ഏഷ്യന്‍ വംശജനായ ഡോക്ററെ അമേരിക്കന്‍ വിമാനത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്തിറക്കി; അമേരിക്കയുടെ വംശീയ അടിയൊഴുക്ക് വ്യക്തമായിത്തുടങ്ങി

single-img
12 April 2017

വാഷിങ്ങ്ടൺ: ഏഷ്യന്‍ വംശജനായ ഡോക്ടറെ വിമാനക്കമ്പനി അധികൃതര്‍ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോ ഒഹാരേ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലൂയിസ്വില്ലെ കെന്റുക്കിയിലേക്ക് യാത്രയാകേണ്ടിയിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 3411 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനോടാണ് ജീവനക്കാര്‍ മനുഷ്യത്വരഹിതമായി പെരുമാറിയത്.

സംഭവത്തിന്റെ വീഡിയോ സഹയാത്രികര്‍ പകര്‍ത്തിയത് പുറത്തായതോടെ ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രതിഷേധമുയരുകയാണ്. മൂക്കില്‍ നിന്നും രക്തമൊലിക്കുന്ന വിധത്തില്‍ ഡോക്ടറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഏപ്രില്‍ ഒമ്പതിനാണ് സംഭവം നടത്.

ഏഷ്യന്‍ വംശജരായ ഡോക്ടറും ഭാര്യയുമാണ് ടിക്കറ്റെടുത്ത് വിമാനത്തില്‍ പ്രവേശിച്ച് ഇരുന്നിട്ടും യാത്രികര്‍ അധികമെന്ന കാരണം പറഞ്ഞു വലിച്ചിഴക്കപ്പെട്ടത്. അധിക ബുക്കിങ് നടന്നതിനാല്‍ ഏതെങ്കിലും നാലു യാത്രികര്‍ സ്വമേധയാ വിമാനത്തില്‍ നിന്നും പുറത്തിറങ്ങണമെന്ന് അധികൃതര്‍ അറിയിച്ചുവെങ്കിലും ആരും അനങ്ങിയില്ല. ഒടുവില്‍ വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രവേശിച്ച അധികൃതര്‍ തന്നെ നേരിട്ട് പുറത്താക്കേണ്ടവരെ തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യന്‍ വംശജനായ ഡോക്ടറോടും ഭാര്യയോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ കൂട്ടാക്കിയില്ല. അടുത്ത ദിവസം തനിക്ക് ജോലിക്ക് പോകേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രകോപിതരാവുകയായിരുന്നു.

സാധാരണ ബുക്കിങ് നടന്നാലും എല്ലാ യാത്രികരും എത്തിച്ചേരാറില്ല. വിമാനത്തിന്റെ വരുമാന നഷ്ടം തടയുന്നതിനാണ് അധിക ബുക്കിങ് അനുവദിക്കുന്നത്. എന്നാല്‍ അധിക ബുക്കിംഗ് മൂലം ടിക്കറ്റ് റദ്ദാക്കിയാല്‍ ആ വിവരം യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചിരിക്കേണ്ടതാണ്. എന്നാല്‍ ഈ സംഭവത്തില്‍ തൊട്ടു മുമ്പ് മാത്രമാണ് യാത്രികരെ വിവരം അറിയിച്ചത്.

പ്രശ്നം ചര്‍ച്ചയായതോടെ ഒരു സുരക്ഷ ജീവനക്കാരനെ അന്വേഷണ വിധേയമായി കമ്പനി അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിക്കാഗോ വ്യോമയാന വകുപ്പ് അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു തൊട്ടു പിന്നാലെ ദിവസേനയെന്നോണം വംശീയധിക്ഷേപ സംഭവങ്ങള്‍ പുറത്തു വരുന്നത് ലോകമൊട്ടാകെ ആശങ്കയോടെയാണ് വീക്ഷിക്കുത്.