ഒടുവില്‍ ഹൈക്കോടതി പറഞ്ഞു: കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കട്ടെ

single-img
12 April 2017

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കരള്‍ രോഗമാണ് മണിയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി കേസ് ഏറ്റെടുക്കില്ലെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്ക് മണിയുടെ സഹോദരന്‍ പരാതി നല്‍കിയിരുന്നു. മണിയുടെ മരണത്തില്‍ ദുരൂഹത നടന്നിട്ടുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരസെക്രട്ടറി ഉതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

പ്രസ്തുത അന്വേഷണത്തിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ സിബിഐ കേസ് ഏറ്റെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിക്കു മുന്നില്‍ കേസ് എത്തുന്നത്.

തുടര്‍ന്ന് 2017 ഏപ്രില്‍ ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് കലാഭവന്‍മണിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. പിന്നാലെ ഹൈക്കോടതി വിധിയും എത്തുകയായിരുന്നു.