അമീര്‍ഖാന് അവാര്‍ഡു കൊടുത്താല്‍ ചിലപ്പോള്‍ സ്വീകരിക്കില്ല; പുരസ്‌കാരം പാഴാക്കിക്കളയാനില്ല: വിചിത്ര ന്യായവുമായി പ്രിയദര്‍ശന്‍

single-img
8 April 2017

ന്യൂഡല്‍ഹി: അമീര്‍ ഖാന്‍ അവാര്‍ഡ് ലഭിച്ചാലും വാങ്ങില്ലെന്ന് പറഞ്ഞതിനാലാണ് മികച്ച നടനുള്ള പുരസ്‌കാരം നല്‍കാതിരുന്നതെന്ന് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍. അവാര്‍ഡ് കിട്ടിയാലും വാങ്ങില്ലെന്ന് അമീര്‍ അടുത്തിടെ പറഞ്ഞിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ‘താരെ സമീന്‍ പര്‍’ എന്ന ചിത്രത്തിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ അമീര്‍ എത്തിയിരുന്നില്ല. സാധ്യതയുള്ള മറ്റു നടന്‍മാരുള്ളപ്പോള്‍ പുരസ്‌കാരം എന്തിന് പാഴാക്കണം- പ്രിയദര്‍ശന്‍ ചോദിക്കുന്നു.

ദേശീയ അവാര്‍ഡ് ദാനം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയദര്‍ശന്റെ പരാമര്‍ശം. അക്ഷയ് കുമാറിന് അവാര്‍ഡ് നല്‍കിയതില്‍ ഇത്ര ചോദ്യം ചെയ്യാനില്ലെന്നും അത് അര്‍ഹിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ദംഗലിലെ പ്രകടനത്തിന് ധാരാളം അഭിനന്ദനങ്ങളും ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടിയ അമീറിനായിരുന്നില്ലേ കൂടുതല്‍ അര്‍ഹത എന്നായിരുന്നു ചോദ്യം. അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, മനോജ് ബജ്‌പേയ് എന്നിവര്‍ക്ക് അക്ഷയ്കുമാറിനെക്കാള്‍ യോഗ്യത ഇല്ലേയെന്നും അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. 38 പേരടങ്ങിയ ജൂറിയാണ് അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തതെന്നായിരുന്നു മറുപടി.

ആ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ല. കഴിഞ്ഞ വര്‍ഷം പികു എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. രമേഷ് സിപ്പിയായിരുന്നു ജൂറി ചെയര്‍മാന്‍. എന്തുകൊണ്ടാണ് അന്ന് ആരും ചോദ്യം ചെയ്യാതിരുന്നതെന്നും പ്രിയദര്‍ശന്‍ ചോദിച്ചു. 64മാത് നാഷണല്‍ അവാര്‍ഡ് ജൂറി ചെയര്‍മാനായി നിയമിച്ചപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ന്നതായി ചോദ്യകര്‍ത്താവ് ചൂണ്ടിക്കാട്ടി. സത്യജിത് റേയുടെ നിയമനം വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നയിരുന്നു് പ്രിയദര്‍ശന്റെ മറുപടി.