ഏപ്രില്‍ 30നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; ഇല്ലെങ്കില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെടുമെന്ന് ആദായനികുതി വകുപ്പ്
ന്യൂ ഡല്‍ഹി: 2014 ജൂലൈയ്ക്കും 2015 ആഗസ്തിനും ഇടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ ബാങ്കുകളില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടേക്കും. ഏപ്രില്‍ 30ന് മുമ്പായി ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
കെവൈസി, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 30ആണ്. വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നത് സംബന്ധിച്ച എഫ്എടിസിഎ സര്‍ട്ടിഫിക്കേഷനും ഇതോടൊപ്പം നല്‍കണം.ബാങ്കുകള്‍, മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്.
ആധാര്‍ വിവരങ്ങള്‍ വേണ്ട അക്കൗണ്ടുകളുമായി ബാങ്ക് അധികൃതര്‍ ബന്ധപ്പെട്ടേക്കും. തിരിച്ച് മറുപടി ലഭിക്കാതെ വന്നാലാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യലിലേക്കടക്കം കാര്യങ്ങള്‍ നീങ്ങുക. ഇതോടെ ട്രാന്സാക്ഷനുകളൊന്നും സാധ്യമാവില്ലെന്നും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്കി.