തന്റെ അറസ്റ്റിന് പിന്നില്‍ ലാവലിന്‍ വിഷയത്തിലുള്ള പിണറായിയുടെ വ്യക്തി വൈരാഗ്യം; തന്റെ അറസ്റ്റ് ഭരണഘടനാ ലംഘനമാണെന്നു കെ എം ഷാജഹാന്‍

single-img
10 April 2017

തിരുവനന്തപുരം: തനിക്കെതിരായ പോലീസ് നടപടിയുടെ പിന്നില്‍ പിണറായിയുടെ വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമെന്ന് കെ.എം.ഷാജഹാന്‍. ഡി.ജി.പി ഓഫീസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലാവലിന്‍ വിഷയമായ വൈരാഗ്യമാണ് പിണറായി തീര്‍ക്കുന്നതെന്നും തന്റെ അറസ്റ്റ് ഭരണഘടനാ ലംഘനമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി ലഭിച്ചേ മതിയാകൂ എന്നും വി എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറികൂടിയായ ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു. എല്‍എല്‍ബി പരീക്ഷ എഴുതാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയപ്പോഴാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവിനെ തുടര്‍ന്ന്, പൊലീസ് കസ്റ്റഡിയില്‍ ലോ കോളജിലെ പ്രത്യേക മുറിയിലാണ് അദ്ദേഹത്തിന് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡിജിപി ഓഫിസിനു മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഷാജഹാനു പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.സമരത്തില്‍ തള്ളിക്കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു ഷാജഹാന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലില്‍ അടയ്ക്കുകയായിരുന്നു പോലീസ്.

അന്യായമായി ജയിലടച്ച മകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മയുടെ നിരാഹാരസമരം പുരോഗമിക്കുകയാണ്. ഷാജഹാന്റെ അറസ്റ്റിനു പിന്നില്‍ പിണറായി വിജയന്റെ പകപോക്കലാണെന്നും തങ്കമ്മ ആരോപിച്ചിരുന്നു.