മാനേജ്‌മെന്റിന്റെ പീഡനം; കായംകുളം വെള്ളാപ്പള്ളി കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു

single-img
9 April 2017

കായംകുളം പള്ളിക്കല്‍ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആര്‍ഷ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

കൈഞരമ്പ് മുറിച്ച് ഫാനില്‍ കെട്ടി തൂങ്ങാന്‍ ശ്രമിക്കുകയായിരുന്നു. കോളേജ് കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിന് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ഹോസ്റ്റലിലെ ഉപയോഗത്തിലില്ലാത്ത ഒരു മുറിയില്‍ ലുങ്കിയില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ആര്‍ഷിനെ കണ്ടെത്തിയത്.

വെളുപ്പിന് മൂന്നു മണിക്ക് ബാത്ത് റൂമില്‍ പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ മുറിയില്‍ ശബ്ദം കേട്ടപ്പോള്‍ വാതില്‍ പൊളിച്ച് അകത്തു കയറുകയായിരുന്നു. മുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് ആര്‍ഷിനെ വിദ്യാര്‍ത്ഥികള്‍ കണ്ടത്.

ഹോസ്റ്റലിലെ ഭക്ഷണം മോശമായതു കാരണം പുറത്തുപോയി ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ആര്‍ഷിനെതിരെ നടപടി എടുക്കുമെന്ന് കോളേജ് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി സഹപാഠികള്‍ പറയുന്നു. ഹോസ്റ്റല്‍ മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടതായും പരാതിയുണ്ട്. മാതാപിതാക്കളെ വിളിച്ച് വിദ്യാര്‍ഥിയെപ്പറ്റി പരാതി പറയുന്നതും പതിവാണ്.കോളേജ് ഹോസ്റ്റല്‍ ജയിലിനു സമാനമാണെന്ന് കൊളേജ് വിദ്യാര്‍ഥികള്‍ പറയുന്നു.