പ്രവേശന കവാടം പിന്നിലാക്കി, നേരേയുള്ള വഴിയെ വളച്ചൊടിച്ചു; സുപ്രീംകോടതിയുടെ ബിയര്‍പാര്‍ലര്‍ ദൂരപരിധി മറികടക്കുവാന്‍ പറവൂരിലെ ബാര്‍മുതലാളിയുടെ അതിഭയങ്കര ബുദ്ധി

single-img
8 April 2017

സുപ്രീംകോടതി വിധിയെ തുടര്‍ന്നു അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പറവൂരിലെ ബിയര്‍ പാര്‍ലറിനെ രക്ഷിക്കാന്‍ ഉടമസ്ഥന്റെ ‘ഒടുക്കത്തെ ബുദ്ധി’. മെയന്‍ റോഡിനോടു ചേര്‍ന്നുള്ള മുന്‍വാതില്‍ അടച്ചുപൂട്ടി പ്രവേശനം പിന്നിലാക്കുകയും അവിടെയെത്താന്‍ നേരേയുള്ള വഴിയെ വളച്ചൊടിച്ചു നിര്‍മ്മിച്ചുമാണ് ഉടമസ്ഥന്‍ കോടതി നിര്‍ദ്ദേശിച്ച ദൂരപരിധി മറികടക്കാന്‍ ശ്രമിക്കുന്നത്.

പറവൂര്‍ മെയിന്‍ റോഡില്‍ ടി.ബിക്കു മുന്നിലെ പഴയ ബാറാണ് ആരും സ്വപ്‌നത്തില്‍പ്പോലും വിചാരിക്കാത്ത തരത്തില്‍ രൂപം മാറിയത്. ബാറിന്റെ പിന്നിലെ സ്ഥലം ഹെയര്‍ പിന്‍ വളവ് മാതൃകയില്‍ സ്ലാബ് മതില്‍കൊണ്ട് കെട്ടിപ്പൊക്കിയാണ് ഉടമസ്ഥന്‍ ബാറിനകത്തേക്കുള്ള വഴിയൊരുക്കിയിരിക്കുന്നത്.

മുമ്പ് ഈ ബാറിന് മദ്യം വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെ തുടര്‍ന്നു 418 ബാറുകള്‍ പൂട്ടിയ കൂട്ടത്തില്‍ ഇതിനും പൂട്ടുവീണു. പിന്നീട് ഇത് ബിയര്‍ പാര്‍ലറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംസ്ഥാന പാത മുന്നിലൂടെ കടന്നുപോകുന്നതിനാല്‍ ഇപ്പോഴത്തെ കോടതി ഉത്തരവിനെ തുടര്‍ന്നു ഇതും പൂട്ടേണ്ട അവസ്ഥയിലാകുകയായിരുന്നു.

സുപ്രീംകോടതി ഉത്തരവ് വന്നതോടെ ബാറിന്റെ പ്രധാന ഗേറ്റ് അടയ്ക്കുകയും ബോര്‍ഡുകള്‍ നിീക്കം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ബാറിന്റെ പിറകിലെ സ്ഥലത്ത് ബാറുടമകള്‍ ‘വളഞ്ഞ’ വഴിയുടെ പണി തുടങ്ങി. മൂന്നു ഹെയര്‍പിന്‍വളവുകള്‍ പോലെയുള്ള വഴി സ്ലാബ് മതിലുകള്‍കൊണ്ട് ഉണ്ടാക്കുകയും പ്രവേശനകവാടം സ്ഥാപിക്കുകയും ചെയ്തു.

ഈ പണിതീര്‍ന്നതോടെ തത്വത്തില്‍ കോടതി നിര്‍ദ്ദേശിച്ച 500 മീറ്റര്‍ ദൂരപരിധി മറികടന്നു. എന്നാല്‍ ഈ ബിയര്‍ പാര്‍ലറിന്റെ തൊട്ടു കിഴക്കുവശം ഒരു ഗവ. എല്‍പി സ്‌കൂളും മുന്‍വശത്ത് ഒരു ക്ഷേത്രവും നിലവിലുണ്ട്. എന്നാല്‍ ഇവരുടെ ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് ഇല്ലാതായെന്നും പുതിയതിന് അപേക്ഷകള്‍ ഒന്നും തന്നിട്ടില്ലെന്നുമാണ് പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നത്. നഗരസഭ യാതൊരു കാരണവശാലും ലൈസന്‍സ് നല്‍കില്ലെന്ന് ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പും അറിയിച്ചിട്ടുണ്ട്.