വേനലില്‍ നട്ടം തിരിയുന്ന നാട്ടുകാര്‍ക്കുവേണ്ടി സ്വന്തം കിണറില്‍ നിന്നും ഉണ്ണിഹാജി നല്‍കുന്നത് പ്രതിദിനം 30,000 ലിറ്റര്‍ ജലം; സഹജീവികളുടെ വിഷമമകറ്റാന്‍ സ്വന്തം ലോറിയില്‍ എല്ലാ ദിനവും കുടിവെള്ളമെത്തിക്കുന്ന ഈ നല്ലമനസ്സിനു നല്‍കാം കൈയടി

single-img
8 April 2017

സ്വന്തം നാടിന്റെ ദാഹമകറ്റാന്‍ മലപ്പുറം, പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയായ പോട്ടൂർ കള്ളിവളപ്പില്‍ മുഹമ്മദുണ്ണി എന്ന ഉണ്ണി ഹാജി നല്‍കുന്നത് പ്രതിദിനം 30,000 ലിറ്റര്‍ വെള്ളം. അതും സ്വന്തം വാഹനത്തില്‍ ഇന്ധനം നിറച്ച് ഡ്രൈവുചെയ്താണ് ഹാജി വെള്ളവുമായി നാട്ടുകാര്‍ക്കു മുന്നില്‍ എത്തുന്നത്. തന്റെ വീട്ടുപറമ്പില്‍ കുഴിച്ച കുൃഴല്‍ക്കിണറിലൂടെ ലഭിക്കുന്ന ജലം സഹജീവികള്‍ക്കും വീതിച്ചു നല്‍കി പുതിയൊരു മാതൃകകാട്ടിക്കൊടുക്കുകയാണ് ഉണ്ണിഹാജി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉണ്ണിഹാജി വീട്ടിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കണ്ടെത്താന്‍ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചത്. അതിനായി സ്ഥാനം കണ്ടതും അദ്ദേഹം സ്വന്തമായിത്തന്നെ. കിണര്‍ കുഴിച്ചപ്പോള്‍ നിറയെ വെള്ളവും. കിണര്‍കുഴിക്കുന്നതിനു മുമ്പ് ജലക്ഷാമം നല്ലരീതിയില്‍ അനുഭവിച്ച ഉണ്ണി ഹാജി പിന്നെ മറ്റൊന്നും നോക്കിയില്ല. ജലമില്ലാതെ വിഷമമനുഭവിക്കുന്ന നാട്ടുകാര്‍ക്കുകൂടി ഈ ജലം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

അരതിനായി 5000 ലിറ്ററിന്റെ ടാങ്ക് സംഘടിപ്പിച്ച് അതില്‍ ജലം നിറച്ച് അദ്ദേഹം നാട്ടുകാര്‍ക്കു മുന്നിലെത്തി. തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കുപറയോഗിക്കുന്ന ലോറിയില്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി ഇന്ധനം നിറച്ചാണ് അദ്ദേഹം ഓരോ ദിനവും നാടിനു വേണ്ടി ജലം എത്തിക്കുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയായ പോട്ടൂരില്‍ അങ്ങനെ ഒരര്‍ത്ഥത്തില്‍ ജലദൗര്‍ലഭ്യം ഇല്ലാതായിരിക്കുകയാണ്.

കഴിഞ്ഞ ഒരുമാസമായി പ്രതിദിനം 30,000 ലിറ്റര്‍ വെള്ളമാണ് സ്വന്തംചെലവില്‍ ഉണ്ണിഹാജി നാട്ടുകാര്‍ക്ക് എത്തിച്ചുനല്‍കുന്നത്. അതിപ്പോഴും തുടര്‍ന്നു വരികയാണ്. വട്ടംകുളത്തും പടിഞ്ഞാറങ്ങാടിയിലുമുള്ള പ്രതീക്ഷ ചിക്കന്‍സ്റ്റാള്‍ എന്ന സ്ഥാപനം നടത്തുകയാണ് ഉണ്ണി ഹാജി. രാവിലെ ആരംഭിക്കുന്ന വിതരണം ദിവസവും ആറുതവണ ആവര്‍ത്തിക്കുന്നുണ്ട്. ഈ കടുത്ത വേനലില്‍ അപ്പോള്‍ മാത്രമേ നാടിന്റെ ദാഹം ഒരുവിധം ശമിപ്പിക്കാനാകുന്നുള്ളു.

പോട്ടൂര്‍, ചെര്‍ളശ്ശേരി, വേഴുംകുന്ന്, വെള്ളാളൂര്‍, എരിഞ്ഞിക്കല്‍ റോഡ്, കല്ലടത്തൂര്‍, ചേക്കോട്, കോലത്തുപറമ്പ്, നരിവാളന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹാജിയുടെ തെളിനീരിനുവേണ്ടി ജനങ്ങള്‍ കാത്തുനില്‍ക്കുന്നതു കാണാം. തനിക്കു തിരക്കുള്ള ദിവസം തന്റെ സുഹൃത്തും നാട്ടില്‍ അവധിക്കെത്തിയ പ്രവാസിയുമായ കരുവാരക്കുന്നത്ത് അബ്ദുള്‍കരീം ഉണ്ണിഹാജിയെ സഹായിക്കാനെത്തും.

ജലവലതരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഹാജിയുടെ ചരിത്രം. നിര്‍ധനരായ 24 കുടുംബങ്ങള്‍ക്ക് രണ്ടുവര്‍ഷം മുന്‍പ് നാലുസെന്റ് വീതം സ്വന്തം ഭൂമി ദാനംചെയ്ത വ്യക്തികൂടിയാണ് ഉണ്ണിഹാജി. വരുംകാലങ്ങളില്‍ എന്താവശ്യങ്ങള്‍ക്കും തന്നാല്‍ കഴിയുന്നതുപോലെ മുന്നിലുണ്ടാകുമെന്നും ഹാജി പറയുന്നു. ഹാജി പറയുക മാത്രമല്ല നാട്ടുകാര്‍ക്കും അത് ഉത്തമ ബോധ്യമുണ്ട്.