭിച്ച പ്രത്യേക ബാങ്ക് അക്കൗണ്ടിലെത്തിയ ധനസഹായം കൊണ്ടാണ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്.