മരിക്കാത്ത വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബിജെപി; തങ്ങളുടെ പ്രവര്‍ത്തകര്‍ വാര്‍ത്ത ടിവിയില്‍ കണ്ടെന്ന് വിശദീകരണം

single-img
9 April 2017

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന നടന്‍ വിനോദ് ഖന്നയ്ക്ക് അനുശോചനം അര്‍പ്പിച്ച് ബിജെപി വെട്ടിലായി. മേഖാലയയിലെ ബിജപി നേതൃത്വമാണ് മരിച്ചെന്നു കരുതി വിനോദ് ഖന്നക്ക് അനുശോചനമര്‍പ്പിച്ച് രണ്ട് മിനുറ്റ് നേരം മൗനമാചരിച്ചത്.

എന്നാല്‍ തെറ്റു സംഭവിച്ചുവെന്നു മനസ്സിലാക്കിയതോടെ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബിജെപി ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തി. തങ്ങളുടെ പ്രവര്‍ത്തകര്‍ ടിവിയില്‍ വിനോദ് ഖന്ന മരിച്ചെന്ന് വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് തെറ്റു സംഭവിച്ചുവെന്നാണ് നേതൃത്വത്തിന്റെ ഭാഷ്യം. വാര്‍ത്ത സ്ഥിരീകരിക്കാത്തതാണ് തെറ്റു സംഭവിച്ചതിനു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

സംഭവം നടന്നതില്‍ ക്ഷമ ചോദിക്കുകയാണെന്നും മനതൃത്വം അറിയിച്ചിട്ടുണ്ട്. വിനോദ് ഖന്ന പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപിയായിരുന്നു.

ഇതിനിടെ ഖന്നയുടെ ആരോഗ്യകാര്യത്തില്‍ പുരോഗതിയുണ്ടെന്ന് എച്ച്എന്‍ റിലയന്‍സ് മെഡിക്കല്‍ സെന്റര്‍ ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. നേരത്തെ ആശുപത്രിയില്‍ മക്കളോടൊപ്പം ഉള്ള വിനോദ് ഖന്നയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.