തിരുവനന്തപുരം പാലോട്ടെ മദ്യപാനികള്‍ക്ക് പൂവ് ചോദിച്ചപ്പോള്‍ കിട്ടിയത് ഒരു പുക്കാലം; പാണ്ഡ്യന്‍പാറയിലെ വനത്തിനുള്ളില്‍ കുളിര്‍കാറ്റും പക്ഷികളുടെ ശബ്ദവും കേട്ട് അവര്‍ അനുസരണയോടെ മദ്യത്തിനു ക്യൂ നില്‍ക്കുന്നു

single-img
10 April 2017

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ പാലോട് വനമേഖലയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലറ്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. മുമ്പ് പാലോട് ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഔട്ട്‌ലറ്റിന് സുപ്രീം കോടതിയുടെ ഉത്തരവോടെ സ്ഥലം മാറിയതോടെയാണ് മദ്യപാനികളുടെ ഇഷ്ടഇടമായി മാറിയത്. തിരുവനന്തപുരം- തെങ്കാശി സംസ്ഥാനപാതയ്ക്ക് അടുത്തായി പാലോട് ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവ് വന്നതോടെ സമീപത്തുള്ള വനമേഖലയായ പാണ്ഡ്യന്‍പാറയിലെ ഒരു ഓഡിറ്റോറിയത്തിലേക്ക് മാറ്റുൃകയായിരുന്നു. സമീപപ്രദേശത്ത് വനമേഖല കൂടുതലും വീടുകള്‍ കുറവും ആയതിനാല്‍ ഒരു പ്രതിഷേധവും അവിടെ ഉയര്‍ന്നതുമില്ല.

വര്‍ഷങ്ങളായി വിവാഹങ്ങളോ മറ്റു ചടങ്ങുകളോ അധികമൊന്നും നടക്കാറില്ലാത്ത ഓഡിറ്റോറിയം അനാഥമായി കിടക്കുകയായിരുന്നു. ഇതോടെയാണ് ഉടമ മദ്യം വില്‍ക്കാന്‍ വാടകയ്ക്ക് നല്‍കിയത്. ഇവിടേക്ക് എത്തപ്പെടാനുള്ള ബുദ്ധിമുട്ടായിരുന്നു ഓഡിറ്റോറിയത്തെ ജനങ്ങളില്‍ നിന്നും അകറ്റിയത്. എന്നാല്‍ ബിവറേജ് എത്തിയതോടെ സ്ഥലത്തിന്റെ തലവരതന്നെ മാറുകയായിരുന്നു. ഇപ്പോള്‍ വിശാലമായ സൗകര്യങ്ങളുള്ള ഈ ഓഡിറ്റോറിയത്തില്‍നിന്നും മദ്യം വാങ്ങാന്‍ ആയിരങ്ങളാണ് പാലോട്ടേക്ക് ഒഴുകുന്നത്.

എന്തായാലും അനവധി സൗകര്യങ്ങളും പ്രകൃതി ഭംഗിയും ഒത്തുചേരുന്ന പുതിയ ബിവറേജ് മദ്യപാനികള്‍ക്ക്് ഹരമായിക്കഴിഞ്ഞു. അതിര്‍ത്തി പ്രദേശമായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുപോലും മദ്യപാനികള്‍ പാലോട്ടെക്ക് എത്താറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. വിജന പ്രദേശമായതിനാല്‍ ബിവറേജിന്റെ പേരില്‍ ആര്‍ക്കും പരാതിയുമില്ല.