പ്രധാനമന്ത്രിയുടെ ഓഫീസിനുമുന്നില്‍ തുണിയുരിഞ്ഞ് തമിഴ്നാട് കര്‍ഷകരുടെ പ്രതിഷേധം

single-img
11 April 2017

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനു മുമ്പില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ചു. ഒരു മാസത്തോളമായി ഡല്‍ഹിയില്‍ സമരം നടത്തി വരുന്നവര്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഭരണ സിരാകേന്ദ്രമായ റെയ്‌സിന ഹില്‍സില്‍ അസാധാരണ സമരമുറ പുറത്തെടുത്തത്.

ഡല്‍ഹിയില്‍ വിരുന്നെത്തിയ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം മോദി അക്ഷര്‍ധാം ക്ഷേത്ര സന്ദര്‍ശനവും മറ്റും നടത്തുന്നതിനിടയിലാണ് കടുത്ത ജീവിത പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ ദുരിതം വിളിച്ചു പറയാന്‍ വേറിട്ട സമരമാര്‍ഗം സ്വീകരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ച് 14 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ചിട്ടയായ സമരം നടത്തിവരുന്നുണ്ട്.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി കഴുത്തില്‍ തൂക്കി ദിവസങ്ങള്‍ പ്രതിഷേധിച്ച അവര്‍, ചത്ത എലിയേയും പാമ്പിനേയുമൊക്കെ വായില്‍ തിരുകിയും തല മൊട്ടയടിച്ചുമൊക്കെ രോഷവും സങ്കടവും പല രീതിയില്‍ പ്രകടമാക്കിയിരുന്നു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവര്‍ പലവട്ടം ശ്രമിച്ചിരുന്നു. തിങ്കളാഴ്ച മോദിയെ കാണാന്‍ അവസരം കിട്ടുമെന്ന ഉറപ്പു ലഭിച്ചതിനെ തുടര്‍ന്ന് ഏഴ് കര്‍ഷകരെ സമരവേദിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചില്ല. പരാതി ഉദ്യോഗസ്ഥരെ ഏല്‍പിച്ച് മടങ്ങുന്നതിനിടയില്‍ ഒരു കര്‍ഷകന്‍ വാഹനത്തില്‍ നിന്നിറങ്ങി തുണിയുരിയുകയായിരുന്നു. തുടര്‍ന്ന് മറ്റു കര്‍ഷകരും തുണിയുരിഞ്ഞ് മുദ്യാവാക്യം വിളിച്ചു. മിനിട്ടുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ നിവേദക സംഘാംഗങ്ങളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

വെള്ളം കിട്ടാതെയും കാലാവസ്ഥ മോശമായതു വഴിയും കൃഷിനശിച്ച കര്‍ഷകരില്‍ 144 പേര്‍ ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. തമിഴ്‌നാടിന് 40,000 കോടിയുടെ കാര്‍ഷിക സഹായമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഏക്കറൊന്നിന് 25,000 രൂപയുടെ സഹായം ആവശ്യപ്പെടുേമ്പാള്‍, സര്‍ക്കാര്‍ ഇതിനകം കുറേപ്പേര്‍ക്ക് 5465 രൂപ എന്ന കണക്കില്‍ സഹായം നല്‍കിയത് കര്‍ഷകരുടെ രോഷം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. യു.പി.യില്‍ ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പ എഴുതിത്തള്ളുമ്പോൾ തന്നെയാണ് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ ഡല്‍ഹി പ്രതിഷേധം ഫലം കാണാതെ തുടരുന്നത്.