ഗതാഗതനിയമങ്ങള്‍ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

single-img
11 April 2017

മസ്‌കറ്റ്: ഗതാഗത നിയമങ്ങള്‍ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ജേ വാക്കിങ് എന്നറിയപ്പെടുന്ന ഇത്തരം പ്രവൃത്തിക്ക് പിടിയിലാകുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. പത്ത് റിയാലാണ് പിഴ ചുമത്തുക.

ജേ വാക്കിങ് നിയമവിരുദ്ധവും അപകടകരവുമായ പ്രവണതയാണെന്ന് ആര്‍.ഒ.പി വക്താവ് പറഞ്ഞു. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ മൂന്നു മാസം തടവുശിക്ഷയടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും. നമുക്ക് ചുറ്റുമുള്ളവരെ അനാവശ്യമായി അപകടത്തിലും ബുദ്ധിമുട്ടിലും കൊണ്ടുപോയി ചാടിക്കുന്നതാണ് ഇത്. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍.ഒ.പി കര്‍ശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം നിയമലംഘകരുടെ ചിത്രങ്ങള്‍ സാധ്യമെങ്കില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് എടുത്ത് കൈമാറാവുന്നതുമാണ്.

ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അഭ്യാസിയെപ്പോലെ റോഡ് മുറിച്ചുകടക്കുന്നവര്‍ റൂവിയിലും മറ്റും പതിവ് കാഴ്ചയാണ്. മേല്‍പാലമുണ്ടെങ്കിലും സമയലാഭം നോക്കി അത് ഉപയോഗിക്കാതെ റോഡ് മുറിച്ചു കടക്കുന്നവര്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം നിരവധി നിയമലംഘകര്‍ക്കെതിരെ നടപടിയെടുത്തതായും ആര്‍.ഒ.പി വക്താവ് അറിയിച്ചു. റോയല്‍ ഡിക്രി 38/2016 പ്രകാരം കാല്‍ നടയാത്രക്കാര്‍ മേല്‍പാലങ്ങള്‍, ടണലുകള്‍, കോറിഡോറുകള്‍, പ്രത്യേകം രേഖപ്പെടുത്തിയ ഭാഗങ്ങള്‍ എന്നിവയിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാന്‍ പാടുള്ളൂ.